തബൂക്ക് യുദ്ധം. ഹിജ്റ ഒമ്പതാം വർഷം നടന്ന അത്യുഗ്രമായ യുദ്ധം.
നബിﷺതങ്ങൾ നേതൃത്വം നൽകിയ യുദ്ധം. ലോകത്തിലെ ഏറ്റവും വലിയ ശക്തിയോടു നടത്തിയ യുദ്ധം.
അതാണ് തബൂക്ക് യുദ്ധം.
മദീനയിൽ നിന്നു പതിനാലു മർഹല അകലെ കിടക്കുന്ന പ്രദേശമാണു തബൂക്ക്. ഭാരം ചുമക്കുന്ന ഒട്ടകം ഒരു പകൽകൊണ്ടു നടന്നെത്തുന്ന
ദൂരമാണ് ഒരു മർഹല.
പ്രവാചകൻ ﷺ തന്റെ അനുയായികളെ വിളിച്ചുകൂട്ടി തബൂക്ക് യുദ്ധത്തെക്കുറിച്ചു സംസാരിച്ചു.
ക്ഷാമകാലമാണ്. ആഹാരത്തിനു പഞ്ഞം. വിളവെടുക്കാൻ സമയമായില്ല. കയ്യിൽ പണമില്ല. കാലാവസ്ഥ വളരെ പ്രതികൂലം.
അത്യുഷ്ണം ദീർഘയാത്രയ്ക്കു പറ്റിയ കാലാവസ്ഥയല്ല. തബൂക്ക് വളരെ ദൂരെയാണ്. അവിടെയെത്താൻ പാടുപെടണം.
നേരിടാനുള്ളത് ഏറ്റവും ശക്തനായ ശത്രുവിനെയാണ്. ഒരു യുദ്ധം വന്നുവീണിരിക്കുകയാണ്. നമ്മെ തുടച്ചുനീക്കാൻ. യുദ്ധത്തിനൊരുങ്ങുകയല്ലാതെ മറ്റൊരു വഴിയുമില്ല. വമ്പിച്ച പണച്ചെലവുള്ള യുദ്ധമാണിത്.
“സംഭാവന ചെയ്യുക; യുദ്ധ ഫണ്ടിലേക്കു വമ്പിച്ച സംഭാവനകൾ നൽകുക...” പ്രവാചകൻ ﷺ സംഭാവന ചോദിക്കുന്നു.
ദാരിദ്ര്യംകൊണ്ടു പൊറുതിമുട്ടുന്നവരെന്തു നൽകും..? കയ്യിലുള്ളവർ നൽകട്ടെ. സ്വഹാബികൾ വീടുകളിലേക്കോടി. സംഭാവനകൾ നൽകാനുള്ള തുകകളുമായി അവർ ആവേശപൂർവ്വം തിരിച്ചെത്തി.
നാലായിരം ദിർഹമുമായിട്ടാണ് അബൂബകർ സിദ്ദീഖ് (റ)
എത്തിയത്.
നബിﷺതങ്ങൾ ചോദിച്ചു:
“അബൂബക്ർ, താങ്കൾ തബൂക്ക് യുദ്ധഫണ്ടിലേക്ക് എന്താണു
കൊണ്ടുവന്നത്..?”
“നാലായിരം ദിർഹം” - സിദ്ദീഖ്(റ) മറുപടി നൽകി. കേട്ടു നിന്നവർ ഞെട്ടിപ്പോയി.
“നാലായിരം ദിർഹം താങ്കൾ കൊണ്ടുവന്നു. ഒന്നു ചോദിച്ചോട്ടെ, താങ്കളുടെ കുടുംബത്തിനുവേണ്ടി എന്താണു നീക്കിവച്ചത്.”
നബി ﷺ വീണ്ടും ചോദിച്ചു.
“അല്ലാഹുﷻവിനെയും റസൂലിനെയും (ﷺ) മാത്രം.”
അബൂബക്കർ(റ)വിന്റെ മറുപടി കേട്ടു സ്വഹാബികൾ സ്തബ്ധരായിപ്പോയി..!!
