അബൂഹുറൈറ (റ) നിവേദനം ചെയ്ത ഒരു ഹദീസ് കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്...
ഒരു ഗ്രാമീണനായ അറബിയുടെ ചോദ്യവും നബിﷺതങ്ങൾ നൽകിയ മറുപടിയുമാണു ഹദീസിന്റെ ഉള്ളടക്കം.
ഹദീസിന്റെ ആശയം ഇപ്രകാരമായിരുന്നു: ഒരിക്കൽ ഒരു ഗ്രാമീണനായ അറബി നബിﷺതങ്ങളുടെ സമീപത്തു വന്നു. എന്നിട്ടിങ്ങനെ പറഞ്ഞു:
“അല്ലാഹുﷻവിന്റെ റസൂലേ,
സ്വർഗത്തിൽ പ്രവേശിക്കുന്നതിന് ഉതകുന്ന പുണ്യകർമ്മം എനിക്കു പറഞ്ഞുതന്നാലും...”
നബി ﷺ ഇങ്ങനെ പറഞ്ഞു: “നീ അല്ലാഹുﷻവിനെ മാത്രം ആരാധിക്കുക. അവനോട് ഒരു വസ്തുവിനെയും പങ്കുചേർക്കരുത്. നിർബന്ധ നിസ്കാരം നിലനിർത്തുക. നിർബന്ധമായ സക്കാത്ത് കൊടുക്കുക. റമളാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കുക.”
ഇതു കേട്ടപ്പോൾ അറബി പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെക്കൊണ്ടു സത്യം. ഞാനിതിൽ എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ ഇല്ല.” അനന്തരം അദ്ദേഹം തിരിച്ചുപോയി.
അപ്പോൾ നബിﷺതങ്ങൾ ഇങ്ങനെ പറഞ്ഞു: “സ്വർഗവാസികളിൽപെട്ട ഒരാളെ കാണാനും ആനന്ദിക്കാനും ആഗ്രഹിക്കുന്നവർ ഇതാ ഇദ്ദേഹത്തെ നോക്കിക്കൊള്ളട്ടെ.”
ഹദീസിന്റെ ഉള്ളടക്കമാണു നിങ്ങൾ വായിച്ചത്. നിഷ്കളങ്കനായ ഗ്രാമീണന്റെ ചോദ്യം. അതിനു പ്രവാചകൻ ﷺ നൽകിയ മറുപടി. നിർബന്ധ കാര്യങ്ങൾ നിർവഹിക്കാമെന്നു വാക്കുകൊടുത്ത് അദ്ദേഹം സ്ഥലം വിടുകയാണു ചെയ്തത്.
അദ്ദേഹത്തെ സ്വർഗാവകാശിയായി നബിﷺതങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.
പ്രമുഖ സ്വഹാബിവര്യനായ ത്വൽഹത് ബ്നു ഉബയ്ദില്ല (റ) നിവേദനം ചെയ്ത ഒരു ഹദീസ് കൂടി നോക്കാം. അതിന്റെ ആശയം താഴെ കൊടുക്കുന്നു.
ത്വൽഹ (റ) പറയുന്നു: ഒരിക്കൽ നജ്ദ് നിവാസിയായ ഒരാൾ വന്നു. അദ്ദേഹത്തിന്റെ തലമുടി പാറിപ്പറക്കുകയായിരുന്നു. അകലെനിന്നു തന്നെ ഞങ്ങൾ അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. നേരിയ ശബ്ദത്തിലുള്ള സംസാരം. എന്താണു പറയുന്നതെന്നു ഞങ്ങൾക്കു മനസ്സിലായിരുന്നില്ല. അങ്ങനെ അദ്ദേഹം നബിﷺതങ്ങളുടെ സമീപത്തെത്തി. അദ്ദേഹം ഇസ്ലാം മതത്തെപ്പറ്റി ചോദിക്കുകയായിരുന്നു.
നബി ﷺ മറുപടി നൽകി: “ഒരു രാപകലിൽ അഞ്ചു നേരത്തെ നിസ്കാരം നിർവഹിക്കുക.”
ആഗതൻ ചോദിച്ചു: “നിർബന്ധമായ മറ്റുവല്ല നിസ്കാരവുമുണ്ടോ..?”
നബിﷺതങ്ങൾ പറഞ്ഞു: “ഇല്ല, സുന്നത്തു നിസ്കാരം നിർവഹിക്കുന്നതു നല്ലതാണ്. നീ റമളാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കുക.”
ആഗതൻ ചോദിച്ചു: “വേറെ വല്ല നോമ്പും നിർബന്ധമായുണ്ടോ..?”
നബി ﷺ മറുപടി നൽകി: “ഇല്ല, സുന്നത്തുനോമ്പ് എടുക്കുന്നതു നല്ലതാണ്. അതിനുശേഷം നബി ﷺ സക്കാത്തിനെക്കുറിച്ചു പറഞ്ഞു കൊടുത്തു.
അപ്പോൾ ചോദിച്ചു: “അതൊഴികെ വേറെ വല്ല ദാനവും എനിക്കു നിർബന്ധമുണ്ടോ..?”
നബി ﷺ പറഞ്ഞു: “ഇല്ല, ദാനം ചെയ്യുന്നതു സുന്നത്താകുന്നു.”
അനന്തരം അദ്ദേഹം സത്യം ചെയ്തുകൊണ്ടു പറഞ്ഞു: “അല്ലാഹുﷻവാണ് സത്യം..! ഈ പറഞ്ഞ കാര്യങ്ങളിൽ ഞാൻ കൂട്ടുകയോ കുറയ്ക്കുകയോ ഇല്ല.” എന്നിട്ടദ്ദേഹം തിരിച്ചുപോയി.
അപ്പോൾ നബി ﷺ ഇങ്ങനെ പറഞ്ഞു: “സത്യമാണു പറഞ്ഞതെങ്കിൽ അദ്ദേഹം വിജയിച്ചു.”
ത്വൽഹ (റ) നിവേദനം ചെയ്ത ഹദീസിന്റെ ആശയമാണു നിങ്ങൾ വായിച്ചത്.
പല തരത്തിലുള്ള മനുഷ്യർ നബി ﷺ തങ്ങളെ കാണാൻ വരുമായിരുന്നു. വിജ്ഞാനമുള്ളവരും അനുഭവസമ്പത്തുള്ളവരും നബിﷺയെ കാണാൻ വരുമായിരുന്നു.
ആടിനെ മേച്ചു നടക്കുന്ന ഗ്രാമീണരും ലോകപരിചയമില്ലാത്ത ഗ്രാമവാസികളുമൊക്കെ അക്കൂട്ടത്തിലുണ്ടാകും.
ഓരോരുത്തരുടെയും നില നോക്കിയാണു പ്രവാചകൻ ﷺ സംസാരിക്കുക. സ്വർഗത്തിൽ പ്രവേശിക്കാനുള്ള മാർഗം അന്വേഷിച്ചു വരുന്നവർക്കു പ്രവാചകൻ ﷺ ചില അനുഷ്ഠാനകർമ്മങ്ങൾ നിർദേശിക്കുന്നു. അവരതു കേട്ടു സമ്മതിക്കുന്നു. ആഹ്ലാദപൂർവം തിരിച്ചുപോകുന്നു.
ഇസ്ലാമിന്റെ സമ്പൂർണത വരുന്നതിനു
മുമ്പായിരുന്നു ഈ സംഭവങ്ങളെന്നും ഓർക്കണം...