Wednesday - 22 April, 2026 4-Dhu al-Qadah-1447

ജനിച്ച മണ്ണിൽ (2)

   കിഴക്കു ഭാഗത്തുകൂടി മുസ്ലിംകൾ ഹറമിൽ പ്രവേശിക്കുന്നു. ഖുറയ്ശികൾ മലമുകളിൽ ഇരുന്ന് ആ കാഴ്ച കാണുകയാണ്.


 “ലബ്ബയ്ക്കല്ലാഹുമ്മ ലബ്ബയ്ക്ക്...”


 അല്ലാഹുവേ! നിന്റെ വിളിക്കു ഞങ്ങൾ ഇതാ ഉത്തരം ചെയ്യുന്നു. അത്യുച്ചത്തിൽ ചൊല്ലിക്കൊണ്ടാണ് അവർ വരുന്നത്. എന്തൊരാവേശം! ജീവിതവും മരണവും അല്ലാഹുﷻവിൽ അർപ്പിച്ച സത്യവിശ്വാസികളുടെ വിളിയാണത്.


 ഏഴു വർഷങ്ങൾക്കു ശേഷം കഅ്ബാലയം വീണ്ടും കാണുന്നു.

അവർ പരിസരം മറന്നുപോയി. അല്ലാഹുﷻവിനെ ആരാധിക്കാൻ ഭൂമുഖത്ത് ആദ്യമായി പണി

തുയർത്തപ്പെട്ട ഭവനം.


 നബിﷺതങ്ങൾ ഹറമിൽ പ്രവേശിച്ചു. പ്രവാചകനെ (ﷺ) നോക്കിക്കൊണ്ടു സ്വഹാബത്ത് ഉംറയുടെ കർമങ്ങൾ പഠിക്കുന്നു.

എല്ലാവരും ഇഹ്റാമിന്റെ വേഷത്തിലാണ്. ഒരു മുണ്ട് ഉടുത്തിട്ടുണ്ട്. മറ്റൊന്നു ചുമലിലും...


 മസ്ജിദുൽ ഹറമിൽ എത്തിയ ഉടനെ തന്റെ മേൽമുണ്ട് ഇള്തിബാഅ് രൂപത്തിൽ ധരിച്ചു - പൂണൂൽ ധരിക്കുന്നതുപോലെ

മേൽമുണ്ടു ധരിക്കുക. മേൽമുണ്ടിന്റെ രണ്ടറ്റവും ഇടത് തോളിൽ ആയിരിക്കും. മേൽമുണ്ടിന്റെ മധ്യഭാഗം വലതു കക്ഷത്തിനടിയിൽ...


 ഹജറുൽ അസ് വദിനെ അഭിവാദ്യം ചെയ്തുകൊണ്ട് ത്വവാഫ് തുടങ്ങി. ആദ്യത്തെ മൂന്നു ചുറ്റലിലും കാലുകൾ അടുപ്പിച്ചുവച്ചു ധൃതിയിൽ നടന്നു. ഇങ്ങനെ വേഗം നടക്കുന്നതിന് റംല് നടത്തം എന്നു പറയുന്നു.


 ഹാജിമാർ ഇള്തിബാഅ് വേഷം ധരിക്കുകയും റംല് നടക്കുകയും വേണം. 


 മൂന്നു ചുറ്റിൽ റംല് നടത്തം കഴിഞ്ഞു. പിന്നെ നാലു ചുറ്റ് സാധാരണ ഗതിയിൽ നടന്നു. റംല് നടത്തം ഒരു ശക്തി പ്രകടനമായിരുന്നു. മദീനയിൽ

കിടന്നു പനി പിടിച്ചും പട്ടിണി കിടന്നും ദുർബലരായ പേക്കോലങ്ങളല്ല ഈ വന്നിരിക്കുന്നതെന്നു ഖുറയ്ശികളെ ബോധ്യപ്പെടുത്തണം. അതിനുവേണ്ടിയാണ് ഇങ്ങനെ നടന്നത്.


