നീണ്ടുപരന്നു കിടക്കുന്ന മരുഭൂമി. ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന കറുത്ത മലകൾ. അവയ്ക്കിടയിലൂടെ ഒരു സംഘം നടന്നുപോകുന്നു.
നബി ﷺ തങ്ങളുടെ കൂടെ പ്രിയപത്നി ആഇശ(റ)യും സഞ്ചരിക്കുന്നു. ദമ്പതികൾ പല കാര്യങ്ങൾ സംസാരിച്ചുകൊണ്ടാണു യാത്ര. സ്വഹാബികൾ ധൃതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. നബിﷺതങ്ങളും പത്നിയും പിന്നിലായിപ്പോയി...
അപ്പോൾ നബിﷺതങ്ങൾ ചെറുപ്പക്കാരിയായ ഭാര്യയോട്
ഒരു കുസൃതിച്ചോദ്യം: “നീ ഓട്ടമത്സരത്തിനു തയ്യാറുണ്ടോ..?”
അസാധാരണമായ ചോദ്യം കേട്ട് ആഇശ(റ) അത്ഭുതപ്പെട്ടു. അവർ അതിശയം കലർന്ന സ്വരത്തിൽ ചോദിച്ചു: “അല്ലാഹുﷻവിന്റെ റസൂലേ, നമ്മൾ തമ്മിൽ ഓട്ടമത്സരം നടത്തുകയോ..?”
“അതേ, നമ്മൾ രണ്ടുപേരും മത്സരിച്ച് ഓടുക. ആരു ജയിക്കുമെന്നു കാണാമല്ലോ.” - നബിﷺയുടെ വിശദീകരണം.
ആഇശ(റ)യിലെ കളിക്കുട്ടി ഉണർന്നു.
മത്സരത്തിനു തയ്യാറായി. കൊച്ചുകുട്ടിയായിരിക്കുമ്പോൾ ആഇശ(റ) പാവകളെ വച്ചുകളിക്കുമായിരുന്നു. അന്നൊക്കെ നബി ﷺ തങ്ങൾ അതു കാണാറുമുണ്ട്. പല കളികൾ അറിയാം. അയൽപക്കത്തെ കൂട്ടുകാരികൾ വന്നുകൂടും. പിന്നെ ആഹ്ലാദവും പൊട്ടിച്ചിരികളും തന്നെ.
ആ കുസൃതിക്കുട്ടി ഇപ്പോഴിതാ ഓട്ടമത്സരത്തിനു തയ്യാറായിരിക്കുന്നു. നബിﷺതങ്ങളും തയ്യാറെടുത്തു. മത്സരം തുടങ്ങി. ഇരുവരും മത്സരിച്ചോടുന്നു.
ആഇശ(റ) മെലിഞ്ഞ പെൺകുട്ടിയാണ്. ഓട്ടത്തിനു നല്ല വേഗം. അവർ മുമ്പിലെത്തി. മത്സരം അവസാനിച്ചു. നബി ﷺ ഓട്ടത്തിൽ പിന്നിലായിപ്പോയി. ആഇശ(റ)യുടെ മുഖത്തു വിജയഭാവം.
അവർ വീണ്ടും യാത്ര തുടർന്നു. ഓട്ടപ്പന്തയത്തിന്റെ കഥ സ്വഹാബികൾ അറിഞ്ഞു. അവർ അതു പറഞ്ഞ് ആസ്വദിച്ചു. നബി ﷺ തങ്ങൾക്കും അതൊരു മധുരമുള്ള ഓർമയായി മനസ്സിൽ നിലനിന്നു.
അങ്ങനെ വർഷങ്ങൾ കടന്നുപോയി.
മരുഭൂമിയിൽ മറ്റൊരു യാത്ര. നബിﷺയും സ്വഹാബികളും ദീർഘയാത്രയിലാണ്. ഇത്തവണയും നബി ﷺ തങ്ങളോടൊപ്പം ആഇശ(റ) ഉണ്ട്.
