Wednesday - 22 April, 2026 4-Dhu al-Qadah-1447

ഞങ്ങൾക്കു റസൂൽ ﷺ മതി

   ജഅ്റാനയിലെ ഒരു രംഗം മറക്കാനാവില്ല. ചില അൻസാരികൾ യുദ്ധമുതലുകളുടെ ഓഹരിവയ്പ്പു

കണ്ടു ആശ്ചര്യപ്പെട്ടു. കുറെ നവവിശ്വാസികൾ. അവർ ആദ്യമായി യുദ്ധത്തിൽ പങ്കെടുത്തു. ഇസ്ലാമിൽ വന്നിട്ടു കുറച്ചു നാളുകളേ ആയുള്ളൂ.

ബദ്റും ഉഹുദുമൊക്കെ കേട്ടുകേൾവിയേ ഉള്ളൂ. ചിലർ ശത്രുപക്ഷം ചേർന്നു യുദ്ധം ചെയ്തിട്ടുമുണ്ട്.


 ഇസ്ലാമിനു വേണ്ടി അവർ ത്യാഗം സഹിച്ചിട്ടില്ല. അതിനുള്ള അവസരം ഉണ്ടായിട്ടില്ല. എന്നിട്ടും അവർക്കെന്തിന് ഇത്രയേറെ സമ്പത്തു നൽകി..? 


 ഞങ്ങൾ അൻസാരികൾ. ഇസ്ലാം ദീനിനുവേണ്ടി എന്തെല്ലാം ത്യാഗങ്ങൾ സഹിച്ചു. എന്നിട്ടു ഞങ്ങൾക്കു നൽകിയതു വളരെ നിസ്സാരം!

ഇതു ശരിയാണോ? അൻസാറുകളിൽ ചിലർ ഇങ്ങനെ സംസാരിക്കുന്നതായി പ്രവാചകൻ ﷺ അറിഞ്ഞു. വളരെ വിഷമം തോന്നി. നബിﷺതങ്ങൾ അൻസാറുകളെ നോക്കി ഇങ്ങനെ പറഞ്ഞു തുടങ്ങി: 


 “പ്രിയപ്പെട്ടവരേ, ഹുനയ്നിൽ നിന്നു കിട്ടിയ യുദ്ധമുതലുകൾ ഞാൻ വിതരണം ചെയ്തതിൽ നിങ്ങൾ തൃപ്തരല്ലെന്നു ഞാൻ കേട്ടു. എന്റെ വിതരണ രീതിയിൽ നിങ്ങൾ തൃപ്തരല്ലേ..? അല്ലാഹു ﷻ നിങ്ങൾക്കു ചെയ്തുതന്ന അനുഗ്രഹങ്ങളെക്കുറിച്ചു നിങ്ങൾ ഓർക്കാത്തതെന്ത്..? 


 ഞാൻ വരുമ്പോൾ നിങ്ങളുടെ അവസ്ഥ എന്തായിരുന്നു. നിങ്ങൾ വഴികേടിലായിരുന്നു. ഞാൻ

മൂലം നിങ്ങൾ സന്മാർഗത്തിലായി. പരസ്പര ശത്രുത ഇല്ലാതായി. നിങ്ങൾ സഹോദരങ്ങളായി. നിങ്ങൾ എനിക്ക് അഭയം നൽകി. എന്നെ സ്വീകരിച്ചു. മറ്റുള്ളവർ എന്നെ നിഷേധിച്ചപ്പോൾ നിങ്ങളെന്നെ വിശ്വസിച്ചു. ശരിയാണ്. നിങ്ങൾ ചെയ്തതു വലിയ കാര്യമാണ്.


 നവമുസ്ലിംകൾക്കു ഞാൻ കൂടുതൽ നൽകി. അവരെ ഇസ്ലാമിൽ ഉറപ്പിച്ചു നിർത്താൻ ഞാൻ അങ്ങനെ ചെയ്തു. അവരുടെ വിശ്വാസം ശക്തമായിട്ടില്ല.


