നബിﷺതങ്ങളും ഏതാനും അനുയായികളും കൂടി ഒരു യാത്രയിലാണ്. മരുഭൂമിയിലൂടെ അൽപം ദീർഘമായ യാത്ര. ഒട്ടകപ്പുറത്താണു യാത്ര ചെയ്യുക. ഭക്ഷണത്തിനു വക കയ്യിൽ കരുതണം. ഇന്നത്തെപ്പോലെ ഹോട്ടലുകളൊന്നും
അക്കാലത്തില്ല. എവിടെയെങ്കിലും താമസിക്കണമെങ്കിൽ തമ്പു കെട്ടാനുള്ള സാധനങ്ങളും കരുതണം.
യാത്രക്കാർ പുറപ്പെട്ടു. മരുഭൂമിയിലൂടെ ഏറെദൂരം പോയി. പിന്നെ, ഒരിടത്തു വിശ്രമിക്കാനായി യാത്ര നിറുത്തി. എല്ലാവർക്കും നല്ല വിശപ്പ്. എന്തെങ്കിലും കഴിക്കണം. ഭക്ഷണം പാകപ്പെടുത്തണം. അപ്പോൾ നബി ﷺ തങ്ങൾ ഇങ്ങനെ പറഞ്ഞു: “നമുക്ക് ഒരാടിനെ അറുത്തു ഭക്ഷണമുണ്ടാക്കാം...”
സഹയാത്രക്കാർ പ്രവാചകരുടെ (ﷺ) നിർദേശമനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറെടുത്തു. ഒരാൾ പറഞ്ഞു: “ഞാൻ ആടിനെ അറുക്കാം.”
അതു കേട്ടപ്പോൾ മറ്റൊരാൾ പറഞ്ഞു: “ഞാൻ ആടിനെ തോലു പൊളിക്കാം...”
ഉടനെ മറ്റൊരാൾ പറഞ്ഞു: “ഞാൻ ഇറച്ചി പാകം ചെയ്യാം.”
മൂന്നുപേരുടെയും സംസാരം ശ്രദ്ധിച്ച് നബി ﷺ തങ്ങൾ ഇങ്ങനെ പറഞ്ഞു: “ഞാൻ വിറകു ശേഖരിക്കാം.”
അതു കേട്ടപ്പോൾ അനുയായികൾക്കു വലിയ അതിശയം. പ്രവാചകൻ (ﷺ) വിറകു ശേഖരിക്കുകയോ..? തങ്ങളെപ്പോലെ ജോലി ചെയ്യുകയോ..? നബി ﷺ തങ്ങൾ അതു ചെയ്യാൻ പാടില്ല.
സ്വഹാബികൾ ഏകസ്വരത്തിൽ ഇങ്ങനെ പറഞ്ഞു: “അങ്ങ് ഇവിടെ ഇരുന്നാൽ മതി. ഞങ്ങൾ വിറകു ശേഖരിച്ചുകൊള്ളാം. ബുദ്ധിമുട്ടരുത്.”
നബി ﷺ തങ്ങളുടെ മറുപടി ഇതായിരുന്നു: “നിങ്ങളുടെ കൂടെ എന്തെങ്കിലും ചെയ്യാതെ വേർതിരിഞ്ഞിരിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല.”
ഈ സംഭവത്തിൽ നിന്നു നാം മഹത്തായൊരു പാഠം പഠിക്കേണ്ടിയിരിക്കുന്നു. അനുയായികൾ വേല ചെയ്യുക. നേതാവു സുഖമായിരുന്നു ഭക്ഷണം കഴിക്കുക. പലയിടത്തും കാണാൻ കഴിയുന്ന കാഴ്ചയാണിത്.
നബിﷺതങ്ങൾ അങ്ങനെയുള്ള നേതാവല്ല. അനുയായികളോടൊപ്പം ജോലി ചെയ്യാൻ താൽപര്യം കാണിച്ച നേതാവാണ്. പ്രവാചകൻ (ﷺ) മാതൃകാപുരുഷനാണ്. എല്ലാവർക്കും മാതൃകയാണ്. നേതാക്കൾക്കു പ്രത്യേകിച്ചും.
മരുഭൂമിയിലെ യാത്രക്കിടയിൽ ഒരാടിനെ അറുത്തു ഭക്ഷണമുണ്ടാക്കുന്നത് ഒരു നിസ്സാര കാര്യം. അക്കാര്യത്തിൽ പോലും നബി ﷺ തങ്ങൾ അനുയായികളോടൊപ്പം ജോലി പങ്കിടാൻ സന്നദ്ധനായി.
വളരെ ക്ഷമയോടുകൂടി ജോലി ചെയ്യുന്ന നേതാവായിരുന്നു നബി ﷺ തങ്ങൾ.
പ്രമുഖ സ്വഹാബിവര്യനായ അനസ്(റ) പറഞ്ഞ വാക്കുകൾ വളരെ പ്രസിദ്ധമാണ്. ആ സ്വഹാബിവര്യൻ പത്തു വർഷത്തോളം നബി ﷺ തങ്ങളുടെ പരിചാരകനായിരുന്നു. അത്രയും കാലത്തെ അനുഭവങ്ങൾ വച്ചുകൊണ്ടാണ് അനസ് (റ) സംസാരിക്കുന്നത്. സുഖവും ദുഃഖവും മാറിമാറി വന്നിരുന്നു. ഉൽകണ്ഠയും പ്രതീക്ഷയും ഭീതിയും പ്രത്യാശയും മാറി മാറി വന്ന കാലമായിരുന്നു.
ഏതൊരു മനുഷ്യന്റെ പെരുമാറ്റത്തിലും വലിയ മാറ്റങ്ങൾ വരാം. എന്നാൽ നബി ﷺ തങ്ങളുടെ പെരുമാറ്റം ഏതു സാഹചര്യത്തിലും മാതൃകാപരമായിരുന്നു.
അനസ് (റ) പറയുന്നു: “ഞാൻ പത്തു കൊല്ലക്കാലം നബി ﷺ തങ്ങൾക്കു ശുശ്രൂഷകൾ ചെയ്തു. ഇക്കാലത്തിനിടയിൽ നബി ﷺ തങ്ങൾ എന്നോടു ഛെ എന്നു പറഞ്ഞിട്ടില്ല. ദേഷ്യം പിടിക്കുകയോ മുഖം ചുളിച്ചു സംസാരിക്കുകയോ ചെയ്തിട്ടില്ല.”
നോക്കൂ, സദ്സ്വഭാവത്തിന്റെ ഏറ്റവും നല്ല മാതൃക. പ്രവാചകനിൽ (ﷺ) നിന്നു കണ്ടുപഠിക്കുക. നീ എന്തിനതു ചെയ്തു എന്നു ചോദിച്ചില്ല. എന്തുകൊണ്ടതു ചെയ്തില്ല എന്നും ചോദിച്ചില്ല.
പ്രവാചകരോട് (ﷺ) ആരെങ്കിലും കോപിക്കുകയോ പരുഷമായി പെരുമാറുകയോ ചെയ്താൽ അതു ക്ഷമിക്കും. മറ്റുള്ളവരോടു കോപിക്കുകയോ പരുഷമായി പെരുമാറുകയോ ചെയ്യുകയുമില്ല.