അബ്ദുല്ലാഹിബ്നു റവാഹ (റ) പതാകയുമായി മുന്നേറി. തന്റെ മുൻഗാമികൾ വീരരക്തസാക്ഷികളായി. തനിക്കും അവരെ പിന്തുടരണം. രക്തസാക്ഷിയാകണം. അതിനു മുമ്പെ കുറെ ശത്രുക്കളെയെങ്കിലും തുരത്തണം. എന്തൊരു വാൾ പ്രയോഗം..!
വരുന്ന വഴിയിൽ ശത്രുക്കൾ പിൻമാറുന്നു. വെട്ടേറ്റവർക്കു കണക്കില്ല. യുദ്ധ ചരിത്രത്തിലെ അത്ഭുതകരമായ രംഗങ്ങളാണു മുഅ്ത്ത രണാങ്കണത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. മരണത്തിലേക്കുള്ള ആവേശകരമായ ഓട്ടം. എന്തൊരു വേഗമാണതിന്..!
കുന്തങ്ങളും വാളുകളും അബ്ദുല്ലാഹിബ്നു റവാഹ(റ)വിന്റെ കൈകളിൽ മുറിവുണ്ടാക്കി. ശരീരത്തിൽ വെട്ടുകൾ വീഴുന്നു. ഇടതും വലതും കൈകൾക്കു വെട്ടേറ്റു. രക്തം വാർന്നൊഴുകി. മറിഞ്ഞു വീഴുകയാണ്. ഏറെ മോഹിച്ച രക്തസാക്ഷിത്വം. പതാക നിലത്തു വീഴും മുമ്പേ ഉഖ്ബത് ബ്നു ആമിർ (റ) കൈവശമാക്കി.
അബ്ദുല്ലാഹിബ്നു ഉമർ (റ) ഒരു പാത്രത്തിൽ അൽപം വെള്ളവുമായി ജഅ്ഫർ(റ)വിന്റെ സമീപം ഓടിയെത്തി. അദ്ദേഹം മരണവുമായി മല്ലടിക്കുകയായിരുന്നു.
“താങ്കൾ അൽപം വെള്ളം കുടിക്കൂ..!” അബ്ദുല്ലാഹിബ്നു ഉമർ (റ) പറഞ്ഞു.
“വേണ്ട, ഞാൻ നോമ്പുകാരനാണ്. നോമ്പുതുറക്കുന്ന സമയം വരെ ഞാൻ ജീവിച്ചിരുന്നാൽ വെള്ളംകൊണ്ടു നോമ്പ് തുറക്കാം... അല്ലെങ്കിൽ... നോമ്പുകാരനായിക്കൊണ്ടുതന്നെ...
ഞാൻ പോകട്ടെ, എന്റെ റബ്ബിന്റെ... സന്നിധിയിലേക്ക്.”
ആ ധീരസേനാനി മരണത്തിലേക്ക് അതിവേഗം നീങ്ങുകയായിരുന്നു.
യുദ്ധം പിന്നെയും തുടർന്നു. ഒരാളെ നേതാവായി തെരഞ്ഞെടുക്കണം. നേതാക്കൾ മരിച്ചുവീണു പരാജയത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ ആരാണു സന്നദ്ധരാകുക..?!
എല്ലാവരും ഖാലിദ് ബ്നുൽ വലീദ് (റ) വിനെ നോക്കി. സൂര്യൻ അസ്തമിച്ചു. ഇരുട്ടു പരന്നു. യുദ്ധം നിന്നു. ഇനി നാളെ...
ധീരനായ ഖാലിദ് ബ്നുൽ വലീദ് (റ) സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ഉഹുദിൽ വച്ചു ഖാലിദ്(റ)വിന്റെ യുദ്ധ ത്രന്തം നാം കണ്ടതാണ്. ശക്തികൊണ്ടല്ല, തന്ത്രംകൊണ്ടു ജയിക്കണമെന്ന് അദ്ദേഹം ഉറച്ചു.
