രണ്ടായിരം സത്യവിശ്വാസികൾ ളുഹ്ർ നിസ്കാരത്തിനു വേണ്ടി അണിനിരന്നു. വെയിൽ കത്തിപ്പടർന്ന ഭൂമിയിൽ അവർ
അണിയൊപ്പിച്ചുനിന്നു. അതൊരു മനോഹരമായ കാഴ്ചതന്നെ.
ഒരു ഇമാമിന്റെ കീഴിൽ രണ്ടായിരം പേരുടെ നിസ്കാരം.
അബൂഖുബയ്സ് മലയിൽ പലരുടെയും ഖൽബുകൾ കോരിത്തരിക്കുകയായിരുന്നു. തോളോടുതോൾ ചേർന്നുള്ള നിൽപ്. റുകൂഅ്, സുജൂദ്..!
എല്ലാം വിസ്മയാവഹമായ കാഴ്ചകൾ. സൃഷ്ടാവായ അല്ലാഹുﷻവിനുവേണ്ടി നെറ്റിത്തടം ഭൂമിയിൽ വച്ചുള്ള ആരാധന. മനുഷ്യനെ ഇത്ര വിനീതനാക്കാൻ മറ്റെന്തിനു കഴിയും..?
മക്കയിലെ മൂന്നു ദിവസങ്ങൾ.
മുഹാജിറുകൾ മക്കയിലെ തെരുവുകളിലൂടെ നടന്നു. തങ്ങളുടെ പ്രിയപ്പെട്ട ജന്മനാട്. ഏഴു വർഷങ്ങൾക്കു ശേഷം വീണ്ടും കാണുകയാണ്. രാത്രിയുടെ അന്ധകാരത്തിൽ ഒളിച്ചോടിപ്പോയതാണ്. ഇന്നിതാ ഈ പകൽവെളിച്ചത്തിൽ ഇവിടെ വന്നുനിൽക്കുന്നു.
അല്ലാഹുﷻവിന്റെ അപാരമായ അനുഗ്രഹം. ക്ഷമാശീലർക്കു നൽകിയ അനുഗ്രഹം. പിൻഗാമികൾ ഇതു ചിന്തിക്കട്ടെ. പാഠം ഉൾക്കൊള്ളട്ടെ...
മൈമൂന(റ) വിവാഹിതയാവുന്നതും ഈ അവസരത്തിലാണ്. അബ്ബാസ്(റ)വിന് ആയിരുന്നു മൈമൂനയെ വിവാഹം ചെയ്തു കൊടുക്കാനുള്ള ചുമതല.
അബ്ബാസ് (റ) നബിﷺതങ്ങളോടു മൈമൂനക്കു പ്രവാചക പത്നി എന്ന പദവി നൽകാനാവശ്യപ്പെട്ടു. പ്രതിസന്ധി ഘട്ടങ്ങളിൽ തന്നെ സഹായിച്ച, തന്റെ പ്രിയപ്പെട്ട പിതൃവ്യന്റെ ആഗ്രഹം മാനിച്ചു വിവാഹത്തിനു തയ്യാറായി...
മൈമൂന(റ) ലോകാനുഗ്രഹിയായ പ്രവാചകന്റെ (ﷺ) ഭാര്യയായി. ഉടമ്പടിയനുസരിച്ചു മൂന്നു ദിവസം കഴിഞ്ഞു. മുസ്ലിംകൾ മക്കയോടു യാത്രപറഞ്ഞു. സരിഫ എന്ന സ്ഥലത്തു വച്ചു മൈമൂന (റ) പ്രവാചകന്റെ (ﷺ) വാഹനത്തിൽ കയറി.
*
മക്കക്കാരുടെ ധീരനായകനാണു ഖാലിദ് ബ്നുൽ വലീദ്. പ്രവാചകന്റെയും (ﷺ) അനുയായികളുടെയും മൂന്നു ദിവസത്തെ ചലനങ്ങൾ ഖാലിദിന്റെ മനസ്സിനെ പിടിച്ചുകുലുക്കി.
ഉഹുദ് യുദ്ധത്തിൽ ഖുറയ്ശികളെ വിജയത്തിലേക്കു നയിച്ചതു ഖാലിദ് ആയിരുന്നു. പ്രവാചകനും (ﷺ) അനുയായികൾക്കും വളരെയേറെ ബുദ്ധിമുട്ടുകൾ വരുത്തിവച്ചു.
ഇപ്പോഴാണു പ്രവാചകൻ ﷺ ഒരു നാശക്കാരനല്ലെന്നു മനസ്സിലായത്. താഴ്ചയുടെയും ലാളിത്യത്തിന്റെയും പ്രതീകമാണ്. ത്യാഗത്തിന്റെയും ക്ഷമയുടെയും പര്യായം.
