ഒരു പള്ളി നിർമിക്കണം. വളരെ അത്യാവശ്യമാണ്. ധാരാളമാളുകൾ തന്നെക്കാണാൻ വന്നുകൊണ്ടിരിക്കുന്നു. അവർക്ക് ഇസ്ലാം പഠിപ്പിക്കണം.
മക്കയിൽ നിന്നു ഹിജ്റ വന്ന സത്യവിശ്വാസികളെ മുഹാജിറുകൾ എന്നു വിളിക്കുന്നു. അവരെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്ത മദീനയിലെ മുസ്ലിംകളെ അൻസ്വാറുകൾ എന്നും.
അൻസ്വാറുകൾ അക്കാലത്തു ധനികരായിരുന്നില്ല. ഔസ് ഗോത്രക്കാരും ഖസ്റജ് ഗോത്രക്കാരും തമ്മിൽ യുദ്ധം നടന്നതു സമീപകാലത്താണ്. യുദ്ധം കാരണം അവർ തകർന്നുപോയിരുന്നു.
എവിടെയാണു പള്ളി നിർമിക്കേണ്ടത്..? പറ്റിയ സ്ഥലം തിരഞ്ഞെടുക്കണം. അബൂഅയ്യൂബിൽ അൻസ്വാരി(റ)വിന്റെ വീടിനു തൊട്ടടുത്തുള്ള ഒഴിഞ്ഞുകിടക്കുന്ന പ്രദേശം. അതിനടുത്താണു നബി ﷺ വന്നപ്പോൾ ഒട്ടകം മുട്ടുകുത്തിയത്.
സഹ്ൽ, സുഹയൽ എന്നീ അനാഥ മക്കളുടെ സ്വത്താണ്. ആ പ്രദേശം പള്ളിയുണ്ടാക്കാൻ കൊള്ളാം. പ്രവാചകൻ ﷺ പള്ളിക്കുവേണ്ടി തങ്ങളുടെ പ്രദേശം പരിഗണിക്കുന്നു എന്നു വിവരം സഹ് ലും സുഹയ്ലും അറിഞ്ഞു. അവർ പ്രവാചകന്റെ (ﷺ) മുമ്പിലെത്തി. ഇങ്ങനെ അറിയിച്ചു:
“അല്ലാഹുവിന്റെ റസൂലേ.., ഞങ്ങളുടെ സ്ഥലം പള്ളിയുണ്ടാക്കാൻ പറ്റുമെങ്കിൽ ഞങ്ങളതു സൗജന്യമായി വിട്ടുതരാം.” സ്ഥലം നൽകാൻ അവർക്കു വലിയ സന്തോഷം...
യതീം മക്കളുടെ സ്ഥലം ദാനമായിട്ടു സ്വീകരിക്കാൻ നബി ﷺ സന്നദ്ധനായില്ല. ആ സ്ഥലം വിലകൊടുത്തു വാങ്ങി. നല്ലൊരു പള്ളിയുണ്ടാക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല. എല്ലാവരും തൊഴിലാളികളായി രംഗത്തിറങ്ങണം. എല്ലാവരുംകൂടി കഠിനാധ്വാനം ചെയ്ത് പള്ളിയുണ്ടാക്കണം.
ആഴമുള്ള കിണറ്റിൽ നിന്നു വെള്ളം കോരണം. മണ്ണു കുഴച്ചു പാകപ്പെടുത്തണം. ഇഷ്ടികയുണ്ടാക്കണം. വെയിലത്തിട്ട് ഉണക്കിയെടുക്കണം. അതുപയോഗിച്ചു ചുമരു കെട്ടണം. ഇതാണു പദ്ധതി...
ദിവസം നിശ്ചയിച്ചു. എല്ലാവരും ജോലിക്കിറങ്ങി. കുറേ പണികൾ ചെയ്തുതീർത്തു. പള്ളിയുടെ ശിലാസ്ഥാപനത്തിനു ദിവസം നിശ്ചയിച്ചു. നബി ﷺ തങ്ങൾ സ്വന്തം ചുമലിൽ ഒരു ഇഷ്ടിക ചുമന്നു കൊണ്ടുവന്നു. അതു ചുമരിന്റെ അടിസ്ഥാനമായി വച്ചു.
അബൂബക്സർ സ്വിദ്ദീഖ്(റ)വിനോട് അടുത്ത ഇഷ്ടിക വയ്ക്കാൻ പറഞ്ഞു. തുടർന്ന് ഉമറുൽ ഫാറൂഖ്(റ), ഉസ്മാൻ ബ്നു അഫ്ഫാൻ(റ), അലിയ്യു ബ്നു അബീത്വാലിബ്(റ) എന്നിവർ
ഇഷ്ടികകൾ വച്ചു...
അൻസ്വാറുകളും മുഹാജിറുകളും ഇഷ്ടികകളുമായി വരാൻ തുടങ്ങി. ചുമരിന്റെ ഉയരം കൂടിക്കൂടി വന്നു. പള്ളിക്കു വാതിലൊന്നുമില്ല. കട്ടിലയുമില്ല. വാതിലിന്റെ
സ്ഥാനം ഒഴിച്ചിട്ടു. മൂന്നു പ്രവേശന മാർഗങ്ങൾ എന്നു പറയാം. അവിടെ കമ്പിളി തൂക്കിയിട്ടു...
ചുമരു കെട്ടിയ മുറ്റം. അതാണു പള്ളി. ഒരു ഭാഗത്തു മേൽപുരയിട്ടു. ഈന്തപ്പനമടൽ നിരത്തിയിട്ടു. വെയിൽ കൊള്ളാതിരിക്കാൻ. മഴ പെയ്താൽ നനയും. മേൽപുരയുള്ള ഭാഗം വീടില്ലാത്ത പാവപ്പെട്ട മുസ്ലിംകൾ താമസിച്ചു. അവരാണു സുഫ്ഫത്തിന്റെ അഹ്ലുകാർ- അഹ്ലുസ്സുഫ്ഫ.
അക്കാലത്ത് എണ്ണയ്ക്കു വലിയ വിലയാണ്. ഖാഫിലക്കാരാണ് എണ്ണ കൊണ്ടുവരുന്നത്. സാധാരണക്കാർക്ക് അതു വാങ്ങി ഉപയോഗിക്കാനാവില്ല. സാധാരണക്കാരുടെ വീട്ടിൽ വിളക്കു തെളിയാറില്ല. വല്ല വിശേഷ ദിവസങ്ങളിലും വിളക്കു വയ്ക്കും...
വിവാഹമോ മരണമോ ജനനമോ ഒക്കെ നടക്കുമ്പോഴാണ് ഒരു വിളക്കു കത്തിക്കുക. രാത്രിനേരത്തെ ഭക്ഷണം സന്ധ്യക്കു തന്നെ കഴിക്കും. അതാണ് അന്നത്തെ പതിവ്. ഇലയോ പുല്ലോ കത്തിച്ചുവച്ച് അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കും...