Wednesday - 22 April, 2026 4-Dhu al-Qadah-1447

ശ്രതുക്കൾ വന്നില്ല (2)

    അവസാനത്തെ ബദർ യുദ്ധം എന്നൊരു സംഭവംകൂടി നടന്നിട്ടുണ്ട്. അതിനെപ്പറ്റി പറയാം...


 ഉഹ്ദിൽ നിന്നു മടങ്ങിപ്പോകുമ്പോൾ അബൂസുഫ്യാൻ എന്താണു വിളിച്ചുപറഞ്ഞതെന്ന് ഓർമയുണ്ടല്ലോ..?


“അടുത്ത വർഷം ബദറിൽ കാണാം.”

അതേ, ഒരു വർഷം കഴിഞ്ഞിരിക്കുന്നു. അബൂസുഫ്യാൻ

സൈനിക സജ്ജീകരണങ്ങൾ തുടങ്ങിക്കഴിഞ്ഞു...


 സംഗതികൾ ഒന്നും പഴയതുപോലെ നടക്കുന്നില്ല. അബൂസുഫ്യാൻ വിഷമിക്കുകയാണ്. മക്കയിൽ ക്ഷാമകാലമാണ്. വരൾച്ചയും ദാരിദ്ര്യവും. മനുഷ്യമനസ്സുകളിൽ സന്തോഷമില്ല. യുദ്ധചിന്തകൾക്കു

പറ്റിയ കാലാവസ്ഥയല്ല. എന്നുവച്ചു യുദ്ധത്തിൽ നിന്നു പിന്തിരിയാമോ..?

മുസ്ലിംകളുടെ മുമ്പിൽ നാണക്കേടാവും.


 അബൂസുഫ്യാൻ ഒരാളെ മദീനയിലേക്കയച്ചു. നഈം ബ്നു മസ്ഊദ്. അയാൾ മദീനയിൽ വന്നു. മദീനക്കാർക്കിടയിൽ സഞ്ചരിച്ചു. അബൂസുഫ്യാൻ വൻ സൈന്യത്തെ ഒരുക്കിയിട്ടുണ്ടെന്നും ഉടനെ ബദറിലേക്കു പുറപ്പെടുമെന്നും പ്രചരിപ്പിച്ചു.


 സത്യം മറ്റൊന്നായിരുന്നു. യുദ്ധം അടുത്ത വർഷത്തേക്കു നീട്ടിവയ്ക്കണമെന്നാണ്

അബൂസുഫ്യാന്റെ മനസ്സിലുള്ളത്. പുറത്തു പറയാൻ വയ്യ. സ്വന്തക്കാരുടെ മുമ്പിലും മുസ്ലിംകളുടെ മുമ്പിലും കുറച്ചിലാണ്.


 അതുകൊണ്ട് യുദ്ധത്തിന്റെ ഒരുക്കം തുടരുന്നു. രണ്ടായിരത്തിലധികം വരുന്ന സൈന്യത്തെ ഒരുക്കിനിറുത്തി. കഴിയാവുന്നത്ര യുദ്ധോപകരണങ്ങളും ഭക്ഷ്യവസ്തുക്കളും ശേഖരിച്ചു.


 നഈമിനെ കൂലികൊടുത്താണ് അബൂസുഫ്യാൻ മദീനയിലേക്കയച്ചത്. തന്റെ സൈനിക സജ്ജീകരണങ്ങളെക്കുറിച്ചറിഞ്ഞു മുഹമ്മദും (ﷺ) കൂട്ടരും യുദ്ധത്തിൽനിന്നു പിൻമാറട്ടെ എന്നായിരുന്നു അബൂസുഫ്യാന്റെ വിചാരം. അവർ പിൻമാറിയാൽ തനിക്കും പിന്മാറാം. കുറ്റം മുസ്ലിംകളിൽ ചാർത്തുകയും ചെയ്യാം. പക്ഷേ, തന്ത്രം ഫലിച്ചില്ല.

നഈമിന്റെ പ്രചാരണം വിപരീത ഫലമാണുണ്ടാക്കിയത്...


 അബൂസുഫ്യാൻ വലിയ സൈന്യത്തെ ഒരുക്കിയെങ്കിൽ നമ്മളും ഒരുങ്ങിത്തന്നെ പോകണം. ബദറിന്റെ ഓർമകൾ ഉണരുകയായി. ബദറിലേക്കു പോകണമെന്ന പ്രവാചകരുടെ പ്രഖ്യാപനം എല്ലാവരെയും തട്ടിയുണർത്തി. ആയിരത്തഞ്ഞൂറ് യോദ്ധാക്കൾ ഒരുങ്ങിക്കഴിഞ്ഞു...


 അബ്ദുല്ലാഹിബ്നു റവാഹ(റ)വിനെ മദീനയുടെ ചുമതല ഏൽപിച്ചു. മുസ്ലിം സൈന്യം ബദറിലെത്തി. ശത്രുക്കളെ കാണാനില്ല. അവർ കച്ചവടത്തിൽ വ്യാപൃതരായി...


 അബൂസുഫ്യാൻ മക്കയിൽ നിന്നു സൈന്യത്തോടുകൂടി പുറപ്പെട്ടു. മനമില്ലാ മനസ്സോടെയാണ് അബൂസുഫ്യാന്റെ യാത്ര.

