സൈന്യം പുറപ്പെടുകയാണ്... പ്രവാചകൻ ﷺ യും മദീന വിടുകയാണ്. മദീന ഭരണസിരാകേന്ദ്രമാണ്. അവിടെ ഒരുപാടു ക്രമീകരണങ്ങൾ വേണ്ടിവന്നു. ഭരണകാര്യങ്ങൾ കാര്യക്ഷമമായി നടക്കണം. അതിനു വേണ്ട ഏർപ്പാടുകൾ ചെയ്തു.
അലി(റ)വിനു വ്യക്തമായ നിർദേശങ്ങൾ നൽകി മദീനയിൽ തന്നെ നിറുത്തി.
പ്രവാചകൻ ﷺ സൈന്യത്തിൽ വന്നുചേർന്നു. മദീനയുടെ അതിർത്തി കടന്നു. വൻ സൈന്യം നീങ്ങി. പൊടിപടലം ഉയർന്നു. വിശാലമായ മരുഭൂമിയിലൂടെ ദീർഘയാത്രയാണ്. ആബാലവൃദ്ധം ജനങ്ങൾ അതു നോക്കിനിന്നു. മരുഭൂമികൾ താണ്ടിക്കടന്നു. ശാം വരെ എത്തണം.
സത്യവിശ്വാസത്തിന്റെ അഗ്നിപരീക്ഷണം. കത്തിപ്പടരുന്ന ചൂട്. താപനില കൂടിക്കൂടി വന്നു. സൈനികർ വിയർത്തുകുളിച്ചു.
ദിവസങ്ങൾ കടന്നുപോയി.
കൈവശമുള്ള വെള്ളം മിക്കവാറും തീർന്നു. എല്ലാവർക്കും സൗകര്യമായി യാത്ര ചെയ്യാൻ മാത്രം ഒട്ടകങ്ങൾ ഇല്ല. ഒരു ഒട്ടകപ്പുറത്തു പലരും മാറിമാറി യാത്ര ചെയ്യുന്നു. ഒരാൾ ഒട്ടകപ്പുറത്തിരിക്കുമ്പോൾ മറ്റുള്ളവർ നടക്കും. ഊഴംവച്ചാണ് ഒട്ടകപ്പുറത്തു കയറുന്നത്.
പതിനായിരം കുതിരപ്പടയാളികൾ ഏറ്റവും മുമ്പിൽ സഞ്ചരിക്കുന്നു. അതൊരു ഗംഭീര കാഴ്ചതന്നെ. ജനവാസമുള്ള കേന്ദ്രങ്ങളിൽ എത്തുമ്പോൾ ജനങ്ങൾ അത്ഭുതത്തോടും ആദരവോടുംകൂടി നോക്കിനിൽക്കുന്നു.
‘ഹിജ്റ്’പ്രദേശം. അല്ലാഹുﷻവിന്റെ ശാപം ഇറങ്ങിയ നാട്. ഇപ്പോൾ സൈന്യം ആ പ്രദേശത്ത് എത്തിയിരിക്കുന്നു.
ആ ചരിത്ര സംഭവങ്ങൾ സത്യവിശ്വാസികളുടെ ഓർമയിൽ
വരുന്നു. അല്ലാഹുﷻവിനെ ധിക്കരിച്ചവർ.
ഇവിടെയാണു സമൂദ് ഗോത്രം താമസിച്ചിരുന്നത്. അവർ ഉന്നത സൗധങ്ങൾ നിർമിച്ചു സുഖമായി ജീവിച്ചു. നല്ല ആരോഗ്യമുള്ള മനുഷ്യർ. അവരെ സന്മാർഗത്തിലേക്കു നയിക്കാൻ അല്ലാഹു ﷻ ഒരു പ്രവാചകനെ നിയോഗിച്ചു.
സ്വാലിഹ് നബി (അ).
പ്രവാചകനെ അവർ കളവാക്കി. അവർ ധിക്കാരികളായി ജീവിച്ചു. ഒടുവിൽ അല്ലാഹുﷻവിന്റെ ശാപമിറങ്ങി.
