അബൂബക്കർ(റ)വിന്റെയും ഉമർ(റ)വിന്റെയും അഭിപ്രായത്തിന് ശേഷം മിഖ്ദാദ്(റ) പറഞ്ഞു: “തീർച്ചയായും നാം ഖുറയ്ശികളെ നേരിടുകതന്നെ വേണം.”
അവർ ഇങ്ങനെ തുടർന്നു:
“അല്ലാഹുﷻവിന്റെ റസൂലേ,
എങ്ങോട്ടു നീങ്ങാനാണോ അല്ലാഹു ﷻ കൽപിക്കുന്നത്, അവിടേക്കു ഞങ്ങളെ നയിക്കുക. ഇസ്റാഈലി സന്തതികൾ പറഞ്ഞതു പോലെ നീയും നിന്റെ രക്ഷിതാവും ചെന്നു യുദ്ധം ചെയ്യുക. ഞങ്ങൾ ഇവിടെ ഇരിക്കാം എന്നു ഞങ്ങൾ പറയില്ല. അല്ലാഹുﷻവും റസൂലും (ﷺ) നയിക്കുന്ന വഴിയിൽ ഞങ്ങൾ വരും. യുദ്ധംചെയ്യും.” വളരെ ധീരമായ മറുപടി. ഇതു പ്രവാചകനെ (ﷺ) സന്തോഷിപ്പിച്ചു...
അവർ വീണ്ടും തുടർന്നു: “ഹബ്ശയിൽപെട്ട ബർകുൽ ഇമാദ് എന്ന പ്രദേശമുണ്ടല്ലോ, ഭയങ്കര വിപത്തുകൾ പതിയിരിക്കുന്ന പ്രദേശം. അവിടെച്ചെന്നു യുദ്ധം ചെയ്യാൻ കൽപിച്ചാൽ ഞങ്ങൾ അതിനും സന്നദ്ധരാണ്. ആ കടലിലേക്കു ചാടി യുദ്ധം ചെയ്യാൻ കൽപിക്കു..! ഒരു സംശയവും വേണ്ട, ഞങ്ങൾ കടലിൽ ചാടും.”
അഭിപ്രായം പറയുന്നതെല്ലാം മുഹാജിറുകളാണ്. നബി ﷺ വീണ്ടും വീണ്ടും പറഞ്ഞു: “നിങ്ങൾ അഭിപ്രായം പറയുക.” അൻസ്വാറുകളുടെ അഭിപ്രായം അറിയണമായിരുന്നു റസൂലിന് (ﷺ).
നബിﷺതങ്ങൾ അൻസ്വാറുകൾ ഇരിക്കുന്ന ഭാഗത്തേക്കുനോക്കി. “നാം എന്തു ചെയ്യണമെന്നാണു നിങ്ങൾ പറയുന്നത്..?” നബിﷺതങ്ങളുടെ ചോദ്യം അവരെ ഉണർത്തി...
അവരുടെ നേതാക്കളിൽ ഒരാളായ സഅ്ദ് ബ്നു മുആദുൽ ഔസി(റ) എഴുന്നേറ്റുനിന്നു. എല്ലാവരും ആകാംക്ഷയോടെ അദ്ദേഹത്തെ നോക്കി.
അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അല്ലാഹുﷻവിന്റെ റസൂലേ(ﷺ), ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുകയും ഉടമ്പടി ചെയ്യുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾ അങ്ങയെ അനുസരിക്കും. ഈ മഹാസമുദ്രത്തിലേക്ക് എടുത്തുചാടാൻ പറഞ്ഞാൽ ഞങ്ങൾ അതും ചെയ്യും. അല്ലാഹു ﷻ എങ്ങോട്ടു നീങ്ങാൻ കൽപിക്കുന്നുവോ അങ്ങോട്ടു
നീങ്ങിയാലും, ഞങ്ങൾ പിന്മാറുകയില്ല. അങ്ങയുടെ കണ്ണു കുളിർപ്പിക്കുന്ന കാഴ്ചകൾ ഞങ്ങളിൽ നിന്നുണ്ടാകും. അല്ലാഹുﷻവിന്റെ അനുഗ്രഹത്തോടുകൂടി മുന്നോട്ടു നീങ്ങുക.”
ആ വാക്കുകൾ എല്ലാവരെയും ആവേശഭരിതരാക്കി. നബി ﷺ വല്ലാത്തൊരു ശബ്ദത്തിൽ ഇങ്ങനെ പറഞ്ഞു: “സത്യമാണ്, ഞാനെന്റെ കണ്ണുകൊണ്ടു കാണുന്നു. ശ്രതുക്കളുടെ പരാജയം.”
യുദ്ധം നടക്കുമെന്നു ബോധ്യപ്പെട്ടു.
ഖുറയ്ശികളുടെ വൻ സൈന്യത്തോടു പട വെട്ടാൻ പോകുന്ന കൊച്ചു മുസ്ലിം സൈന്യം...
എല്ലാം അല്ലാഹുﷻവിൽ അർപ്പിക്കുക.
ജീവിതവും മരണവും. ജയവും തോൽവിയും. അവന്റെ കരുണയും രക്ഷയും ചോദിക്കുക...
അല്ലാഹുﷻവിന്റെ സഹായം ലഭിക്കണം. അതു ലഭിച്ചാൽ മറ്റാരുടെയും സഹായം വേണ്ട. ജൂതന്മാർ സഹായിക്കേണ്ട, ഗോത്രങ്ങൾ സഹായിക്കേണ്ട, അല്ലാഹു ﷻ സഹായിച്ചവരെ ആർക്കാണു
തോൽപിക്കാനാവുക..?
നബി ﷺ തങ്ങളുടെ കൽപനകളെ പൂർണമായി അനുസരിക്കുക. ആകാശത്തിനു താഴെ അതാ പോകുന്നു അനുസരണയുള്ളവരുടെ ഒരു സമൂഹം. മുന്നൂറ്റിപ്പതിമൂന്നുപേർ...
ലോകാവസാനം വരെയുള്ളവർക്ക് അവർ മാതൃകയാണ്. മുന്നൂറ്റിപ്പതിമൂന്നുപേർ രണ്ടു കുതിരകളുമായിട്ടാണു പോകുന്നത്. നൂറു കുതിരകളുമായി വരുന്നവരെ അവർ നേരിടും. വിശ്വാസത്തിന്റെ ദാർഢ്യം. ജീവിതവും മരണവും അല്ലാഹുﷻവിനുവേണ്ടി. രക്തസാക്ഷിത്വം മഹാപദവിയാണ്. ആ പദവിയാണവർ കൊതിക്കുന്നത്.
ഇസ്ലാമിന്റെ വിജയം. അതാണവർ കൊതിക്കുന്നത്. ജീവൻ നൽകി ഇസ്ലാമിനെ രക്ഷിക്കുക...
സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളും അവസാനിച്ചു. ഇനി ഒരേയൊരു മാർഗം യുദ്ധം. മുസ്ലിംകൾ യുദ്ധത്തിനു മുൻകയ്യെടുത്തില്ല. ആത്മരക്ഷാർത്ഥം യുദ്ധമുഖത്തേക്കു നീങ്ങുന്നു. ഇതാണു സത്യം, ഇതാണു ചരിത്രം...
സത്യവിശ്വാസികൾ ഐക്യത്തോടെ നീങ്ങിയാൽ അല്ലാഹുﷻവിന്റെ സഹായം ലഭിക്കും. സംശയം വേണ്ട. അത് ഇതാ കാണാൻ പോകുന്നു...