Wednesday - 22 April, 2026 4-Dhu al-Qadah-1447

വരവേൽപിന്റെ ആഹ്ലാദം (2)

   അബൂ അയ്യൂബിൽ അൻസ്വാരിയുടെ മഹാഭാഗ്യം. പ്രവാചകൻ ﷺ നേരെ ആ വീട്ടിലേക്കു നടന്നു. രണ്ടു നിലകളുള്ള വീടാണ്.


“അല്ലാഹുﷻവിന്റെ റസൂലേ, അങ്ങ് മുകൾത്തട്ടിൽ താമസിച്ചോളൂ.” അബൂ അയ്യൂബിൽ അൻസ്വാരി(റ) അപേക്ഷിച്ചു.


 “ഇത്രയധികം ആളുകൾ എന്നെക്കാണാൻ വന്നുകൊണ്ടിരിക്കുന്നു. മുകൾത്തട്ടിൽ താമസിച്ചാൽ സന്ദർശകർക്ക് അസൗകര്യമാവില്ലേ...”


 ജനങ്ങളുടെ സൗകര്യമോർത്തു നബി ﷺ തങ്ങൾ താഴത്തെ നിലയിൽ താമസമാക്കി. അബൂ അയ്യൂബിൽ അൻസ്വാരി(റ)വും കുടുംബവും മുകളിലും താമസിച്ചു... 


 ആറാം വയസ്സിൽ ആ പ്രദേശത്തു വന്ന ഓർമ പ്രവാചകന്റെ (ﷺ) മനസ്സിൽ തെളിഞ്ഞുകിടക്കുന്നു. സഹായികളിൽ ചിലരോടൊക്കെ അതു പറയുകയും ചെയ്തു. അതോടൊപ്പം മാതാവിന്റെ

മരണത്തെക്കുറിച്ചുള്ള ദുഃഖം നിറഞ്ഞ ഓർമകളും തെളിഞ്ഞു വന്നു. 


 മക്കയിൽ കുടുങ്ങിയ ബന്ധുക്കളെക്കുറിച്ചുള്ള ചിന്തയാണ്

ഇപ്പോൾ അവരെ അലട്ടുന്നത്. നബി ﷺ തങ്ങളും സ്വിദ്ദീഖ്(റ)വും മക്ക വിട്ടുപോരുമ്പോൾ ഉൽക്കണ്ഠയോടുകൂടി കുടുംബക്കാർ നോക്കിനിൽക്കുകയായിരുന്നു. മക്കൾ തങ്ങളെയോർത്ത് ദുഃഖിക്കുന്നുണ്ടാകും... 


 അവരെ എങ്ങനെയെങ്കിലും മദീനയിൽ എത്തിക്കണം. മക്കയിൽ ക്രൂരന്മാരായ ഖുറയ്ശികൾക്കിടയിൽ പെട്ടുപോയ സന്താനങ്ങളുടെ വാടിയ മുഖം രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ തെളിയും.


 സയ്ദ് ബ്നു ഹാരിസത്ത്(റ), അബൂറാഫിഅ്(റ) എന്നിവരെ

നബി ﷺ അരികിൽ വിളിച്ചു. “നിങ്ങൾ മക്കയിൽ പോകണം. വളരെ രഹസ്യമായി. ഫാത്വിമയെയും ഉമ്മുകുൽസൂമിനെയും കൊണ്ടുവരണം...”


 ആ പിതാവിന്റെ മനസ്സിലെ ദുഃഖം അവരെയും വേദനിപ്പിച്ചു. നബി ﷺ തങ്ങൾ ഫാത്വിമയെയും ഉമ്മുകുൽസൂമിനെയും

കാണാനാഗ്രഹിക്കുന്നു. അവരുടെ കാര്യത്തിൽ ഉൽക്കണ്ഠയുണ്ട്.

 

 അബ്ദുല്ലാഹിബ്നു ഉറയഖത്ത് (റ) എന്ന ധീര സ്വഹാബിയുമായി സ്വിദ്ദീഖ്(റ) സംസാരിച്ചു. “അബ്ദുല്ലയും ആഇശയും അസ്മാഉം മക്കയിലാണ്. അവരെ

എങ്ങനെയെങ്കിലും മദീനയിൽ കൊണ്ടുവരണം.”


“ഞാൻ മക്കയിൽ പോകാം. മക്കളെ കൊണ്ടുവരാം.” അബ്ദുല്ലാഹിബ്നു ഉറയഖത്ത്(റ) പറഞ്ഞു.


 സയ്ദ് ബ്നു ഹാരിസത്ത്(റ), അബ്ദുല്ലാഹിബ്നു ഉറയ്ഖ(റ)

എന്നിവർ മക്കയിലേക്കു പുറപ്പെട്ടു. ഖുറയ്ശികളുടെ ശ്രദ്ധയിൽ പെടാതെ അവർ മക്കയിലെത്തി. നബിﷺയുടെ വീട്ടിൽ ചെന്നു മക്കളോടും മറ്റും യാത്രയ്ക്കു തയ്യാറാകാൻ പറഞ്ഞു... 


 സ്വിദ്ദീഖ്(റ)വിന്റെ വീട്ടിൽ ചെന്ന് അവിടെയുള്ളവരോടും യാത്രയുടെ കാര്യം പറഞ്ഞു. ഇരുട്ടിന്റെ മറവിൽ ഒരു സംഘം യാത്രക്കാർ മദീനയിലേക്കു പുറപ്പെട്ടു.


 ഫാത്വിമ, ഉമ്മുകുൽസൂം, സൗദ ബിൻത് സംഅത്, ഉസാമത് ബ്നു സയ്ദ, ഉമ്മു അയ്മൻ(റ) എന്നിവർ അക്കൂട്ടത്തിലുണ്ട്. സ്വിദ്ദീഖ്(റ)വിന്റെ വീട്ടിൽനിന്ന് അബ്ദുല്ല, ആഇശ, അസ്മാഅ് എന്നിവരും പുറപ്പെട്ടു. ഒട്ടകക്കട്ടിലുകളിൽ രഹസ്യയാത്ര. സായുധരായ യോദ്ധാക്കൾ കൂടെയുണ്ട്...


 പ്രവാചക പുത്രിയായ സയ്നബ് (റ) മക്കയിൽ തന്നെയാണുള്ളത്. ഭർത്താവിന്റെ വീട്ടിൽ. ഭർത്താവ് ഇതുവരെ ഇസ്ലാം സ്വീകരിച്ചിട്ടില്ല...