Wednesday - 22 April, 2026 4-Dhu al-Qadah-1447

വേർപാട് (1)

   കരിമ്പാറക്കൂട്ടങ്ങൾക്കിടയിലൂടെ നീണ്ടുപോകുന്ന മരുപ്പാത. അകലെ മദീനക്കാരുടെ ഈത്തപ്പനത്തോട്ടങ്ങൾ. അതിനുമപ്പുറം പുണ്യനഗരം, മദീന...


 അബുൽ ആസ് പുണ്യനഗരത്തിലെത്തി. തിരുസന്നിധിയിലേക്കു കുതിച്ചു. ആവേശപൂർവം വിളിച്ചു പറഞ്ഞു:


“അസ്സലാമു അലയ്ക്ക യാ റസൂലല്ലാഹ്...”


 നബിﷺതങ്ങൾ സലാം മടക്കി.

കേട്ടുനിന്നവർക്കാവേശം. വാർത്ത പുറത്തേക്കൊഴുകി. സയ്നബ്(റ)യുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തനിക്കു തന്റെ ഭാര്യയെ തിരിച്ചു കിട്ടുമോ..? ഖൽബു തേങ്ങുന്നു.


“സയ്നബ്... അബുൽ ആസിന്റെ ഭാര്യ തന്നെ.” നബി ﷺ അരുൾ ചെയ്തു. 


 സയ്ബിനെ നബി ﷺ അബുൽ ആസിനെ ഏൽപിച്ചു. വീണ്ടും ദാമ്പത്യം. ഏറെ ദുഃഖങ്ങൾക്കു ശേഷം പുനഃസംഗമത്തിന്റെ സന്തോഷം. അബുൽ ആസ് തന്റെ ഭാര്യയെ പൂർവാധികം, സ്നേഹിച്ചു.

സയ്നബ്(റ) തന്റെ ഭർത്താവിന്റെ മനംമാറ്റത്തിൽ അത്യധികം സന്തോഷിച്ചു...


 ഇപ്പോൾ ആളാകെ മാറിപ്പോയി.

ഇസ്ലാമിന്റെ കർമഭടനാണദ്ദേഹം.

ഏതു കാര്യത്തിനും മുമ്പിൽ തന്നെ. ആ ദമ്പതികൾക്കു രണ്ടു മക്കളുണ്ടായിരുന്നു; ഒരു മോനും ഒരു മോളും. മോന് അലി എന്നു പേരിട്ടു.

മിടുക്കനായ കുട്ടി. നബിﷺതങ്ങളുടെ സ്നേഹവാത്സല്യങ്ങൾ ഏറെ ആസ്വദിച്ച മകൻ...


 മോളുടെ പേര് ഉമാമ എന്നായിരുന്നു. നബിﷺതങ്ങൾ ലാളിച്ചു വളർത്തിയ കുട്ടി. നബിﷺതങ്ങളുടെ ചുമലിൽ കയറിയിരിക്കും. പല വികൃതികളും കളിക്കും. നബിﷺതങ്ങൾക്ക് അതൊക്കെ വലിയ ഇഷ്ടമായിരുന്നു...


 സയ്നബ്(റ)യെ ഒട്ടകപ്പുറത്തുനിന്നു കുന്തംകൊണ്ടു കുത്തി താഴെ വീഴ്ത്തിയ ദുഃഖസംഭവം ഓർമയുണ്ടല്ലോ. അന്നു പറ്റിയ പരിക്കുകൾ പൂർണമായി സുഖപ്പെട്ടിട്ടില്ല. വീഴ്ച മൂലം നിത്യരോഗിയായി എന്നുതന്നെ പറയാം. ഭർത്താവ് ഭാര്യയെ സ്നേഹപൂർവം പരിചരിച്ചു. എന്നിട്ടും രോഗം വിട്ടുമാറിയില്ല...


 അബുൽ ആസ് ഇസ്ലാം മതം സ്വീകരിച്ചിട്ടു രണ്ടു വർഷം

കഴിഞ്ഞു. സയ്ബിന്റെ ആരോഗ്യനില വഷളായി. മരണത്തിന്റെ കാലൊച്ച അടുത്തുവരുന്നു. അബുൽ ആസ്(റ) ദുഃഖാകുലനായി മാറി.


 തങ്ങളുടെ ദാമ്പത്യജീവിതത്തിൽ എന്തെല്ലാം കോളിളക്കങ്ങളുണ്ടായി. എന്നിട്ടും പിടിച്ചുനിന്നു. സ്നേഹത്തിന്റെ പാശം പൊട്ടിപ്പോയില്ല...


 തന്റെ ഭാര്യ ജീവിതത്തിന്റെ നാഴികകൾ എണ്ണിത്തീർക്കുകയാണോ..! തന്നെ തനിച്ചാക്കി പോയ്ക്കളയുമോ..?!