 നിങ്ങളുടെ വിശ്വാസം ശക്തമാണ്. അതെനിക്കറിയാം. അതുകൊണ്ടു ഞാൻ നിങ്ങൾക്കു കുറച്ചു നൽകി. അതു നിങ്ങളെ വേദനിപ്പിച്ചുവോ..?


 അവർ സ്വദേശത്തേക്കു മടങ്ങുന്നത് ഒട്ടകക്കൂട്ടങ്ങളും ആട്ടിൻപറ്റങ്ങളുമായിട്ടാണ്. നിങ്ങൾ സ്വദേശത്തേക്കു പോകുന്നതോ അല്ലാഹുﷻവിന്റെ റസൂലുമായിട്ടാണ്. ഇതിൽ നിങ്ങൾക്കു സന്തോഷം തോന്നുന്നില്ലേ? നിങ്ങൾക്കു ലഭിച്ചതാണ് ഉത്തമം. അല്ലാഹുﷻവാണേ, നിങ്ങൾക്കു ലഭിച്ചതാണുത്തമം. അവർക്കു ലഭിച്ചതിനെക്കാൾ നിങ്ങൾക്കു ലഭിച്ചതാണുത്തമം...


 ഹിജ്റ ഇല്ലായിരുന്നെങ്കിൽ ഞാൻ അൻസാറുകളിൽ ഒരാളായി ജനിക്കുമായിരുന്നു. അൻസാറുകൾ വിശേഷപ്പെട്ട ജനങ്ങളാണ്. അൻസാറുകൾ ഒരു താഴ്‌വരയിലും മറ്റുള്ളവരെല്ലാംകൂടി മറ്റൊരു താഴ്‌വരയിലും പ്രവേശിച്ചു എന്നു കരുതുക.


 ഞാൻ ആരോടൊപ്പം പ്രവേശിക്കും?സംശയം വേണ്ട, ഞാൻ അൻസാറുകളുടെ കൂടെയായിരിക്കും.”


 തുടർന്നു തിരുനബി ﷺ പ്രാർത്ഥിച്ചു: “അല്ലാഹുവേ, അൻസാറുകളോടു നീ കരുണ കാണിക്കേണമേ.., അവരുടെ മക്കളോടും മക്കളുടെ മക്കളോടും കരുണ കാണിക്കേണമേ...” എന്തൊരു ഹൃദയസ്പർശിയായ പ്രാർത്ഥന. എന്തൊരു മാസ്മര ശക്തിയുള്ള വാക്കുകൾ...


 അൻസാറുകൾക്കു കേട്ടുനിൽക്കാനാകുമോ..? അവർ പൊട്ടിക്കരഞ്ഞു. എന്തൊരബദ്ധമാണു പറ്റിപ്പോയത്. നിസ്സാരമായ ധനത്തിന്റെ കാര്യത്തിൽ പ്രവാചകനെ (ﷺ) വേദനിപ്പിച്ചു. ഇതെങ്ങനെ സഹിക്കും...


 അവർ പൊട്ടിക്കരഞ്ഞു. കണ്ണുനീർകൊണ്ടു താടിരോമങ്ങൾ

നനഞ്ഞു. ഗദ്ഗദത്തോടെ വിളിച്ചു പറഞ്ഞു: 


 “ഞങ്ങൾക്ക്... അല്ലാഹുﷻവിന്റെ റസൂൽ (ﷺ) മതി. ഞങ്ങൾക്ക് ഓഹരിയായി... റസൂൽ (ﷺ) മതി.” എന്തൊരു പശ്ചാത്താപം..!


 നബിﷺയുടെ മുഖം തെളിഞ്ഞു. അൻസാറുകൾക്ക് ആശ്വാസമായി.

അവരുടെ വിശ്വാസത്തിനു തിളക്കം കൂടി. സമാധാനത്തോടെ അവർ സ്വദേശത്തേക്കു മടങ്ങി. നബിﷺതങ്ങൾ അൻസാറുകളെ എന്തുമാത്രം സ്നേഹിച്ചിരുന്നുവെന്നു മനസ്സിലാക്കാൻ സഹായകമായ ഒരു സംഭവമാണിത്.