Wednesday - 22 April, 2026 4-Dhu al-Qadah-1447

ഭൂമിയിലെ സാക്ഷികൾ


   അല്ലാഹു ﷻ പരമകാരുണികനാകുന്നു. തന്റെ അടിമകൾക്ക് അവൻ കണക്കില്ലാത്ത അനുഗ്രഹങ്ങൾ

നൽകുന്നു. മനുഷ്യനു കണ്ടറിയാൻ കഴിയുന്ന അനുഗ്രഹങ്ങൾ. ഏതൊക്കെയാണത്..?


 ആരോഗ്യം, ധനം, വിജ്ഞാനം, സ്വാധീനം, നേതൃത്വം, വളരെ പ്രധാനപ്പെട്ട മറ്റൊരനുഗ്രഹത്തിന്റെ പേരുകൂടി പറയാം; സൽസ്വഭാവം.


 സൽസ്വഭാവത്തിന്റെ ഏറ്റവും വലിയ ഉദാഹരണം നബിﷺതങ്ങൾ തന്നെയാകുന്നു. മനുഷ്യവർഗത്തിൽ ഉത്തമ സ്വഭാവഗുണങ്ങൾ വളർത്തിയെടുക്കാൻ പ്രവാചകൻ ﷺ ശ്രമിച്ചു.


 സൽസ്വഭാവത്തിന്റെ സവിശേഷതകൾ പ്രവാചകൻ ﷺ അനുയായികൾക്കു വിവരിച്ചുകൊടുക്കുമായിരുന്നു. സൽസ്വഭാവികളെ എല്ലാവരും ഇഷ്ടപ്പെടും. സ്വഭാവ ദൂഷ്യമുള്ളവരെ എല്ലാവരും വെറുക്കുകയും ചെയ്യും.

ഇതു നമുക്കെല്ലാം അനുഭവമാകുന്നു.


 സ്വഭാവഗുണമുള്ള ആളുകളെപ്പറ്റി നാം നല്ല ആളുകൾ എന്നു പറയുന്നു. മറ്റുള്ളവർ നമ്മെപ്പറ്റി നല്ലതു പറയണം . അവരെക്കൊണ്ടു നാം അങ്ങനെ പറയിപ്പിക്കണം.


 നമ്മുടെ സ്വഭാവഗുണങ്ങൾ കണ്ടിട്ട് അവരങ്ങനെ പറയണം. ആത്മാർത്ഥമായി അവരങ്ങനെ പറഞ്ഞാൽ അതിനു ഫലമുണ്ട്. ഒരു സംഭവം ശ്രദ്ധിക്കൂ..!


 നബിﷺതങ്ങൾ ഏതാനും ആളുകളോടൊപ്പം നിൽക്കുന്നു. അപ്പോൾ അതുവഴി ഒരു മയ്യിത്തു കൊണ്ടുപോയി. മയ്യിത്തിനോടൊപ്പം ഒരാൾക്കൂട്ടവും നീങ്ങിപ്പോകുന്നു.


 അപ്പോൾ നബിﷺ തങ്ങളോടൊപ്പം ഉണ്ടായിരുന്നവർ ഇങ്ങനെ പറഞ്ഞു: “നല്ലൊരു മനുഷ്യനായിരുന്നു.” പരേതൻ നല്ല ആളായിരുന്നു എന്നാണവരുടെയെല്ലാം അഭിപ്രായം. ആരും എതിരഭിപ്രായം പറഞ്ഞില്ല.


 നബി ﷺ അവരുടെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടു. പുഞ്ചിരി തൂകിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “എങ്കിൽ തീർച്ച തന്നെ.”

നബി ﷺ എന്താണ് ഉദ്ദേശിച്ചതെന്ന് ആർക്കും മനസ്സിലായില്ല. എടുത്തു ചോദിച്ചുമില്ല.


 പറയും, അറിയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞുതരുമല്ലോ. അപ്പോൾ കേൾക്കാം. അവസരം വരുമ്പോൾ കേൾക്കാം. അവർ സമാധാനിച്ചു.

മറ്റൊരു സംഭവംകൂടി...


 ഒരു മയ്യിത്തു കൊണ്ടുപോകുന്നു.

അപ്പോൾ ആളുകൾ ഇങ്ങനെ പറയാൻ തുടങ്ങി: “അയാൾ ഒരു ദ്രോഹിയായിരുന്നു. ചീത്ത ആളായിരുന്നു.” എല്ലാവരും വിഷമത്തോടെ സംസാരിക്കുന്നു. അയാളുടെ മരണം ഒരാശ്വാസം പോലെ. അയാളെക്കൊണ്ടുള്ള ദ്രോഹം നീങ്ങിക്കിട്ടിയതുപോലെ...


 അവരുടെ അഭിപ്രായ പ്രകടനങ്ങൾ കേട്ടപ്പോൾ നബിﷺതങ്ങൾ പറഞ്ഞു: “എങ്കിൽ തീർച്ച തന്നെ.” 


 ഇത്തവണ ആളുകളുടെ ഉൽകണ്ഠ വർധിച്ചു. പ്രവാചകൻ ﷺ പറഞ്ഞതിന്റെ പൊരുൾ അവർക്കറിയണം. ഉമർ(റ) വിനയപൂർവം ചോദിച്ചു: “അല്ലാഹുﷻവിന്റെ റസൂലേ, എന്താണ് അങ്ങു പറഞ്ഞതിന്റെ താൽപര്യം..?”


 നബി ﷺ മറുപടി നൽകി: “ആദ്യത്തെ മയ്യിത്തു കണ്ടപ്പോൾ നിങ്ങൾ നല്ല ആളാണെന്നു പറഞ്ഞു. അദ്ദേഹം സ്വർഗത്തിലാണെന്ന കാര്യം തീർച്ച

തന്നെ. 


 രണ്ടാമത്തെ മയ്യിത്തു കണ്ടപ്പോൾ നിങ്ങളെന്തു പറഞ്ഞു..? അയാൾ ഒരു ദുഷ്ടനായിരുന്നുവെന്ന്. അയാൾ നരകത്തിലാണെന്ന കാര്യവും തീർച്ച തന്നെ.


 സത്യവിശ്വാസികളായ നിങ്ങളുടെ പദവി എന്താണെന്നറിയുമോ..? നിങ്ങൾ ഭൂമിയിൽ അല്ലാഹുﷻവിന്റെ സാക്ഷികളാണ്...


 പ്രവാചകന്റെ (ﷺ) വാക്കുകൾ അവരെ കോരിത്തരിപ്പിച്ചു. കുട്ടികളേ, നിങ്ങൾ കറകളഞ്ഞ സത്യവിശ്വാസികളായി

വളർന്നുവരണം. അപ്പോൾ നിങ്ങൾ ആരായിത്തീരും..? അല്ലാഹുﷻവിന്റെ സാക്ഷികൾ..! ഭൂമിയിലെ സാക്ഷികൾ..!