ഒരു ദിവസം നബിﷺതങ്ങൾ കഅ്ബയുടെ അടുത്തു വച്ചു നിസ്കരിക്കുകയായിരുന്നു. ഒരുകൂട്ടം ഖുറയ്ശികൾ അതു കണ്ടു. അവരുടെ മനസ്സിൽ രോഷം ആളിക്കത്തി.
അബൂജഹലിനു തമാശ തോന്നി. ക്രൂരമായ തമാശ. അവൻ തന്റെ അനുയായികളോടു ചോദിച്ചു:
“കണ്ടോ, മുഹമ്മദ് നിസ്കരിക്കുന്നു. അവന്റെ കഴുത്തിൽ ഒട്ടകത്തിന്റെ കുടൽകൊണ്ടിടുവാൻ നല്ല സൗകര്യം. ആരാണതു ചെയ്യുക..?”
ഒരു ദുഷ്ടൻ ആവേശത്തോടെ വിളിച്ചുപറഞ്ഞു: “അക്കാര്യം ഞാനേറ്റു.”
എല്ലാവരും പൊട്ടിച്ചിരിച്ചു. കാണാൻ പോകുന്ന രസം. ഉഖ്ബത് ബ്നു അബീ മുഅയ്ത്വ്. അതായിരുന്നു അവന്റെ പേര്.
അകലെ ഒട്ടകത്തിന്റെ കുടൽമാല കിടക്കുന്നു. ചീഞ്ഞു നാറുന്നു. ഓടിപ്പോയി അതു വലിച്ചുകൊണ്ടുവന്നു. വല്ലാത്ത ഭാരം.
നബി ﷺ സുജൂദിലാണ്. നെറ്റിത്തടം ഭൂമിയിൽ വച്ചിരിക്കുന്നു. സർവശക്തനായ അല്ലാഹുﷻവിനു മുമ്പിൽ പരമമായ വിനയം പ്രകടിപ്പിക്കുന്നു. ഭക്തിയുടെ സാന്ദ്രത. സകല ശ്രദ്ധയും ഇബാദത്തിലാണ്. മനസ്സിൽ അല്ലാഹുﷻവിനെക്കുറിച്ചുള്ള സ്മരണ മാത്രം...
പെട്ടെന്ന് കഴുത്തിൽ എന്തോ ഭാരം വന്നുവീണതായി അനുഭവപ്പെട്ടു. എന്തൊരു ഭാരം. ശിരസ്സുയർത്താൻ പറ്റുന്നില്ല. കടുത്ത ദുർഗന്ധം.
എന്തൊരു വിഷമം. അപ്പുറത്ത് പൊട്ടിച്ചിരി. ഖുറയ്ശികൾ ആർത്തട്ടഹസിച്ചു ചിരിക്കുന്നു.
കുടലിലെ മലിന വസ്തുക്കൾ പ്രവാചകന്റെ ശരീരത്തിൽ
പടരുന്നു. ശിരസ്സിൽ മാലിന്യം ഒഴുകുന്നു.
പെട്ടെന്ന് ഒരു പെൺകുട്ടിയുടെ പൊട്ടിക്കരച്ചിൽ...
പെൺകുട്ടി കരഞ്ഞുകൊണ്ട് ഓടിവരുന്നു. കുടൽമാല പിടിച്ചു വലിക്കുന്നു. വലിച്ചിട്ടു നീങ്ങുന്നില്ല. സർവശക്തിയുമെടുത്തു വലിക്കു
ന്നു. അൽപം നീങ്ങി...
പൊട്ടിച്ചിരി ഉച്ചത്തിലായി. പെൺകുട്ടിയുടെ കരച്ചിലും ഉച്ചത്തിലായി. ഉപ്പാ... എന്റെ... ഉപ്പാ...
കരളലിയിപ്പിക്കുന്ന വിളി..!!
പെൺകുട്ടി പാടുപെട്ടു കുടൽമാല വലിച്ചുനീക്കി. പിതാവിനെ പിടിച്ചുയർത്തി. പിതാവിന്റെ കൈപിടിച്ചു വലിച്ചു. വെള്ളമുള്ള സ്ഥലത്തേക്കു കൊണ്ടുപോയി.
പെൺകുട്ടി പിതാവിന്റെ ശരീരത്തിൽ വെള്ളം കോരി ഒഴിച്ചു. അഴുക്കുകൾ കഴുകിക്കളഞ്ഞു. അപ്പോഴെല്ലാം ആ പെൺകുട്ടി കരയുകയായിരുന്നു.
സങ്കടം അടങ്ങുന്നില്ല...
വീണ്ടും വീണ്ടും തേങ്ങിക്കരയുന്നു. ഉപ്പയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
“മോളേ... കരയരുത്, കരച്ചിൽ നിർത്തൂ. ഇതൊന്നും സാരമില്ല.”
വീട്ടിലുള്ളവരൊക്കെ ഓടിക്കൂടി.
എല്ലാവരും സംഭവമറിഞ്ഞു. പെൺകുട്ടി സങ്കടത്തോടെ താൻ കണ്ട കാഴ്ച വിവരിച്ചു. ആരായിരുന്നു ആ പെൺകുട്ടി..?
ഫാത്വിമ(റ). റസൂലിന്റെ പ്രിയ പുത്രി ഫാത്വിമതുസ്സഹ്റാ (റ)...