ആ രാത്രിയിൽ ഖാലിദ്(റ)വിന്റെ ബുദ്ധി നന്നായി പ്രവർത്തിച്ചു. പിറ്റേന്ന് അതിരാവിലെ അദ്ദേഹം സൈന്യത്തെ അത്ഭുതകരമായ രീതിയിൽ വിന്യസിച്ചു. മുൻനിരകളിൽ കുറഞ്ഞ ആളുകളേ ഉള്ളൂ. അങ്ങനെ ഏതാനും നിരകൾ. പിൻനിരയിൽ വളരെ നീളത്തിൽ സൈനികരെ വിന്യസിച്ചു...
ശത്രുക്കൾ രാവിലെ വന്നുനോക്കുമ്പോൾ വളരെ ഭീകരമായ കാഴ്ചയാണു കണ്ടത്. വളരെ നീളമുള്ള മുസ്ലിം നിര ഇന്നലെ ഇതിന്റെ പത്തിലൊന്നു പോലുമില്ല. ഒരൊറ്റ രാത്രികൊണ്ട് ഇത്രയേറെ സൈന്യങ്ങൾ വന്നുവോ..? മദീനയിൽ നിന്നു പതിനായിരങ്ങൾ വന്നതുപോലെ തോന്നി...
ഇന്നലത്തെ പരാക്രമങ്ങൾ ശത്രുക്കളെ ഭീതിപ്പെടുത്തിയിരുന്നു. വെട്ടേൽക്കുന്തോറും മുന്നോട്ടു മുന്നോട്ടു കുതിക്കുന്ന നേതാക്കൾ.
മുറിവു പറ്റിയാൽ അതും കൊണ്ടോടുന്ന സൈനികരെ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ. സൈന്യാധിപന്മാർ സുരക്ഷിത കേന്ദ്രങ്ങളിലിരുന്നു യുദ്ധം നിയന്ത്രിക്കുന്നതാണു റോമാക്കാരുടെയും മറ്റും അറിവ്.
ഇവിടെ അതല്ല കണ്ടത് - സൈന്യാധിപന്മാർക്ക് ആദ്യം മരിക്കണം. ഇതെന്തൊരു ജനത..!
അങ്ങനെയുള്ള പതിനായിരങ്ങൾ..!!
അവരോടേറ്റുമുട്ടിയാൽ റോമൻ സൈന്യം നാമാവശേഷമാകും. തൽക്കാലം പിൻമാറുന്നതാണു യുക്തി...
സൈനിക നേതാക്കൾ കൂടിയാലോചന നടത്തി. പിൻമാറാൻ തീരുമാനിച്ചു. കൽപന കിട്ടേണ്ട താമസം സൈന്യം പിന്മാറിത്തുടങ്ങി...
പിൻതിരിഞ്ഞാടുമ്പോൾ മുസ്ലിം സൈന്യം പിന്നിൽനിന്ന് ആക്രമിക്കുമോ എന്നു ഭയം. അതോടെ ഓട്ടത്തിനു വേഗം കൂടി.
മുസ്ലിം സൈന്യം നിന്നേടത്തുതന്നെ നിന്നു...
ശത്രുക്കളുടെ പലായനം അവരെ അതിശയിപ്പിച്ചു. ജഅ്ഫർ(റ)വിന്റെ ശരീരത്തിന്റെ മുൻഭാഗത്തു മാത്രം
തൊണ്ണൂറിൽപരം മുറിവുകളുണ്ടായിരുന്നു.
എല്ലാം അല്ലാഹുﷻവിൽ അർപ്പിച്ച് ഒരുമയോടെ മുന്നേറിയാൽ അത്ഭുതകരമായ മാർഗത്തിലൂടെ അല്ലാഹു ﷻ സഹായിക്കും എന്ന
മഹത്തായ പാഠമാണു മുഅ്ത്ത യുദ്ധത്തിൽ നിന്നു പഠിക്കാനുള്ളത്...
തിരുനബി ﷺ തങ്ങളുടെ സാന്നിധ്യമില്ലെങ്കിലും സത്യവിശ്വാസികൾക്കു തക്ക സമയത്തു സഹായമെത്തും. പിൽക്കാല തലമുറക്കാർ അങ്ങനെയൊരു പാഠംകൂടി മുഅ്ത്ത യുദ്ധത്തിൽ നിന്നു പഠിക്കണം...