സയ്നബ് (റ) യുവതിയാണ്. മുപ്പതു വയസ്സു കാണും. സയ്നബ്(റ) അത്യാസന്ന നിലയിലായി. നബി ﷺ ദുഃഖം കടിച്ചമർത്തി. തന്റെയും ഖദീജയുടെയും മൂത്ത മോൾ. ശ്വാസഗതി ഒന്നു കൂടി. പിന്നെ നിശ്ചലം..! - എല്ലാം അവസാനിച്ചു.
സയ്ബ് (റ) യാത്രയായി. മരണമില്ലാത്ത ലോകത്തേക്ക്...
അബുൽ ആസ്(റ) തനിച്ചായി.
മയ്യിത്തു കുളിപ്പിക്കണം. മൂന്നു സ്വഹാബി വനിതകൾ മുന്നോട്ടു വന്നു. ഉമ്മു അയ്മൻ(റ), സൗദ(റ), ഉമ്മുസലമ(റ). ഇവർ ചേർന്നു മയ്യിത്തു കുളിപ്പിച്ചു. മയ്യിത്തിനു വേണ്ടി നിസ്കാരവും പ്രാർത്ഥനയും...
ഖബറിടത്തിലേക്കു നീങ്ങി. നബി ﷺ തങ്ങളും അബുൽ ആസ് (റ)വും ചേർന്നു മയ്യിത്തു ഖബറിലേക്കു താഴ്ത്തി. മണ്ണിലേക്കു മടക്കം.
അബുൽ ആസ്(റ)വിന്റെ കണ്ണിൽനിന്നും കണ്ണീർ തുള്ളികൾ പുതുമണ്ണിൽ വീണുചിതറി.
മയ്യിത്ത് ഖബറിലേക്കു താഴ്ത്തുമ്പോൾ നബിﷺതങ്ങൾ ഇങ്ങനെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു: “അല്ലാഹുവേ, സയ്നബിന്റെ പ്രയാസങ്ങൾ തീർക്കേണമേ, ബുദ്ധിമുട്ടുകൾ അകറ്റേണമേ...”
അബുൽ ആസ്(റ) വീട്ടിലേക്കു മടങ്ങി. മക്കളെ ചേർത്തുപിടിച്ചു. ദുഃഖം കടിച്ചമർത്തി. കടന്നുപോയ ഇന്നലെകൾ. അവയുടെ കോരിത്തരിപ്പിക്കുന്ന ഓർമകൾ...
എങ്ങനെ മറക്കും..?
അലി എന്ന കുട്ടി വളർന്നു. എങ്കിലും വളരെക്കാലം ജീവിച്ചില്ല. ഉമാമ വളർന്നു വിവാഹിതയായി...
സയ്ബിന്റെ ഖബറിടം സന്ദർശിക്കും.
ഏറെക്കാലം കഴിഞ്ഞില്ല. അബുൽ ആസ്(റ) മരണപ്പെട്ടു. ഭർത്താവ് ഭാര്യയെ പിന്തുടർന്നു...
ഭാര്യ-ഭർത്താക്കന്മാർക്കിടയിലെ വിശുദ്ധമായ സ്നേഹത്തിന്റെ മഹത്തായ ഉദാഹരണം.
ആ ദമ്പതികളുടെ കഥ തലമുറകൾ കൈമാറി. എത്ര പറഞ്ഞാലും പുതുമ മാറാത്ത കഥ. അല്ലാഹു ﷻ അവരെയും നമ്മയും അനുഗ്രഹിക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