“എനിക്കു മുഹമ്മദിനെ മനസ്സിലായി. മുഹമ്മദ് ആഭിചാരക്കാരനല്ല. കവിയല്ല. സത്യപ്രവാചകൻ തന്നെ. മുഹമ്മദ് പറയുന്നതു ലോകങ്ങളുടെ നാഥനായ അല്ലാഹുﷻവിന്റെ വചനങ്ങൾ തന്നെ. ആരാധനക്കർഹനായി അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് (ﷺ) അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു...”
ഖാലിദിന്റെ പ്രഖ്യാപനം ഖുറയ്ശികളെ ഞെട്ടിച്ചു. അബൂജഹലിന്റെ മകൻ ഇക് രിമത് ചാടിയിറങ്ങി.
“ഖാലിദ്, താങ്കൾ അവിവേകം കാണിക്കരുത്. ഖുറയ്ശികൾക്കിടയിൽ താങ്കൾക്കുള്ള പദവി എന്താണെന്ന് ഓർമ വേണം. താങ്കളുടെ ധീരമായ നേതൃത്വം ഞങ്ങൾക്ക് ഇനിയും ആവശ്യമാണ്...”
“ഞാൻ സത്യവിശ്വാസം കൈകൊണ്ടു. വിശുദ്ധിയുടെ മാർഗത്തിലേക്കു പോകുന്നു. മാലിന്യം നിറഞ്ഞ ജീവിതത്തിലേക്ക് ഇനി ഞാൻ മടങ്ങുകയില്ല.” ഖാലിദിന്റെ സ്വരം ദൃഢമായിരുന്നു...
അപ്പോൾ അബൂസുഫ്യാന്റെ സ്വരം ഉയർന്നു. “ഖാലിദ്, ഈ നീക്കം നല്ലതല്ല. നീ പിന്തിരിയണം. അല്ലെങ്കിൽ നിന്നെ വധിക്കാനും ഞങ്ങൾ മടക്കില്ല...”
“മരണം... വധം. ഇനി അതെല്ലാം അല്ലാഹുﷻവിന്റെ മാർഗത്തിൽ, ”
ഖാലിദ് പഴയ വിശ്വാസം കൈവെടിഞ്ഞു. ഖുറയ്ശികളുടെ ശക്തി കൊഴിഞ്ഞുപോകുകയാണ്. ഖാലിദിന്റെ ധീരത കണ്ടു പുളകംകൊണ്ട ഒരു കൂട്ടമാളുകൾ മക്കയിലുണ്ടായിരുന്നു. ഖാലിദിന്റെ ഇസ്ലാം മതാശ്ലേഷം അവരെ ആവേശം കൊള്ളിച്ചു. അവർ കൂട്ടത്തോടെ ഇസ്ലാംമതം സ്വീകരിച്ചു.
തങ്ങളുടെ ശക്തി ദുർബലമാകുന്നു.
പിടിച്ചുനിൽക്കാൻ പ്രയാസം...
ഖാലിദിനെപ്പോലുള്ളവരുടെ മനംമാറ്റം മക്കയെ പിടിച്ചു
കുലുക്കിക്കൊണ്ടിരിക്കുന്നു.
ഖാലിദ് ബ്നുൽ വലീദ് (റ) പ്രവാചക സന്നിധിയിലേക്കു കുതിച്ചു. നബി ﷺ തങ്ങളെയും സ്വഹാബത്തിനെയും ഏറെ സന്തോഷിപ്പിച്ച സംഭവമായിരുന്നു ഖാലിദ്(റ)വിന്റെ വരവ്...
മുഹാജിറുകളും അൻസാറുകളും ഉംറ നിർവഹിച്ച സന്തോഷത്തിലാണ്. ഏഴു വർഷങ്ങൾക്കു മുമ്പത്തെ മർദനത്തിന്റെ നാളുകൾ അവരുടെ ഓർമയിലുണ്ട്.
ഖുറയ്ശികളുടെ ശക്തി വളരെയേറെ ചോർന്നുപോയിരിക്കുന്നു എന്നവർക്കും മനസ്സിലായി. ഇസ്ലാമിലേക്കുള്ള ഒഴുക്കു
കൂടിയിരിക്കുന്നു. ഏകനായ അല്ലാഹുﷻവിന്റെ ദീൻ അറേബ്യയിലുടനീളം പ്രചരിക്കുമെന്ന് അവർക്കറിയാം. അതു കാണാൻ കണ്ണുകൾ കൊതിയോടെ കാത്തിരിക്കുന്നു...