Wednesday - 22 April, 2026 4-Dhu al-Qadah-1447

കഅ്ബയുടെ താക്കോൽ (2)

   നബി ﷺ വളരെ ശാന്തനായി മുന്നോട്ടു നടന്നു. നേരെ മുമ്പിൽ ഉസ്മാൻ ബ്നു ത്വൽഹ നിൽക്കുന്നു. അദ്ദേഹത്തിന്റെ കൈവശമാണു കഅ്ബയുടെ താക്കോൽ...


 “ഉസ്മാൻ, കഅ്ബാലയത്തിന്റെ താക്കോൽ തരൂ...”


 യാതൊരു മടിയും കൂടാതെ ഉസ്മാൻ പുണ്യഭവനത്തിന്റെ താക്കോൽ എടുത്തു നീട്ടി. നബി ﷺ വിനയപൂർവം താക്കോൽ വാങ്ങി.


 പ്രവാചകൻ ﷺ താക്കോലുമായി കഅ്ബാ ശരീഫിന്റെ വാതിലിന്റെ മുന്നിലെത്തി. അപ്പോൾ അവിടെ നല്ല ജനത്തിരക്കായിരുന്നു. ഉസ്മാനും ആ തിരക്കിൽ പെട്ടു.


 കഅ്ബാലയത്തിൽ നിന്നു തിരിച്ചിറങ്ങിയപ്പോൾ പ്രവാചകൻ ﷺ യുടെ നയനങ്ങൾ ഉസ്മാനെ തിരയുകയായിരുന്നു. ഇതിനിടയിൽ അലി(റ) നബി ﷺ യുടെ സമീപം ചെന്ന് ഇങ്ങനെ അപേക്ഷിച്ചു: “ഇനി ആ താക്കോൽ ഞങ്ങളെ ഏൽപിച്ചാലും.”


 ആ അപേക്ഷ നിരസിക്കപ്പെട്ടു. താക്കോൽ നൽകിയില്ല. അപ്പോഴും

ആ കണ്ണുകൾ ഉസ്മാനെ തിരയുകയായിരുന്നു...


“ഉസ്മാൻ ബ്നു ത്വൽഹ എവിടെ..?” പ്രവാചകൻ ﷺ ചോദിച്ചു.


 “ഞാനിതാ ഇവിടെയുണ്ട്.” ഉസ്മാൻ ബ്നു ത്വൽഹയുടെ ശബ്ദം. ജനക്കൂട്ടത്തിനിടയിലൂടെ അദ്ദേഹം തിക്കിത്തിരക്കി മുന്നോട്ടു വരികയാണ്.


 വളരെ പാടുപെട്ട് അദ്ദേഹം നബി ﷺ യുടെ മുന്നിലെത്തി. അപ്പോൾ പ്രവാചകൻ ﷺ ഇങ്ങനെ പറഞ്ഞു: “ഉസ്മാൻ, ഇതു നന്മയുടെ ദിവസമാണ്. വാഗ്ദത്ത പാലനത്തിന്റെ ദിവസമാണ്. പുണ്യഭവനത്തിന്റെ താക്കോൽ ഞാൻ നിങ്ങളെത്തന്നെ ഏൽപിക്കുന്നു. നിങ്ങൾ തന്നെ ഇതു സൂക്ഷിക്കുക. ബലം പ്രയോഗിച്ച് ആരെങ്കിലും ഇത് അധീനപ്പെടുത്താൻ ശ്രമിച്ചാൽ അവൻ അക്രമി തന്നെ."


 ഈ വാക്കുകൾ ഉസ്മാൻ ബ്‌നു ത്വൽഹയുടെ മനസ്സിന്റെ അടിത്തട്ടിൽ ശക്തമായ ചലനങ്ങൾ സൃഷ്ടിച്ചു. ആ കണ്ണുകൾ നിറഞ്ഞൊഴുകി. കരങ്ങൾ വിറച്ചു. പ്രവാചകൻ ﷺ നീട്ടിയ

താക്കോൽ വിറയാർന്ന കരങ്ങൾകൊണ്ട് ഏറ്റുവാങ്ങി.


 ഉസ്മാൻ ബ്‌നു ത്വൽഹക്കും കുടുംബത്തിനും അതൊരു

വലിയ പദവി തന്നെയായിരുന്നു. പുണ്യ പ്രവാചകൻ ﷺ നൽകിയ

മഹത്തായ പദവി. ആ പദവി തലമുറകളിലേക്കു പടർന്നുവന്നു. മക്കക്കാർ ഉസ്മാൻ ബ്നു ത്വൽഹയെക്കുറിച്ച് അഭിമാന

പൂർവം സംസാരിച്ചു...


 ജാഹിലിയ്യ കാലത്തെ അറബികൾ അദ്ദേഹത്തിന്റെ അവകാശം അംഗീകരിച്ചുകൊടുത്തിരുന്നു. താക്കോലിന്റെ അവകാശി എന്ന നിലയിൽ പുറംനാടുകളിൽ നിന്നും

വരുന്നവരും അദ്ദേഹത്തെ ആദരിച്ചുപോന്നു.


 ഇപ്പോഴിതാ പുണ്യപ്രവാചകൻ ﷺ അദ്ദേഹത്തെ ആദരിച്ചിരിക്കുന്നു. അങ്ങനെ ഉസ്മാൻ ബ്നു ത്വൽഹ എന്ന ഖുറയ്ശി പ്രമുഖൻ ചരിത്രത്തിൽ സ്ഥാനം പിടിച്ചു...