Wednesday - 22 April, 2026 4-Dhu al-Qadah-1447

സീസറുടെ നാട്ടിൽനിന്ന് (2)

   ഇനി മറ്റൊരു സംഭവം. ബസ്വറയിലെ ഗവർണറായിരുന്നു ശുറഹ്ബീൽ. അദ്ദേഹത്തെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടു പ്രവാചകൻ ﷺ ഒരു സന്ദേശമയച്ചു. സന്ദേശവാഹകൻ പ്രമുഖ സ്വഹാബിവര്യനായ ഹാരിസ് ബ്നു ഉമയ്ർ (റ) ആയിരുന്നു. 


 സന്ദേശവാഹകനെ ശുറഹ്ബീൽ വധിച്ചുകളഞ്ഞു. റോമാ ചക്രവർത്തിയുടെ ഗവർണറായിരുന്നു ശുറഹ്ബീൽ.

റോമാ ചക്രവർത്തി സീസർ എന്ന പേരിൽ അറിയപ്പെടുന്നു. ദൗത്യസംഘത്തെ വധിച്ച കാരണത്താൽ നബിﷺതങ്ങൾ

സൈന്യവുമായി വന്നു. ആ പ്രദേശങ്ങളിലെ ദുർബലരായ

മുസ്ലിംകളുടെ രക്ഷയ്ക്കും അതാവശ്യമായിരുന്നു. അങ്ങനെ നടന്ന യുദ്ധമാണ് മുഅ്ത്ത.


 നേരത്തെ മുഅ്ത്ത യുദ്ധത്തെപ്പറ്റി വായിച്ചതു മറന്നില്ലല്ലോ..? മുഅ്ത്ത യുദ്ധത്തിലെ പരാജയത്തിനു പകരം വീട്ടാൻ സീസർ ഇറങ്ങിയിരിക്കുകയാണ്. മുഅ്ത്ത യുദ്ധത്തിന്റെ പ്രതികാരമാണു തബൂക്ക്. അതിനു തിരഞ്ഞെടുത്ത സമയമോ..?


 മദീനയിൽ ദാരിദ്യം പടർന്നുപിടിച്ച കാലംതന്നെ. മുഅ്ത്തയിലെ വൻ വിജയം അതിർത്തി പ്രദേശങ്ങളിൽ

ഇസ്ലാം വ്യാപിക്കാൻ ഇടയാക്കി. ദൂരദേശങ്ങളിലൊക്കെ ഇസ്ലാമിനെക്കുറിച്ചുള്ള വാർത്തയെത്തി. ഇസ്ലാം ഒരു സംസാരവിഷയമായി.


 റോമാസൈന്യത്തിലെ ഒരു കമാണ്ടറുടെ മതംമാറ്റം വലിയ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. സീസറിന്റെ സൈന്യത്തിലെ ധീര സൈന്യാധിപൻ ഇസ്ലാം മത തത്ത്വങ്ങളിൽ ആകൃഷ്ടനായി. ശഹാദത്തു കലിമ ചൊല്ലി.


 ഫർവത് ബ്നു അംറിൽ ജുമാദി.

ഇതായിരുന്നു അദ്ദേഹത്തിന്റെ പേര്.

അദ്ദേഹം ഇസ്ലാംമതം സ്വീകരിച്ച വിവരം സീസർ അറിഞ്ഞു. ഉടനെ അദ്ദേഹത്തെ അറസ്റ്റു ചെയ്തു. കൊട്ടാരത്തിൽ ഹാജരാക്കി. അവിടെ വന്നുകൂടിയവർ അദ്ദേഹത്തെ അവജ്ഞയോടെ നോക്കിനിന്നു.


 “നീ ഇസ്ലാംമതം ഉപേക്ഷിക്കണം. സൈന്യത്തിൽ ഉന്നത സ്ഥാനത്തുതന്നെ തുടരണം.” സീസർ കൽപിച്ചു.


 “ഞാൻ ഇസ്ലാം മതം ഉപേക്ഷിക്കുകയില്ല. ഞാൻ സത്യവിശ്വാസിയായിത്തന്നെ ജീവിക്കും.” - ഫർവത് ശാന്തനായി

പറഞ്ഞു.


 “എങ്കിൽ നീ ഏറ്റവും കഠിനമായ ശിക്ഷ അനുഭവിക്കും.” സീസർ അലറി.


 “അല്ലാഹുﷻവിനും അവന്റെ റസൂലിനും (ﷺ) വേണ്ടി എത്ര കടുത്ത ശിക്ഷയും ഞാൻ സഹിക്കും.” - ഫർവതിന്റെ ദൃഢമായ മറുപടി.


 “ദുഷ്ടൻ, മ്ലേച്ചൻ, നന്ദികെട്ടവൻ...” കേട്ടുനിന്നവർ വിളിച്ചു പറഞ്ഞു.


 “എല്ലാ പദവികളിൽ നിന്നും ഞാനിവനെ പിരിച്ചുവിട്ടിരിക്കുന്നു. ഇവൻ ജീവിച്ചിരുന്നാൽ ആപത്താണ്. വധിച്ചുകളയുക.” സീസറുടെ കൽപന വന്നു. പട്ടാളക്കാർ ഫർവതിനെ വധിക്കാൻ കൊണ്ടുപോയി. ഭക്തിനിർഭരമായ ഹൃദയത്തോടെ

അദ്ദേഹം നിന്നുകൊടുത്തു... 


 “ലാഇലാഹ ഇല്ലല്ലാഹ്...” ഫർവത്(റ) വധിക്കപ്പെട്ടു. ഫർവതിന്റെ ഈമാൻ ജനങ്ങളെ പിടിച്ചുകുലുക്കി. പലരും

ഇസ്ലാമിലേക്ക് ആകൃഷ്ടരായി. ഈ സംഭവവും സീസറെ മുസ്ലിംകൾക്കെതിരെ തിരിയാൻ

പ്രേരിപ്പിച്ചു. യുദ്ധം അനിവാര്യമായെന്നു സീസർ തീരുമാനിച്ചു.