Wednesday - 22 April, 2026 4-Dhu al-Qadah-1447

കൂറ്റൻ പടയുടെ മുന്നിൽ (2)

   മുസ്ലിം സൈന്യം വരുന്നുണ്ടെന്നു സിറിയക്കാർ അറിഞ്ഞു. അവർ സമീപ ഗോത്രക്കാരെയെല്ലാം സംഘടിപ്പിച്ചു.


 ഹിരാക്ലിയസ് രാജാവ് ഒരു ലക്ഷം സൈന്യത്തെ അയച്ചു കൊടുത്തു. ഗോത്രക്കാരെല്ലാം കൂടി ഒരു ലക്ഷത്തിൽപരം സൈന്യത്തെ അയച്ചു. ഏതാണ്ടു രണ്ടര ലക്ഷത്തോളം വരുന്ന വൻ സൈന്യത്തെ നേരിടാൻ സയ്ദ് ബ്നു ഹാരിസ്(റ)വിന്റെ നേതൃത്വത്തിലുള്ളത് മൂവ്വായിരം പേരടങ്ങുന്ന സൈന്യം..!


 എന്തു ചെയ്യണമെന്നറിയാതെ മുസ്ലിം സൈന്യം അൽപം വിഷമിച്ചു. പ്രവാചകനെ (ﷺ) വിവരം അറിയിക്കാം. ശത്രുക്കളുടെ എണ്ണം എത്രയോ ഇരട്ടിയാണെന്നറിയിക്കാം. പോഷക സൈന്യത്തെ അയച്ചുതരും. അങ്ങനെ ഒരാലോചന...


 മുഅ്ത്ത രണാങ്കണം. അവിടെയെത്തിക്കഴിഞ്ഞു. ഇനി ആലോചിച്ചിട്ടു കാര്യമില്ല. പ്രവാചകൻ ﷺ വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതനുസരിച്ചു പ്രവർത്തിച്ചാൽ മതി.


 മുസ്ലിംകൾ ഇത്രയും വലിയൊരു സൈന്യത്തെ ഇതിനു മുമ്പു നേരിട്ടിട്ടില്ല. മലവെള്ളംപോലെ പരന്നു കിടക്കുകയാണു ശത്രുസൈന്യം. പ്രവാചകനാണെങ്കിൽ (ﷺ) കൂടെയില്ല. എന്തു വേണം..?!


 പ്രവാചകരുടെ (ﷺ) വാക്കുകൾ അക്ഷരംപ്രതി പാലിക്കുക. ഒന്നുകിൽ വിജയം. അല്ലെങ്കിൽ വീരരക്തസാക്ഷിത്വം...


 ബദ്റിൽ മുന്നൂറ്റിപതിമൂന്നുപേർ ആയിരത്തോളമാളുകളെ നേരിട്ടു. ശ്രതുക്കൾ മൂന്നിരട്ടിയാണ്. ഇവിടെ എത്രയോ ഇരട്ടിയാണ്. ഒരു മുസ്ലിം ഭടൻ എൺപതിൽപരം ശത്രുക്കളെ നേരിടണം..! വിചിത്രമായ അനുപാതം...


 സത്യവിശ്വാസികളുടെ മനസുകൾ ഭക്തിനിർഭരമായി. സർവവും അല്ലാഹുﷻവിലർപ്പിച്ചു. ജീവിതവും മരണവും. പിന്നെ ഒരു മുന്നേറ്റം.

അല്ലാഹു അക്ബർ. അല്ലാഹു അക്ബർ. വൻ ശത്രുസൈന്യത്തിന്റെ മധ്യത്തിലേക്കവർ പാഞ്ഞുകയറി...


 പടവാൾ വീശിക്കൊണ്ടു മിന്നൽ വേഗത്തിൽ മുന്നേറുന്നു. സയദ് ബ്നു ഹാരിസ് (റ) നബിﷺതങ്ങൾ നൽകിയ പതാകയുമായി അതിവേഗം മുന്നേറിക്കൊണ്ടിരുന്നു. നിരവധി ശത്രുക്കളെ വെട്ടിവീഴ്ത്തി...


 ശത്രുക്കൾ കുന്തങ്ങളുമായി പാഞ്ഞെടുത്തു. ആ പുണ്യശരീരത്തിൽ ആഞ്ഞുകുത്തി. കുന്തംകൊണ്ടുള്ള നിരവധി കുത്തുകൾ. മാരകമായ മുറിവുകൾ, രക്തത്തിൽ കുളിച്ചു. ശക്തി ക്ഷയിച്ചു. ശരീരം തളർന്നു. കുഴഞ്ഞു കുഴഞ്ഞു വീഴുകയാണ്. പതാക

ജഅ്ഫർ ബ്നു അബീത്വാലിബ്(റ)വിനെ ഏൽപിച്ചു...


 തന്റെ ധീര പോരാട്ടങ്ങൾ കൊണ്ടു നിരവധി രണഭൂമികളെ രോമാഞ്ചമണിയിച്ച സയ്ദ് ബ്നു ഹാരിസ് (റ) മുഅ്ത്ത യുദ്ധത്തിൽ രക്തസാക്ഷിയായി. ഇസ്ലാമിക ചരിത്രത്തിൽ അനശ്വരനായി...


 ജഅ്ഫർ(റ) നോമ്പുകാരനായിരുന്നു. ശത്രുക്കളുടെ ആയിരക്കണക്കിനു പടവാളുകൾ അദ്ദേഹത്തിനു നേരെ നീണ്ടുവരുന്നു. പതാകയുമായി മുന്നേറുകയാണ്. മിന്നൽ വേഗത്തിൽ ശ്രതുക്കളെ വെട്ടുന്നു.


 വലതു കയ്യിൽ പതാക ഉയർത്തിപ്പിടിച്ചു. ആ കൈക്കു വെട്ടേറ്റു. സർവ ശക്തിയുമുപയോഗിച്ചാണു ക്രൂരനായ ശത്രു വെട്ടിയത്. വലതു കൈ അറ്റുതൂങ്ങിപ്പോയി. പെട്ടെന്നു പതാക ഇടതു കയ്യിലേക്കു മാറ്റിപ്പിടിച്ചു.


 ഏറെക്കഴിഞ്ഞില്ല. ഇടതു കൈക്കും ശക്തിയായ വെട്ടേറ്റു. ആ കൈ മുറിഞ്ഞുപോയി. പതാക താഴെയിട്ടില്ല. കക്ഷത്ത് ഇറുക്കിപ്പിടിച്ചു.


 കൈകളില്ലാത്ത ശരീരത്തിൽ തുരുതുരാ വെട്ടുകൾ വീണു. ഒരു മനുഷ്യശരീരം വെട്ടിനുറുക്കപ്പെടുന്നു. ശക്തി ചോർന്നുപോയി. താഴെ വീഴുംമുമ്പെ പതാക അബ്ദുല്ലാഹിബ്നു റവാഹ(റ)വിനു കൈമാറി...