 രണ്ടായിരം മുസ്ലിംകളുടെ ശക്തിപ്രകടനം. ഉൽകണ്ഠയോടെ അതു നോക്കിനിൽക്കുന്ന ഖുറയ്ശികൾ. അവർ അബൂഖുബയ്സ് പർവതത്തിന്റെ മുകളിലാണ്. അവരുടെ ധാരണകൾ തിരുത്തപ്പെട്ടു. ഇതു വെറും പേക്കോലങ്ങളല്ല..!!


 ത്വവാഫ് പൂർത്തിയാക്കിയശേഷം മുസ്ലിംകൾ സഫാ മലയിലേക്കു നീങ്ങി. സഫായിൽ നിന്നും മർവായിലേക്ക്. മർവായിൽ നിന്നും സഫായിലേക്ക്. ഇതിനാണ് ‘സഅ് യ്’എന്നു പറയുന്നത്.


 ഏഴു തവണയാണ് സഅ് യ്. അതു പൂർത്തിയാക്കി. മർവയിൽ വച്ചു ബലിയറുത്തു. തല മുണ്ഡനം ചെയ്തു. ഉംറ കഴിഞ്ഞു. അതിന്റെ ചടങ്ങുകൾ പൂർത്തിയായി.

എന്തൊരാശ്വാസം..!


 തങ്ങൾ മക്കയിലെത്തിയെന്നും ഉംറ നിർവഹിച്ചുവെന്നും വിശ്വസിക്കാനാകുന്നില്ല. മർദനങ്ങളില്ലാത്ത മക്കയോ..? എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.

എവിടെ അബൂജഹ്ലിന്റെ അട്ടഹാസങ്ങൾ..? ഉമയ്യത്തിന്റെ ഭീഷണികൾ..? ഏഴു വർഷങ്ങൾകൊണ്ടുണ്ടായ മാറ്റങ്ങൾ!

അല്ലാഹുﷻവിന്റെ അപാരമായ അനുഗ്രഹങ്ങൾ..!


 എന്തേ... ബിംബങ്ങൾ നോക്കി നിൽക്കുന്നു..? തലമുറകൾ ആരാധിച്ചുവന്നതു നിങ്ങളെയല്ലേ..?

നിങ്ങൾക്കു മിണ്ടാട്ടമില്ലേ..? തൗഹീദിന്റെ ശബ്ദം നിങ്ങൾ കേട്ടുവോ..? ലാത്തയുടെയും ഉസ്സയുടെയും കാലം കഴിയാറായി. ബിംബങ്ങളില്ലാത്ത കഅ്ബാലയം വരാറായി...


 കഅ്ബാലയത്തിനു ചുറ്റും സ്വഹാബികൾ. അവരുടെ ചുണ്ടുകൾ ദിക്റുകളാൽ ചലിക്കുന്നു. വിശുദ്ധ ഖുർആൻ പാരായണം നടക്കുന്നു. മൂന്നു നാൾ ഈ വിശുദ്ധ ഭവനത്തിൽ കഴിയാം.


 പിറ്റേ ദിവസം നബിﷺതങ്ങൾ കഅ്ബാലയത്തിനകത്തു പ്രവേശിച്ചു. ളുഹ്ർ നിസ്കാരത്തിന്റെ സമയംവരെ അവിടത്തന്നെ ഇരുന്നു...


 കഅ്ബാലയത്തിന്റെ മുകൾത്തട്ടിൽ കയറി ബിലാൽ (റ) ബാങ്കു വിളിച്ചു. ആ ശബ്ദം അവിടെയെല്ലാം മുഴങ്ങിക്കേട്ടു. നിസ്കാരത്തിലേക്കുള്ള വിളി. വിജയത്തിലേക്കുള്ള വിളി... 


 ഖുറയ്ശികൾ എല്ലാം കാണുന്നു. കേൾക്കുന്നു. പലരുടെയും മനസിളകുന്നു. തങ്ങൾ കരുതിയതുപോലെ മുഹമ്മദ് (ﷺ) മായാജാലക്കാരനല്ല. മാരണക്കാരനല്ല. ഏകനായ അല്ലാഹുﷻവിന്റെ ദാസൻ തന്നെ. സത്യവുമായി വന്ന റസൂൽ തന്നെ. പലർക്കും അങ്ങനെ തോന്നി...