വിശാലമായ പ്രദേശം. അവിടെ താവളമടിക്കാതെ യാത്ര തുടരാനാവില്ല. നബി ﷺ അനുയായികൾക്ക് അവിടെ താവളമുറപ്പിക്കാൻ കൽപന നൽകി.
ഉടനെ ആളുകൾ പാത്രങ്ങളുമായി ഇറങ്ങി. അവർക്കു വെള്ളം വേണം. നബി ﷺ അവരെ വിലക്കി.
“ജനങ്ങളേ, ഇവിടുത്തെ വെള്ളം കുടിക്കരുത്. അംഗശുദ്ധി
വരുത്താൻ ഉപയോഗിക്കരുത്. ആരെങ്കിലും ഇവിടത്തെ വെള്ളമുപയോഗിച്ചു മാവു കുഴച്ചിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കരുത്. മാവ് ഒട്ടകത്തിനു നൽകുക. നിങ്ങളതു ഭക്ഷിക്കരുത്. ശപിക്കപ്പെട്ട പ്രദേശമാണിത്. രാത്രി സമയത്ത് ഒറ്റയ്ക്കു പുറത്തിറങ്ങി നടക്കരുത്.” പ്രവാചകന്റെ (ﷺ) വാക്കുകൾ അവരെ ഭയപ്പെടുത്തി.
സമൂദ് സമൂഹത്തെ നശിപ്പിച്ച ഭൂമി. അതിന്റെ വിനാശം ഇപ്പോഴും തുടരുകയാണ്. ശക്തമായ മണൽക്കാറ്റ്. അതു മനുഷ്യനെയും മൃഗങ്ങളെയും നശിപ്പിക്കും...
രണ്ടാളുകൾ പുറത്തിറങ്ങി. ഒരാളെ കാറ്റു പറത്തിക്കൊണ്ടു പോയി. മറ്റെയാൾ മണൽക്കൂമ്പാരത്തിൽപ്പെട്ടു...
സ്വഹാബികൾ ദാഹംകൊണ്ടു തളർന്നിരുന്നു. ഒന്നു കുളിക്കാതെ ക്ഷീണം തീരില്ല. വീണ്ടും യാത്ര. ക്ഷീണവും ദാഹവും അവഗണിച്ചുള്ള
യാത്ര. എല്ലാ വഴികളും അടയുമ്പോൾ അല്ലാഹുﷻവിന്റെ സഹായം വരും. ഇതാ സഹായത്തിന്റെ സമയമായിരിക്കുന്നു.
ഇനിയും സഹായമെത്തിയില്ലെങ്കിൽ സർവനാശം വരും. പെട്ടെന്ന് ആകാശത്തു കാർമേഘങ്ങൾ നിരന്നു. മഴ കോരിച്ചൊരിഞ്ഞു.
അല്ലാഹുﷻവിന്റെ അപാരമായ അനുഗ്രഹം ചൊരിഞ്ഞു. ദാഹം തീർത്തു. നന്നായി കുളിച്ചു. വെള്ളം പാത്രങ്ങളിൽ ശേഖരിച്ചു. മൃഗങ്ങൾ വയർ നിറയെ വെള്ളം കുടിച്ചു...
ചൂടു കത്തിപ്പടരുന്ന മരുഭൂമിയിൽ സത്യവിശ്വാസികൾക്കു ലഭിച്ച അനുഗ്രഹം. അവർ സന്തോഷപൂർവം യാത്ര തുടർന്നു.
തബൂക്കിൽ എത്താൻ ഇനിയും ദീർഘദൂരം യാത്ര ചെയ്യണം.
മുസ്ലിംകൾ ആവേശപൂർവം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന വിവരം സീസറിനു കിട്ടിക്കൊണ്ടിരുന്നു.
മുസ്ലിംകളുടെ ആത്മവീര്യം റോമക്കാരെ വിസ്മയിപ്പിക്കുകതന്നെ ചെയ്തു.