ഒരു പ്രമുഖ സ്വഹാബിവര്യനാണു ജാബിർ(റ). നബിﷺതങ്ങളുമായി വളരെയടുത്ത് ഇടപഴകുന്ന ആളാണ്. ഇടയ്ക്കൊക്കെ വീട്ടിൽ വരും. പല കാര്യങ്ങളും ചർച്ച ചെയ്യും.
ഒരു ദിവസം ജാബിർ(റ) നബി ﷺ തങ്ങളുടെ വീട്ടിൽ വന്നു. അപ്പോൾ അവിടെ കണ്ട കാഴ്ച ജാബിർ(റ)വിനെ അത്ഭുതപ്പെടുത്തി. നബിﷺതങ്ങൾ പേരക്കുട്ടികളുമായി കളിക്കുന്നു.
പ്രിയപുത്രി ഫാത്വിമയോടു പ്രവാചകർക്കുള്ള സ്നേഹം വിവരണാധീതമാണ്. ഫാത്വിമ(റ)യുടെ പുത്രന്മാരാണ് ഹസൻ(റ), ഹുസയ്ൻ(റ) എന്നിവർ. അവരുടെ ചിരിയിലും കളിയിലുമെല്ലാം നബി ﷺ പങ്കെടുക്കുന്നു.
അപ്പോൾ ഒരു കുട്ടിയുടെ ഭാവമാണ്. നബി ﷺ നാലുകാലിൽ നിന്നുകൊടുക്കുന്നു. കുട്ടികൾ
രണ്ടുപേരും മുതുകിൽ കയറിയിരിക്കുന്നു. ഒട്ടകത്തെ നയിക്കുംപോലെ കളിക്കുന്നു.
കൊച്ചുകുട്ടികളുടെ പ്രിയപ്പെട്ട വാഹനം,
കാഴ്ച കണ്ട ജാബിർ(റ) അതിശയത്തോടെ പറഞ്ഞു: “കുട്ടികളേ..! നിങ്ങൾ ഇരുവരുടെയും വാഹനം എത്ര ശ്രേഷ്ഠമായതാണ്..!”
ഉടനെത്തന്നെ നബിﷺതങ്ങളുടെ മറുപടി വന്നു: “വാഹനത്തിൽ കയറിയ രണ്ടുപേരും എത്ര ശ്രഷ്ഠർ..!”
ഇമാം ഹസൻ(റ), ഇമാം ഹുസയ്ൻ(റ) എന്നിവരുടെ മഹത്ത്വം വ്യക്തമാക്കുന്ന വചനമാണിത്. ജാബിർ(റ)വിൽ നിന്ന് ഈ വിവരം സത്യവിശ്വാസികൾ അറിഞ്ഞു.
കുട്ടികളുടെ കൂട്ടുകാരനായിരുന്നു നബിﷺതങ്ങൾ. കുഞ്ഞുങ്ങളെ ലാളിക്കാനും അവരുടെ കളികളിൽ പങ്കുചേരാനും വലിയ താൽപര്യമായിരുന്നു.
ഒരിക്കൽ നബിﷺതങ്ങൾ നിസ്കരിക്കുകയായിരുന്നു. ഹസൻ(റ) ചെറിയ കുട്ടിയാണ്. നബിﷺതങ്ങൾ സുജൂദ് ചെയ്യുകയായിരുന്നു. ഹസൻ(റ) അതു കണ്ടു. മുതുകിൽ കയറിക്കളിക്കാൻ പറ്റിയ സമയം. ഉടനെ ഓടിവന്നു. മുതുകിൽ കയറിയിരിപ്പായി.
തലപൊക്കാനാകുന്നില്ല. വളരെനേരം സുജൂദിൽ കിടന്നു. കുട്ടി മുതുകിൽനിന്ന് ഇറങ്ങിയപ്പോൾ സുജൂദിൽനിന്നു തല ഉയർത്തി. നിസ്കരിച്ചശേഷം കുട്ടിയെ സ്നേഹപൂർവം സ്വീകരിക്കുകയാണു ചെയ്തത്. കോപിച്ചില്ല. വാത്സല്യം കൂടിയതേയുള്ളൂ.
