Wednesday - 22 April, 2026 4-Dhu al-Qadah-1447

സീസറുടെ നാട്ടിൽനിന്ന് (1)

   സമാധാനത്തോടെ ജീവിക്കാനുള്ള മുസ്ലിംകളുടെ ആഗ്രഹം സഫലമായില്ല. മക്കാവിജയം കഴിഞ്ഞ് ആശ്വാസത്തോടെ ഇരിക്കുമ്പോഴാണ് ഹുനയിൻ യുദ്ധത്തിന്റെ ആരവം മുഴങ്ങിയത്.


 ഹുനയിൽ ആദ്യഘട്ടം വൻ പരീക്ഷണമായിരുന്നു. പിന്നെ

വിജയം. വമ്പിച്ച യുദ്ധമുതലുകൾ കിട്ടി. ഇനിയൊരാശ്വാസം കിട്ടുമെന്നു കരുതി. മദീനയിലേക്കു മടങ്ങി.


 മദീനയിൽ ക്ഷാമം പിടിപ്പെട്ടിരിക്കുന്നു. ഓരോ കുടുംബത്തിലേക്കും ദാരിദ്യം ഇഴഞ്ഞു കയറിവന്നു. ഈത്തപ്പഴം പാകമായി വരുന്നതേയുള്ളൂ. മുന്തിരിയും വിളഞ്ഞില്ല. വിളവെടുപ്പിന് ഇനിയും മാസങ്ങൾ വേണ്ടിവരും. ഭക്ഷ്യവസ്തുക്കൾ കുറവ്. കയ്യിൽ പണമില്ല. എല്ലാവരും പ്രയാസത്തിലാണ്.


 ദുരിതങ്ങൾ നിറഞ്ഞ ഈ നാളുകളിൽ യുദ്ധത്തിന്റെ കാഹളം മുഴങ്ങിയാലോ..? 


 മുസ്ലിംകളെ തകർത്തു തരിപ്പണമാക്കാൻ വേണ്ടി വമ്പിച്ച സന്നാഹങ്ങളോടെ ശത്രുക്കൾ രംഗത്തുവരുന്നു. എന്നു പറഞ്ഞാൽ പോര. ഇതുവരെ നേരിടേണ്ടിവന്നിട്ടില്ലാത്ത അത്രയും ശക്തമായ വൻസൈന്യത്തെ നേരിടേണ്ടിവരിക. ആ സൈന്യത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്തകൾ മദീനയിലെത്തി.


 അവരെ നേരിടാൻ അതിവിപുലമായ സന്നാഹങ്ങൾ വേണം. ഇന്നുവരെ ഒരുക്കിയിട്ടില്ലാത്തത്രയും വിപുലമായ സന്നാഹങ്ങൾ. അതും ഈ വറുതിയുടെ നാളുകളിൽ. ഇതു വളരെ പ്രയാസമുള്ള കാര്യമാണ്.


 ഏറ്റവും വലിയ പരീക്ഷണമാണിത്.

മനുഷ്യ മനസ്സിലെ ഇഖ്ലാസ് (ആത്മാർത്ഥ) പരീക്ഷിക്കപ്പെടുകയാണ്. സത്യവിശ്വാസവും കപട വിശ്വാസവും വേർതിരിക്കപ്പെടുന്ന വമ്പിച്ച പരീക്ഷണം.


 അന്നത്തെ ലോകശക്തിയോടാണു പോരാടേണ്ടത്. റോമും പേർഷ്യയുമായിരുന്നു അന്നത്തെ ലോകശക്തികൾ. പേർഷ്യക്കാരെ ചില യുദ്ധങ്ങളിൽ പുറം തള്ളിയിരിക്കുകയാണു റോമാസാമ്രാജ്യം.


അപ്പോൾ ചോദ്യം ചെയ്യപ്പെടാത്ത ലോകശക്തിയായി റോമാ സാമ്രാജ്യം. ആ ശക്തിയാണ് ഇസ്ലാമിക സാമ്രാജ്യത്തെ വെല്ലു വിളിച്ചിരിക്കുന്നത്. ലോകശക്തിയെ നേരിടണം. അതിനു സജ്ജമാകണം.

മുഅ്ത്ത യുദ്ധത്തിനു പ്രതികാരം ചെയ്യാനാണു റോമയുടെ പുറപ്പാട്. പകരം വീട്ടാതെ അവർക്കിനി വിശ്രമമില്ല. 


 അറേബ്യയുടെ വടക്കു ഭാഗത്തു റോമയുടെ പ്രവിശാലമായ

സാമ്രാജ്യമാണ്. സിറിയയുടെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ഗോത്രങ്ങളെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടു പ്രവാചകൻ ﷺ സന്ദേശമയച്ചിരുന്നു.


 സന്ദേശം അവർക്കു സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. ആരെയും നിർബന്ധിച്ചു മതത്തിൽ ചേർക്കില്ല. അല്ലാഹു ﷻ വിന്റെ സന്ദേശം ജനങ്ങൾക്ക് എത്തിച്ചുകൊടുക്കേണ്ടതു പ്രവാചകന്റെ (ﷺ) കടമയാണ്. അതുകൊണ്ടാണു ദൗത്യസംഘത്തെ അങ്ങോട്ടയച്ചത്.


 ഈ ഗോത്രങ്ങളെല്ലാം ക്രൈസ്തവ മതക്കാരും റോമാ ചക്രവർത്തിയുടെ ഭരണത്തിൻ കീഴിൽ കഴിയുന്നവരുമായിരുന്നു.


 മുസ്ലിം ദൗത്യസംഘത്തിന്റെ വാക്കുകളൊന്നും അവർ ഗൗനിച്ചില്ല. അവരോടു വളരെ ധിക്കാരപരമായി പെരുമാറി. ദൗത്യസംഘത്തിലെ പതിനഞ്ചുപേരെ അവർ നിഷ്കരുണം വധിച്ചുകളഞ്ഞു.


 മഹാനായ കഅ്ബ് ബ്നു ഉമർ ഗിഫാരി(റ)വായിരുന്നു സംഘത്തലവൻ. അദ്ദേഹത്തെ വധിക്കാൻ നല്ല ശ്രമം നടത്തി...


 എങ്ങനെയോ രക്ഷപ്പെട്ടു. ദീർഘ യാത്രയ്ക്കു ശേഷം ദുഃഖഭാരവുമായി കഅ്ബ് (റ) മദീനയിൽ തിരിച്ചെത്തി. ഈ വാർത്ത പ്രവാചകനെ (ﷺ) ദുഃഖിതനാക്കി...