Wednesday - 22 April, 2026 4-Dhu al-Qadah-1447

ശത്രുക്കൾ വന്നില്ല (1)

   ഹിജ്റ നാലാം വർഷം റബീഉൽ ആഖറിൽ നടന്ന ഒരു സംഭവം പറയാം.


നജ്ദിലെ ബനൂ മുഹാരിബ്, ബനൂ സഅ്ലബത് തുടങ്ങിയ ഗോത്രങ്ങൾ മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്യാനുള്ള ഒരുക്കം തുടങ്ങി. അവർ ഒരു സംയുക്ത സേന രൂപീകരിച്ചു.


 നബി ﷺ സ്വഹാബികളുമായി കൂടിയാലോചിച്ചു. ശക്തമായ യുദ്ധതന്ത്രം ആവിഷ്കരിക്കേണ്ടതായി വന്നു. അങ്ങോട്ടു ചെന്ന് ആക്രമിക്കുക.

ശത്രുവിന്റെ വീര്യം തകർക്കാൻ അതാണു നല്ലത്. നബിﷺതങ്ങളും എഴുനൂറ് യോദ്ധാക്കളും നജ്ദിലേക്കു

പുറപ്പെടുകയാണ്. ഉസ്മാൻ(റ)വിനെ മദീനയുടെ ചുമതലയേൽപിച്ചു.

മുസ്ലിംകൾ പുറപ്പെട്ടു.


 ഈ വിവരം അറിഞ്ഞതോടെ ശത്രുക്കൾ ഭയവിഹ്വലരായി.

അവർ മലമുകളിൽ അഭയം പ്രാപിച്ചു. മുസ്ലിംസേന ആ പ്രദേശത്തെത്തിയപ്പോൾ പുരുഷന്മാരെയൊന്നും കാണാനില്ല. വീടുകളിൽ സ്ത്രീകൾ മാത്രമേയുള്ളൂ...


 ഇതും ഒരു യുദ്ധതന്ത്രമായിരിക്കാം. ശത്രുക്കളെ കാണാതാവുമ്പോൾ മുസ്ലിംകൾ വിശ്രമിക്കും. യുദ്ധത്തിന്റെ ചിന്തയില്ലാതെ വിശ്രമിക്കുമ്പോൾ പൊടുന്നനെ ആക്രമിക്കാം. പരാജയപ്പെടുത്താം. 


 സ്ത്രീകളും കുട്ടികളും മുസ്ലിം സേനയുടെ വലയത്തിലാണ്. വീടുകൾ ഉപരോധത്തിൽ. ശത്രുക്കൾ ശക്തമായ ആക്രമണം നടത്തുമെന്നുതന്നെ മുസ്ലിം സൈന്യം കരുതി. 


 അസ്വർ നിസ്കാരത്തിനു സമയമായി. നിസ്കാര സമയത്ത് ആക്രമണം ഉണ്ടാകുമോ എന്നു ഭയം.

നിസ്കാരം നിർവഹിക്കണം. ശത്രുവിനെ പേടിക്കണം. പിന്നെന്തു ചെയ്യും..?


 ഇവിടെ വച്ചു ഭയപ്പാടിന്റെ സമയത്തെ നിസ്കാരം (സ്വലാതുൽ ഖൗഫ്) നിസ്കരിച്ചു. യുദ്ധവേളയിലെ നിസ്കാരമാണ് സ്വലാതുൽ ഖൗഫ് .


 സൈന്യത്തിലെ ഒരു വിഭാഗം പ്രവാചകനോടൊപ്പം (ﷺ) നിസ്കരിച്ചു. മറ്റു വിഭാഗം ശത്രുക്കളെ നിരീക്ഷിച്ചുനിന്നു. ഇങ്ങനെ സ്വലാതുൽ ഖൗഫ് നിലവിൽവന്നു.


 ശത്രുക്കൾ വന്നില്ല. അവർ വല്ലാതെ ഭയന്നുപോയിരുന്നു. പതിനഞ്ചു ദിവസങ്ങൾക്കു ശേഷം മദീനയിലേക്കു മടങ്ങി. ദാതുൽ റിഖാഅ് എന്നാണ് ഈ സംഭവത്തിന്റെ പേര്...