Wednesday - 22 April, 2026 4-Dhu al-Qadah-1447

ഓട്ടമത്സരം (2)


   ഒരിക്കൽ ഒരു സ്വഹാബി നബിﷺതങ്ങളെ കാണാൻ വന്നു. അൻസ്വാരിയാണ്. തന്റെ ഒട്ടകത്തെപ്പറ്റി പരാതി പറയാനാണ് അദ്ദേഹം വന്നത്. നബിﷺതങ്ങൾ ഒരു കൂട്ടം സ്വഹാബികളോടൊപ്പമായിരുന്നു...


 “അല്ലാഹുവിന്റെ റസൂലേ, എനിക്ക് ഒരു ഒട്ടകമുണ്ട്. അതു ജോലിചെയ്യാൻ കൂട്ടാക്കുന്നില്ല. മുതുകിൽ വെള്ളം ചുമക്കാൻ ആ ഒട്ടകം തയ്യാറല്ല. അതുകാരണം ഞങ്ങൾക്ക് ഈത്തപ്പനകൾ നനക്കാനാവുന്നില്ല. അങ്ങ് ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരണം...”


 അൻസ്വാരിയുടെ പരാതി കേട്ടു സ്വഹാബികൾ അത്ഭുതപ്പെട്ടു. ഒട്ടകം ജോലി ചെയ്യാത്തതിന് ഇവിടെയാണോ പരാതി പറയുന്നത്..!


 “വരൂ, നമുക്കൊന്നു പോയി നോക്കാം. നബിﷺതങ്ങൾ സ്വഹാബികളോടു പറഞ്ഞു. എല്ലാവരും നടന്നു അൻസ്വാരിയുടെ കൂടെ...


 ഒരു ഈത്തപ്പനത്തോട്ടത്തിലേക്കാണവർ പോയത്. തോട്ടത്തിന്റെ മൂലയിൽ ഒട്ടകം നിൽക്കുന്നു. ആകെ വെറിപിടിച്ച മട്ടാണ്. അതിനെ സമീപിക്കാൻ തന്നെ എല്ലാവർക്കും ഭയം. പ്രവാചകൻ ﷺ ഒട്ടകത്തിനടുത്തേക്കു നടന്നു. സ്വഹാബികൾ വിലക്കി...


 “ഒട്ടകം വെറിപിടിച്ച നായയെപ്പോലെ നിൽക്കുകയാണ്. അതിനെ സമീപിച്ചാൽ ഉപ്രദവമാകും...”


 സ്വഹാബികൾ പറഞ്ഞതൊന്നും റസൂൽ ﷺ പരിഗണിച്ചില്ല. നബിﷺതങ്ങൾ മൃഗത്തിന്റെ സമീപത്തു ചെന്നു നിന്നു. നബിﷺതങ്ങളെ കണ്ടപ്പോൾ ഒട്ടകത്തിനു സന്തോഷം. അതു വിനയപൂർവം തലതാഴ്ത്തി...


 നബി ﷺ അതിന്റെ നെറ്റിയിലെ രോമത്തിൽ പിടിച്ചു. പ്രവാചകന്റെ (ﷺ) കരസ്പർശമുണ്ടായതോടെ ഒട്ടകം തീർത്തും ശാന്തമായി. ഒരടിമയെപ്പോലെ നിന്നു. നബിﷺതങ്ങൾ തിരിച്ചുവന്നു. ആളുകൾ അത്ഭുതപ്പെട്ടു. നല്ല അനുസരണയുള്ള ഒട്ടകം. അതു അനുസരണയോടെ വെള്ളം ചുമന്നുതുടങ്ങി. ഉടമസ്ഥനു സന്തോഷമായി...


 അകലെ ഒരു ഈത്തപ്പനത്തോട്ടം. മരുഭൂമിയിൽ ഒരു പച്ചത്തുരുത്ത്. കാണാൻ ചന്തം. പല വലിപ്പത്തിലുള്ള ഈത്തപ്പനകൾ. അവിടെ പല ജോലികൾ നടക്കുന്നു. ഈത്തപ്പനകൾക്കു വേണ്ട ശുശ്രൂഷകൾ നൽകണം. വളവും വെള്ളവും നൽകണം. ഈത്തപ്പനകൾ നനച്ചുകൊടുക്കണം...


 ആഴമുള്ള കിണറ്റിൽനിന്നു വെള്ളം കോരിയെടുക്കണം. ഒട്ടകങ്ങൾ വെള്ളം ചുമന്നുകൊണ്ടുവരും. ആ വെള്ളംകൊണ്ടു പനകൾ നനക്കും.

അത് ഒരു അൻസ്വാരിയുടെ തോട്ടമാണ്.


 ലോകാനുഗ്രഹിയായ പ്രവാചകൻ ﷺ അതുവഴി വരുന്നു. അൻസ്വാരിയുടെ തോട്ടത്തിലേക്കാണു വരുന്നത്. തോട്ടത്തിൽ ചില ഒട്ടകങ്ങൾ മേഞ്ഞുനടക്കുന്നു. അവയിൽ

ഒരെണ്ണം നബിﷺതങ്ങളെ കണ്ട ഉടനെ ഓടിവരികയാണ്.


 ഒട്ടകം ഉറക്കെ കരയുന്നു. കണ്ണുകളിൽ നിന്നു കണ്ണുനീർ ഒഴുകിക്കൊണ്ടിരിക്കുന്നു.

ഒട്ടകത്തിന് എന്തോ പരാതി പറയാനുണ്ട്. പ്രവാചകന്റെ (ﷺ) സമീപത്ത് ഒട്ടകം വിനയത്തോടെ വന്നുനിന്നു. നബി ﷺ തങ്ങൾ സ്നേഹപൂർവം അതിന്റെ പിരടി തടവിക്കൊടുത്തു. ഒട്ടകത്തിന് ആശ്വാസമായി. കരച്ചിൽ നിറുത്തി...


 “ഇതിന്റെ ഉടമസ്ഥൻ ആരാണ്..?” നബി ﷺ അന്വേഷിച്ചു. 


 അൻസ്വാരി യുവാവു മുന്നോട്ടു വന്നു...

 

 “ഇത് എന്റെ ഒട്ടകമാണ്.”


 നബി ﷺ ആ യുവാവിനോട് ഇങ്ങനെ പറഞ്ഞു: “അല്ലാഹു ﷻ നിന്നെ ഈ മൃഗത്തിന്റെ യജമാനനാക്കിയില്ലേ..? ഇതിനോടു കരുണ കാണിക്കാൻ നിനക്കു കടമയുണ്ട്. ഇതിന്റെ കാര്യത്തിൽ നീ അല്ലാഹുﷻവിനെ ഭയപ്പെടുക. നീ ഈ ഒട്ടകത്തെക്കൊണ്ടു കഠിനമായി ജോലി ചെയ്യിക്കുന്നുണ്ടെന്നും പട്ടിണിക്കിടുന്നുണ്ടെന്നും ഇതെന്നോടു പരാതി പറയുന്നു...”


 യുവാവ് ഞെട്ടിപ്പോയി..!! മൃഗങ്ങളോടു കരുണ കാണിക്കണമെന്നു നബി ﷺ ഉടമസ്ഥരോടു കൂടെക്കൂടെ ഉപദേശിക്കാറുണ്ടായിരുന്നു...