കുടുംബത്തിനുവേണ്ടി യാതൊന്നും മാറ്റിവയ്ക്കാതെ ഉള്ളതു മുഴുവൻ യുദ്ധഫണ്ടിലേക്കു കൊണ്ടുവന്ന മഹാൻ.
തന്റെ സ്വത്തിന്റെ പകുതി ഭാഗവുമായി ഉമർ (റ) അവിടെ വന്നുനിൽപുണ്ട്. ഏറ്റവും വലിയ സംഭാവന തന്റേതായിരിക്കണമെന്ന് ഉമർ (റ) ആഗ്രഹിച്ചിരുന്നു. പക്ഷേ അബൂബക്ർ (റ) തന്നെ വളരെ പിന്നിലാക്കിക്കളഞ്ഞു.
ഉമർ (റ) ഇങ്ങനെ പ്രസ്താവിച്ചു: “എനിക്ക് ഒരിക്കലും അബൂബക്ർ(റ)വിനെ മുൻകടക്കാനാവില്ല.”
അബ്ദുർറഹ്മാൻ ബ്നു ഔഫ് (റ) വലിയൊരു സംഭാവനയുമായെത്തി. ധനികനായ കച്ചവടക്കാരനായിരുന്നു
അദ്ദേഹം. അബ്ബാസ് (റ) വലിയ സംഭാവന നൽകി. ത്വൽഹത് (റ), ആസിം ബ്‌നു അദിയ്യ് (റ) എന്നിവരും കനത്ത സംഭാവനകൾ നൽകി.
ഉസ്മാൻ (റ) വമ്പിച്ച സമ്പത്തു സംഭാവന ചെയ്തു. പതിനായിരം ദീനാർ. മുന്നൂറ് ഒട്ടകങ്ങൾ. എഴുപതു കുതിരകൾ. അതിശയിപ്പിക്കുന്ന സംഭാവന തന്നെ. ആയിരം ഒട്ടകങ്ങളെന്നും അഭിപ്രായമുണ്ട്...
ഉസ്മാൻ(റ)വിനെ പ്രവാചകൻ ﷺ പ്രശംസിച്ചു. പ്രാർത്ഥിക്കുകയും ചെയ്തു. സ്വഹാബികളിൽ ഈ സംഭാവനകൾ വലിയ സ്വാധീനം ചെലുത്തി. അവർ കയ്യിലുള്ളതു കൊടുക്കാൻ തുടങ്ങി.
ഇതിനിടയിൽ സ്ത്രീകളുടെ വക സംഭാവനകൾ വരാൻ തുടങ്ങി. കാതിലും കഴുത്തിലുമുള്ള ആഭരണങ്ങൾ അഴിച്ചു ഭർത്താക്കന്മാരുടെ കയ്യിൽ കൊടുത്തയച്ചു. അവയെല്ലാം പ്രവാചകൻ ﷺ സ്വീകരിച്ചു. അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു...
ഇത്രയും വലിയ സംഭാവനാശേഖരണം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. വറുതിയുടെ കാലത്തു വൻ പിരിവ് കപട വിശ്വാസികൾ മാറിനിൽക്കുന്നു.
സത്യവിശ്വാസികൾ ആവേശപൂർവ്വം മുമ്പോട്ടു വരുന്നു.
സൈന്യം സജ്ജമായി വരികയാണ്.
മുപ്പതിനായിരം സൈനികർ. അത്രയും വലിയ സൈന്യം മുമ്പൊരിക്കലും സജ്ജീകരിക്കപ്പെട്ടിട്ടില്ല. അബൂബക്ർ(റ)വിന്റെ കൈവശം പതാക നൽകി. വൻസൈന്യം പുറപ്പെടുകയാണ്.
വിഷമം പിടിച്ച മാർഗത്തിലൂടെ ദീർഘദൂരം യാത്ര ചെയ്യണം തബൂക്കിലെത്താൻ...