വിശാലമായ പ്രദേശം. അതിലൂടെ കടന്നുപോകുമ്പോൾ പ്രവാചകൻ ﷺ പത്നിയോടു ചോദിച്ചു: “ആഇശാ, നീ ഓട്ടമത്സരത്തിനു തയ്യാറുണ്ടോ..?”
എന്തൊരു കുസൃതിച്ചോദ്യം. മനസ്സു പൂത്തുലഞ്ഞുപോയി. കുട്ടിക്കാലം ഓർമവരുന്നു. അന്നത്തെ ഓട്ടവും ചാട്ടവും. തുമ്പിയെപ്പോലെ പാറിപ്പറന്നു നടന്ന കാലം. ഇതാ വീണ്ടും കുട്ടിക്കാലം വരുന്നു...
“ഞാൻ തയ്യാർ” - ആഇശ(റ) സമ്മതിച്ചു.
ഇരുവരും മത്സരത്തിനു തയ്യാറായി.
നിശ്ചിത സമയത്ത് ഓട്ടം തുടങ്ങി. മനസ്സിനൊപ്പം ശരീരം നീങ്ങുന്നില്ലെന്നു ആഇശ(റ)ക്കു മനസ്സിലായി. പഴയ കുട്ടിയാകാൻ പറ്റുന്നില്ല...
നബിﷺതങ്ങൾ വേഗത്തിൽ ഓടുന്നു. ഓടി മുന്നേറുന്നു. താൻ പിന്നിലായിപ്പോയി. മത്സരത്തിൽ പരാജയപ്പെട്ടു...
“ആഇശാ... ഇത് അതിനുപകരമാണ്.” പഴയ പരാജയത്തിനു മധുരമായ പ്രതികാരം. നബിﷺതങ്ങളുടെ ചെഞ്ചുണ്ടുകളിൽ പുഞ്ചിരി...
യാത്രകഴിഞ്ഞ് എത്തിയശേഷം ആഇശ(റ) മറ്റു ഭാര്യമാരോടും കൂട്ടുകാരികളോടുമൊക്കെ വിശേഷം പറഞ്ഞു. “അന്നത്തെ മത്സരത്തിൽ ഞാൻ വിജയിച്ചു. അന്നു ഞാൻ
മെലിഞ്ഞ പെൺകുട്ടിയായിരുന്നു. ഓട്ടത്തിനു നല്ല വേഗം കിട്ടി.
ഇന്നെനിക്കു തടി കൂടിയില്ലേ..! പഴയതുപോലെ ഓടാൻ കഴിയുമോ..? ഞാൻ തോറ്റുപോയി.” അതും പറഞ്ഞു ആഇശ(റ) ചിരിച്ചു...
വലിയൊരു ഫലിതം കേട്ടതുപോലെ മറ്റുള്ളവരും ചിരിച്ചു. മദീനയിൽ അതൊരു തമാശ വാർത്തയായി നിലനിന്നു...
മറ്റുള്ളവരുമായി സംഭാഷണം നടത്തുന്നതിനിടയിൽ നബി ﷺ തങ്ങൾ നല്ല തമാശകൾ പറയും. മറ്റുള്ളവർ കേട്ടു ചിരിക്കും. ആ തമാശകളിലും എന്തെങ്കിലും കാര്യം കാണും. ഒന്നും വെറും വർത്തമാനമല്ല...
അനുയായികൾ പ്രവാചകരുടെ (ﷺ) ഫലിതങ്ങളൊക്കെ ഓർത്തു
വയ്ക്കും. മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കും.
ഇടയ്ക്കു തമാശകൾ പറയണം. ആസ്വദിക്കണം. ചിരിക്കണം. അതൊക്കെ മനസ്സിനും ശരീരത്തിനും നല്ലതാണ്...