Wednesday - 22 April, 2026 4-Dhu al-Qadah-1447

സംഘർഷത്തിന്റെ വക്കിൽ (1)

   അബൂസുഫ്യാന്റെ സംഘത്തെ തടയാൻ വേണ്ടി നബിﷺ തങ്ങൾ ഏതാനും അനുയായികളുമായി പുറപ്പെട്ടു. നാൽപതു യോദ്ധാക്കൾ സംരക്ഷണം നൽകുന്ന ഒരു കച്ചവട സംഘത്തെ

നേരിടാനാണ് അവർ പുറപ്പെട്ടത്...


 മുസ്ലിംകളുടെ കൈവശം രണ്ടു കുതിരകളും എഴുപത് ഒട്ടകങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചിലരുടെ കൈവശം വാളും ഉണ്ടായിരുന്നു. ദേഹ രക്ഷയ്ക്കു വേണ്ടി അക്കാലത്തു യാത്രക്കാർ വാൾ കരുതുമായിരുന്നു...


 നബിﷺ തങ്ങളും സ്വഹാബത്തും പുറപ്പെട്ടിട്ടുണ്ടെന്ന വിവരം എങ്ങനെയോ അബൂസുഫ്യാൻ അറിഞ്ഞു. ഉടനെ യാത്രയുടെ ദിശ മാറ്റി. കടൽക്കരയിലൂടെ രഹസ്യമായി ഖാഫില രക്ഷപ്പെട്ടു...


 ഈ സമയത്തു മക്കയിൽ യുദ്ധത്തിന്റെ ആരവം മുഴങ്ങുകയായിരുന്നു. “മുഹമ്മദ് (ﷺ) കച്ചവടസംഘത്തെ തടഞ്ഞു. ഉടനെ യുദ്ധത്തിനൊരുങ്ങുക...” മക്കയിലുടനീളം മുഴങ്ങിക്കേട്ട ശബ്ദം...


 എല്ലാ കുടുംബക്കാർക്കും കച്ചവടത്തിൽ പങ്കുണ്ടായിരുന്നു. അതുകൊണ്ട് എല്ലാവർക്കും ആശങ്കയുണ്ട്. മുഹമ്മദിന്റെ (ﷺ) പിടിയിൽ നിന്ന് അതു വീണ്ടെടുക്കൽ എല്ലാവരുടെയും ബാധ്യതയാണ്...


 ആയിരത്തോളം യോദ്ധാക്കൾ അണിനിരന്നുകഴിഞ്ഞു. എഴുന്നൂറ് ഒട്ടകങ്ങൾ, നൂറ് കുതിരകൾ, യുദ്ധോപകരണങ്ങൾ വേണ്ടത്. ഭക്ഷണത്തിനു വേണ്ടതൊക്കെ കരുതി. തുണിത്തരങ്ങളും മരുന്നും വെട്ടേറ്റു വീഴുന്നവരെ പരിചരിക്കാൻ വിദഗ്ധരും കൂടെയുണ്ട്...


 ധാരാളം അടിമപ്പെൺകുട്ടികൾ പാട്ടുപാടിയും നൃത്തം ചെയ്തും ആവേശം പകരുന്നു. ഖുറയ്ശികളുടെ ധീരതയെ പുകഴ്ത്തുന്ന പാട്ടുകൾ. മുസ്ലിംകളെ ആക്ഷേപിക്കുന്ന പാട്ടുകൾ.

പുരുഷന്മാരുടെ രക്തം ചൂടുപിടിപ്പിക്കുന്ന ഗാനങ്ങൾ...


 എല്ലാ പ്രമുഖ നേതാക്കളും അണിനിരന്നിട്ടുണ്ട്. ഉത്ബത്, ശയ്ബത്, നൗഫൽ, സംഅത്, അബൂജഹ്ൽ, നള്റ്, അബുൽ ബഹ്ത്തരി, ഉമയ്യത് ബ്നു ഖലഫ്, വലീദ്... അങ്ങനെ എത്രയെത്ര നേതാക്കൾ..!


 അബൂജഹലും പ്രമുഖ നേതാക്കളും കഅ്ബയുടെ അടുത്തെത്തി. കഅ്ബയുടെ നാഥനെ വിളിച്ച് അവർ പ്രാർത്ഥിച്ചു: “ദൈവമേ... ഇവിടെ രണ്ടു പക്ഷമുണ്ട്. ഇവരിൽ സത്യത്തിന്റെ പക്ഷം ഏതാണെന്നു നിനക്കറിയാം. അവരെ നീ വിജയിപ്പിക്കണേ... കാത്തുകൊള്ളണേ...” ഖുറയ്ശിപ്പട പുറപ്പെടുകയായി...


 അബൂസുഫ്യാൻ തന്ത്രപൂർവം രക്ഷപ്പെട്ടുകഴിഞ്ഞിരുന്നു. മക്കക്കാരുടെ സൈന്യം മുസ്ലിംകളെ നശിപ്പിക്കാൻ മുന്നേറുന്നു. 


 നബി ﷺ തങ്ങളും സ്വഹാബത്തും അബൂസുഫ്യാനെ തടയാൻ വേണ്ടി യാത്ര തുടർന്നു. മദീനയിൽ നിന്ന് നാൽപതുനാഴിക യാത്ര ചെയ്തു കഴിഞ്ഞു. റൗഹാഅ് എന്ന സ്ഥലത്ത്

അവർ എത്തിച്ചേർന്നു. അപ്പോഴാണ് അവർ ആ വിവരം അറിഞ്ഞത്.

അബൂജഹലിന്റെയും മറ്റും നേതൃത്വത്തിൽ സുശക്തമായ സൈന്യം പുറപ്പെട്ടിരിക്കുന്നു..!


 ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പിലല്ല മുസ്ലിംകൾ പുറപ്പെട്ടിരിക്കുന്നത്. മുഹാജിറുകൾ ദരിദ്രരാണ്. പടച്ചട്ടയ്ക്കുപോലും പണമില്ല. രണ്ടു കുതിരകളും എഴുപത് ഒട്ടകങ്ങളുമാണ് ആകെയുള്ളത്...


 നബി ﷺ മുഹാജിറുകളുടെയും അൻസ്വാറുകളുടെയും

നേതാക്കളെ വിളിച്ചുവരുത്തി. ഗൗരവമായ ചർച്ച നടന്നു...


 “അബൂസുഫ്യാന്റെ കച്ചവട സംഘത്തിനുവേണ്ടി യാത്ര തുടരണമോ? അതോ സൈന്യത്തെ നേരിടണമോ..?”


 ചിലർ അബൂസുഫ്യാനെ നേരിടണമെന്ന അഭിപ്രായം പറഞ്ഞു. പക്ഷേ, പ്രവാചകനിൽ (ﷺ) നിന്ന് അനുകൂലമായ പ്രതികരണമില്ല.


 മുഹാജിറുകളോടും അൻസ്വാറുകളോടും മാറിമാറി ചോദിച്ചു. അബൂബക്കർ(റ) എഴുന്നേറ്റുനിന്ന് ഇങ്ങനെ പറഞ്ഞു: “നാം ഖുറയ്ശികളുമായി യുദ്ധത്തിനു തയ്യാറാകണം.”


 ഉടനെ ഉമർ(റ) എഴുന്നേറ്റുനിന്ന് ഉറച്ച സ്വരത്തിൽ പ്രഖ്യാപിച്ചു. “നാം ഖുറയ്ശിപ്പടയെ നേരിടണം, ധീരമായി പോരാടണം. ഇതാണ് എന്റെ അഭിപ്രായം.”