Wednesday - 22 April, 2026 4-Dhu al-Qadah-1447

നോമ്പും പെരുന്നാളും (2)

   വലിയൊരു ത്യാഗത്തിന്റെ സ്മരണയുമായി ഈദുൽ അള്ഹാ കടന്നുവരുന്നു. അല്ലാഹുﷻവിന്റെ വലിയ പരീക്ഷണം. സ്വന്തം പുത്രനെ അറുക്കാൻ കൽപിക്കപ്പെടുക. ആ കൽപനയാണ് ഇബ്റാഹീം നബി(അ)നു സ്വീകരിക്കേണ്ടതായി വന്നത്. പിതാവ് പുത്രനെ അറുക്കാൻ സന്നദ്ധനായി..!


 പരീക്ഷണത്തിൽ പിതാവിനു ജയം.

ഒരാടിനെ പകരം നൽകി. അതിനെ ബലിയറുത്തു. അതിന്റെ ഓർമ നിലനിറുത്തുന്ന ഈദുൽ അള്ഹാ. സത്യവിശ്വാസികൾ അന്നു മൃഗങ്ങളെ ബലിയറുക്കുന്നു...


 ഇതേ വർഷത്തിലാണ് ആഇശ(റ)യെ നബിﷺയുടെ വീട്ടിലേക്കു കൊണ്ടുവന്നതും അവരുടെ ദാമ്പത്യ ജീവിതം ആരംഭിച്ചതും...


 ഈ വർഷം നടന്ന മറ്റൊരു സുപ്രധാന സംഭവം പറയാം. നബി ﷺ തങ്ങളുടെയും ഖദീജ(റ)യുടെയും ഓമന മകളാണു ഫാത്വിമ(റ). മാതാപിതാക്കൾ ഓമനിച്ചു വളർത്തിയ കുട്ടി. ഖദീജ(റ) മരണപ്പെട്ടപ്പോൾ ഫാത്വിമ(റ) വല്ലാതെ ദുഃഖിച്ചു... 


 നബി ﷺ തങ്ങളുടെ തനിപ്പകർപ്പ്. നടത്തംവരെ അതുപോലെ. ബുദ്ധിമതിയാണ്. കവിത രചിക്കാനും ചൊല്ലാനുമറിയാം. ഇപ്പോൾ ഫാത്വിമ(റ)ക്കു വയസ്സു പതിനഞ്ച്. ഫാത്വിമാ ബീവിക്കു വിവാഹം നിശ്ചയിച്ചു. ആരാണ് പുതിയാപ്പിള..? അബൂ ത്വാലിബിന്റെ മകൻ അലി(റ). ഇതിൽപരം ഒരു സൗഭാഗ്യം വേറെയുണ്ടോ..?


 ലോകാനുഗ്രഹിയായ പ്രവാചകരുടെ (ﷺ) പൊന്നോമന മകളെ ജീവിത പങ്കാളിയാക്കാനുള്ള മഹാഭാഗ്യമാണ് അലി(റ)വിനു കൈവന്നത്.


 ചരിത്രത്താളുകളിൽ മിന്നിത്തിളങ്ങിനിൽക്കുന്ന പൊന്നോമന മകളാണു ഫാത്വിമ(റ). ലോകാനുഗ്രഹിയായ പ്രവാചകൻ ﷺ ഓമനിച്ചും ലാളിച്ചും വളർത്തിയ കുട്ടി. പറഞ്ഞറിയിക്കാനാവാത്ത വാത്സല്യവും സനേഹവും. അങ്ങനെയുള്ള പെൺകുട്ടിയെ തനിക്കിണയാക്കിത്തരാൻ നിശ്ചയിച്ചിരിക്കുന്നു...


 നബിﷺതങ്ങളുടെയും ഖദീജ(റ)യുടെയും സംരക്ഷണത്തിൽ വളർന്ന അലി(റ)വിന് ആ മാതാപിതാക്കൾ ഫാത്വിമ(റ)ക്കു നൽകിയ സ്നേഹവാത്സല്യങ്ങളുടെ അളവു വലുതാണെന്നറിയാം.


 അത്രയും വർധിച്ച അളവിൽ ഫാത്വിമ(റ)ക്കു സ്നേഹം നൽകാൻ തന്നെക്കൊണ്ടു കഴിയുമോ..? അലി(റ)വിന് ആശങ്ക തോന്നി. തന്റെ പരുക്കൻ ജീവിതം മണവാട്ടിക്ക് ഇഷ്ടപ്പെടുമോ..? നല്ല ഭക്ഷണം നൽകാൻ തന്നെക്കൊണ്ടാകുമോ..? നല്ല വസ്ത്രം നൽകാനാകുമോ..? നേരത്തിനു ഭക്ഷണം നൽകാൻ തനിക്കാകുമോ..? നല്ലൊരു ഉറക്കറ സമ്മാനിക്കാൻ പോലും

തനിക്കു വകയില്ലല്ലോ...?


 ലോകാനുഗ്രഹിയായ പ്രവാചകൻ ﷺ അലി(റ)നെ അനുഗ്രഹിച്ചു.

കൈവശം യാതൊന്നുമില്ല. അവസ്ഥ റസൂൽ ﷺ തങ്ങൾക്കറിയാം.

ഫാത്വിമക്കറിയാമോ..? അലി(റ)വിന്റെ മനസ്സു നീറിപ്പുകഞ്ഞു. ലളിതമായ രീതിയിൽ ആ വിവാഹം നടന്നു...


 പ്രിയപുത്രിയെ ഇണയാക്കി തുണയാക്കി നികാഹു ചെയ്തു കൊടുത്തു. ഫാത്വിമ(റ) അലി(റ)വിന്റെ ജീവിതത്തിലേക്കു കടന്നുവന്നു. കുലീനയായ വിരുന്നുകാരി...


 ധീരനും ബുദ്ധിമാനും കവിയും മഹാപണ്ഡിതനുമായ അലി(റ)വിനെ ഭർത്താവായിക്കിട്ടിയതിൽ ഫാത്വിമ(റ) സന്തോഷവതിയായിരുന്നു...


 പ്രിയപ്പെട്ടവളെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും വേണ്ടി അലി(റ) കവിതകൾ ചൊല്ലും. ചിലപ്പോൾ കളിയാക്കാൻ വേണ്ടിയും. ഭാര്യയും വിട്ടുകൊടുക്കില്ല. അതേ നാണയത്തിൽ തിരിച്ചടിക്കും. പാട്ടിനു പാട്ടുതന്നെ. ആഹ്ലാദവും ആനന്ദവും നിറഞ്ഞ ജീവിതം. ഒപ്പം പരുക്കൻ

ജീവിതത്തിന്റെ കടുത്ത പരീക്ഷണങ്ങളും...