ഹസൻ(റ), ഹുസയ്ൻ(റ) എന്നിവരോടുള്ള നബിﷺതങ്ങളുടെ സ്നേഹം ഫാത്വിമ(റ)യെ കോരിത്തരിപ്പിച്ചു.
ഒരിക്കൽ ഫാത്വിമ(റ) പിതാവിനെ കാണാൻ വന്നു. അവരുടെ മനോഹരമായ ഉള്ളംകൈ ആസ് കല്ല് തിരിച്ചു തഴമ്പിച്ചിരുന്നു.
ഗോതമ്പ് ആട്ടിയെടുക്കുന്ന കല്ല് സ്വയം തിരിക്കണം. സഹായത്തിനൊരാളില്ല. ഒരു വേലക്കാരിയെ കിട്ടണം. പിതാവിനോടു പറഞ്ഞാൽ വേലക്കാരിയെ കിട്ടുമെന്നാണു പ്രതീക്ഷ. തന്നോടും തന്റെ മക്കളോടും എന്തൊരു സ്നേഹമാണ്. തങ്ങളുടെ പ്രയാസം കുറച്ചുതരാതിരിക്കുമോ..?
വീട്ടിലെത്തിയപ്പോൾ പിതാവില്ല. ആഇശ(റ)യെ കണ്ടു. ആസ് കല്ലു പിടിച്ചു തഴമ്പിച്ച കൈ കാണിച്ചുകൊടുത്തു.
ആഇശ(റ)ക്കു ദുഃഖം തോന്നി. പിതാവു വരുമ്പോൾ പ്രശ്നം അവതരിപ്പിക്കാമെന്ന് ആഇശ(റ) സമ്മതിച്ചു. ഫാത്വിമ(റ) മടങ്ങിപ്പോയി...
ആഇശ(റ)യുടെ മനസ്സിൽ ഫാത്വിമ(റ)യുടെ അവസ്ഥ അസ്വസ്ഥത പരത്തിയിരുന്നു. നബി ﷺ വന്നപ്പോൾ ആഇശ(റ) പ്രശ്നം അവതരിപ്പിച്ചു. ഒരു വേലക്കാരിയെ നൽകണമെന്നു സ്നേഹപൂർവം നിർബന്ധിച്ചു.
നബി ﷺ അവിടെ നിന്നെഴുന്നേറ്റു. നേരെ പുത്രിയുടെ വീട്ടിലേക്കു നടന്നു.
“ഫാത്വിമാ...” പിതാവിന്റെ വിളി.
മകൾ വിളികേട്ടു ഓടിച്ചെന്നു.
“എന്റെ പ്രിയപ്പെട്ട മകളേ, ഒരു വേലക്കാരിയെ കിട്ടുന്നതിനെക്കാൾ ഉത്തമമായ കാര്യം നിനക്കു പറഞ്ഞു തരാനാണു ഞാൻ വന്നത്. ഓരോ നിസ്കാരത്തിനു ശേഷവും "സുബ്ഹാനല്ലാഹ്” എന്നു മുപ്പത്തിമൂന്നു പ്രാവശ്യം ചൊല്ലുക. "അൽഹംദുലില്ലാഹ്” എന്നു മുപ്പത്തിമൂന്നു പ്രാവശ്യം ചൊല്ലുക. "അല്ലാഹു അക്ബർ” എന്നു മുപ്പത്തിമൂന്നു പ്രാവശ്യം ചൊല്ലുക.”
മകൾ പിതാവിനെ അനുസരിച്ചു...
വേലക്കാരിയെ ലഭിക്കണമെന്ന മോഹം ഉപേക്ഷിച്ചു. വീട്ടു വേലകൾ സ്വയം ചെയ്തു. രാജ്യം ഭരിക്കുന്ന ഭരണാധികാരിയാണു പിതാവ്. എന്നിട്ടും മകളുടെ സേവനത്തിന് ഒരു പരിചാരികയെ നൽകിയില്ല. മകൾക്കു പരാതിയില്ല.