Wednesday - 22 April, 2026 4-Dhu al-Qadah-1447

പുതിയ ഇമാം (2)

   നിസ്കാരത്തിനു നേതൃത്വം നൽകാൻ അബൂബക്കർ(റ) വന്നതോടെ നബി ﷺ തങ്ങളുടെ രോഗം ഗുരുതരാവസ്ഥയിലെത്തിയെന്നു മദീനയിലുള്ളവർ മനസിലാക്കി.


 പ്രവാചകന്റെ (ﷺ) രോഗവിവരമറിഞ്ഞു ഉസാമ(റ)വും സൈന്യവും ജുർഫിൽ നിന്നു മദീനയിൽ തിരിച്ചെത്തിയിരുന്നു. ഉസാമ (റ) പ്രവാചകനെ (ﷺ) കാണാൻ വേണ്ടി മുറിയിലേക്കു കടന്നുചെന്നു.


 സംസാരിക്കാൻ പ്രയാസപ്പെടുന്ന അവസ്ഥ. ഉസാമ(റ)വിന്റെ മുഖത്തേക്ക് ഉറ്റുനോക്കി. പിന്നെ ആ ശരീരം സ്പർശിച്ചു. കൈ ഉയർത്തി. പ്രാർത്ഥിക്കുവാൻ പറയുന്നതുപോലെ.


 നബിﷺതങ്ങളുടെ അവസ്ഥ കുടുംബാംഗങ്ങളെ എല്ലാം വേദനിപ്പിച്ചു. എന്തെങ്കിലും ഔഷധം നൽകണമെന്നു തീരുമാനിച്ചു...


 മയ്മൂന(റ)യുടെ സഹോദരിയാണു അസ്മാഅ്(റ). അവർ അബ്സീനിയയിലേക്കു ഹിജ്റ പോയിരുന്നു. അബ്സീനിയയിലെ ജീവിതകാലത്ത് അവർ ഒരു ഔഷധം

ഉണ്ടാക്കാൻ പഠിച്ചിരുന്നു. ഫലപ്രദമായ ഔഷധം. അവർ അതു തയ്യാറാക്കി.


 പ്രവാചകൻ ﷺ അബോധാവസ്ഥയിലായ ഒരു ഘട്ടത്തിൽ അവർ ഔഷധം കുടിപ്പിച്ചു. ബോധം വന്നപ്പോൾ നബി ﷺ ചോദിച്ചു: “നിങ്ങൾ എന്തിനതു ചെയ്തു. അല്ലാഹു ﷻ എനിക്കു രക്ഷയേകിയ രോഗമാണിത്.”


രോഗം വന്ന സന്ദർഭത്തിൽ നബി ﷺ തങ്ങളുടെ കൈവശം ഏഴു ദിനാർ ഉണ്ടായിരുന്നു. ഇതു ബാക്കിവച്ചുകൊണ്ടു വഫാതാകാൻ പറ്റില്ല. അതു ദാനം ചെയ്യാൻ ആഇശ(റ)യെ ഏൽപിച്ചു.


 വഫാതാകുന്നതിനു ഒരു ദിവസം മുമ്പേ നബി ﷺ തങ്ങൾ ആ ദിനാറിനെക്കുറിച്ചന്വേഷിച്ചു.


 രോഗം വർധിച്ചവേളയിൽ, ശുശ്രൂഷയിലും മറ്റും വ്യാപൃതയായതിനാൽ അവർ അതു മറന്നുപോയിരുന്നു.


 “അത് എന്റെ അടുക്കൽ തന്നെയുണ്ട്.” ആഇശ(റ) പറഞ്ഞു.


“അതിങ്ങു കൊണ്ടുവരു” - നബി ﷺ കൽപിച്ചു.


 ദിനാർ കൊണ്ടുവന്നു. അതു കയ്യിൽ വാങ്ങിക്കൊണ്ടു നബി ﷺ പറഞ്ഞു:  “ഇതുമായി ഞാൻ അല്ലാഹു ﷻ വിനെ കണ്ടുമുട്ടേണ്ടി വന്നിരുന്നെങ്കിൽ... ഞാനെന്തു മറുപടി പറയും..?”

 ആ നാണയങ്ങൾ ദാനം ചെയ്തു...