അവർ മജന്നത് എന്ന സ്ഥലത്തെത്തി.


 അവിടെനിന്നു മുമ്പോട്ടു നീങ്ങാൻ മടി. അബൂസുഫ്യാൻ തന്റെ അനുയായികളോട് ഇങ്ങനെ പറഞ്ഞു: “ഇതു ക്ഷാമകാലമാണ്. ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ കാലം. യുദ്ധത്തിനു യോജിച്ച കാലമല്ല. നമുക്കു യുദ്ധം നീട്ടിവയ്ക്കാം. മക്കയിലേക്കു മടങ്ങുന്നതാണ് ഉത്തമം...”


 സൈന്യം മക്കയിലേക്കു മടങ്ങി.

മുസ്ലിം സേന ബദറിൽ കാത്തിരുന്നു. ശത്രുക്കൾ വന്നില്ല...


 അബൂസുഫ്യാൻ മക്കയിൽ മടങ്ങിയെത്തിയപ്പോൾ ഗോത്രത്തലവനായ സഫ്വാനു ബ്നു ഉമയ്യ ഇങ്ങനെ പറഞ്ഞു: “അടുത്ത വർഷം ബദറിൽ വച്ചു കാണാം എന്നു പറയുന്നതിൽ നിന്നു ഞാൻ അന്നു താങ്കളെ വിലക്കിയില്ലേ..? അതു കേൾക്കാതെ താങ്കൾ യുദ്ധം വാഗ്ദാനം ചെയ്തു. എന്നിട്ടെന്തുണ്ടായി. അവർ ധീരന്മാരായി, നിങ്ങൾ വാഗ്ദത്ത ലംഘകരുമായി..!”


 മക്കാതെരുവിൽ സ്ത്രീകൾ അബൂസുഫ്യാനെയും കൂട്ടരെയും കളിയാക്കി. സർവത്ര നാണക്കേട്.

അബൂസുഫ്യാനു തല താഴ്ത്തേണ്ടതായി വന്നു. മുസ്ലിംകൾ സന്തോഷപൂർവം മദീനയിൽ തിരിച്ചെത്തി. ഈ സംഭവമാണ് ബദറുൽ ആഖിർ (അവസാനത്തെ ബദർ) എന്ന പേരിൽ അറിയപ്പെടുന്നത്...


 ദുമതുൽ ജന്തൽ എന്ന പ്രദേശത്തുവച്ചു നടന്ന ഒരു സംഭവം

പറയാം...


 ഹിജ്റയുടെ അഞ്ചാം വർഷമാണു സംഭവം. ദമസ്കസിലേക്കു പോകുന്ന വഴിയിലാണ് ഈ സ്ഥലം. മദീനയിൽ നിന്നു പതിനഞ്ചു ദിവസത്തെ വഴിദൂരമുണ്ട്. ദുമതുൽ ജന്തലിലെ ആളുകൾ യാത്രക്കാരെ ഉപദ്രവിച്ചുകൊണ്ടിരുന്നു. യാത്രാസംഘങ്ങൾ വല്ലാതെ വിഷമിച്ചു. കച്ചവടസംഘങ്ങളെ അവർ കൊള്ളയടിച്ചുകൊണ്ടിരുന്നു.

അവരെ അമർച്ച ചെയ്യേണ്ടത് അത്യാവശ്യമായിത്തീർന്നു...


 ഇതിനിടയിൽ അക്കൂട്ടർ മദീന ആക്രമിക്കാൻ പുറപ്പെടുന്നു എന്ന വാർത്തയും പരന്നു. നബിﷺതങ്ങൾ ദൂമത്തുൽ ജന്തലിലേക്കു പുറപ്പെട്ടു. കൂടെ ആയിരം യോദ്ധാക്കളുമുണ്ട്. റബീഉൽ അവ്വൽ മാസത്തിലാണു പുറപ്പെട്ടത്...


 സിബാഉ ബനു ഉമർ ഫുതത്ത്(റ)വിനെ മദീനയുടെ ചുമതല ഏൽപിച്ചു. പ്രവാചകനും (ﷺ) അനുയായികളും എത്തിയതോടെ ആ പ്രദേശത്തുകാർ ഓടിരക്ഷപ്പെട്ടു. മുസ്ലിംകൾ പല വഴി അന്വേഷിച്ചു നടന്നു. ഒരാളെയും പിടികിട്ടിയില്ല.


 നബിﷺതങ്ങളും അനുയായികളും മദീനയിലേക്കു മടങ്ങിപ്പോന്നു. അക്രമം കാണിച്ചാൽ പ്രവാചകൻ ﷺ വെറുതെയിരിക്കുകയില്ലെന്ന ചിന്ത അവർക്കുണ്ടായി...


 കച്ചവടസംഘങ്ങളുടെ സഞ്ചാരമാർഗം സുരക്ഷിതമായിരിക്കണമെന്നാണു മുസ്ലിംകൾ എക്കാലവും വാദിച്ചത്. ചില പ്രത്യേക സന്ദർഭങ്ങളിൽ മക്കക്കാരുടെ കച്ചവടസംഘത്ത മുസ്ലിംകൾക്കു വഴിയിൽ തടയേണ്ടതായി വന്നു. അതിനു മതിയായ കാരണങ്ങളുമുണ്ട്...