ഹവാസിൻ ഗോത്രക്കാരുടെ ഒരു പ്രതിനിധി സംഘം നബിﷺതങ്ങളെ കാണാനെത്തി. പ്രവാചകൻ ﷺ അവരെ സ്വീകരിച്ചിരുത്തി. ആഗമനോദ്ദേശ്യം ആരാഞ്ഞു. അവർ ഇങ്ങനെ പറഞ്ഞു:
“അല്ലാഹുﷻവിന്റെ റസൂലേ, ഞങ്ങൾ ഇസ്ലാംമതം സ്വീകരിച്ചുകഴിഞ്ഞു. ഞങ്ങൾക്ക് അങ്ങയോട് ഒരപേക്ഷയുണ്ട്. ഞങ്ങളുടെ കൂട്ടത്തിൽപെട്ട പലരും അങ്ങയുടെ തടവുകാരാണ്. അവർ അങ്ങയുടെ ബന്ധുക്കളാണ്. അങ്ങയുടെ പിതൃ
സഹോദരിമാർ അക്കൂട്ടത്തിലുണ്ട്. മാതൃസഹോദരിമാരുമുണ്ട്. ചെറുപ്പത്തിൽ അങ്ങയെ പരിചരിച്ച പോറ്റുമ്മമാരുണ്ട്. അങ്ങയോടു ബാധ്യതകളെക്കുറിച്ചു പറയേണ്ട കാര്യമില്ല. അങ്ങ് ദയാലുവാണ്.”
നബിﷺതങ്ങൾ അവരോടു ചോദിച്ചു: “നിങ്ങൾക്കു നിങ്ങളുടെ സ്ത്രീകളെയും കുട്ടികളെയുമാണോ വേണ്ടത്, അതോ സമ്പത്തോ..?”
അവർ ഉടനെ ഇങ്ങനെ മറുപടി നൽകി: “ഞങ്ങൾക്കേറ്റവും പ്രിയപ്പെട്ടതു ഞങ്ങളുടെ സ്ത്രീകളും
കുട്ടികളും തന്നെ, അവരെ വിട്ടുതരണം.”
പ്രവാചകൻ ﷺ ഇങ്ങനെ മറുപടി നൽകി; “എനിക്കും അബ്ദുൽ മുത്വലിബ് ഗോത്രത്തിനും നീക്കിവച്ചതെല്ലാം മടക്കിത്തരാം.”
“അത്രയും ആശ്വാസം, മറ്റുള്ളവരെയും കിട്ടണം.”
പ്രവാചകൻ ﷺ അവരെ ഇങ്ങനെ ഉപദേശിച്ചു: “മദ്യാഹ്ന നിസ്കാരത്തിനു ശേഷം നിങ്ങൾ എഴുന്നേറ്റുനിന്നു ജനങ്ങളോടിങ്ങനെ പറയണം യുദ്ധത്തിൽ പിടിക്കപ്പെട്ട ഞങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും മടക്കിത്തരണമെന്ന് അല്ലാഹുﷻവിന്റെ റസൂലിന്റെ (ﷺ) പേരിൽ ഞങ്ങൾ മുസ്ലിം സഹോദരങ്ങളോടപേക്ഷിക്കുന്നു.
മുസ്ലിംകളുടെ പേരിൽ അല്ലാഹുﷻവിന്റെ റസൂലിനോടും (ﷺ) ഞങ്ങൾ അഭ്യർത്ഥിക്കുന്നു.”
അപ്പോൾ എന്റെ ഓഹരി വിട്ടുതരാം. മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യാം.”
പറഞ്ഞതുപോലെ തന്നെ ചെയ്തു. അന്നു ളുഹ്ർ നിസ്കാരശേഷം ഹവാസിൻ ഗോത്ര പ്രതിനിധികൾ മുസ്ലിംകളോടും പ്രവാചകനോടും (ﷺ) അഭ്യർത്ഥന നടത്തി. അപ്പോൾ പ്രവാചകൻ ﷺ ഇങ്ങനെ അറിയിച്ചു:
“എനിക്കും അബ്ദുൽ മുത്വലിബ് ഗോത്രത്തിനുള്ളതും നിങ്ങൾക്കുള്ളതാണ്. ഞാനതു നിങ്ങൾക്കു വിട്ടുതരുന്നു.”
പ്രവാചകരുടെ (ﷺ) വാക്കുകൾ കേട്ടതോടെ മുഹാജിറുകൾ എഴുന്നേറ്റുനിന്ന് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾക്കുള്ളതും പ്രവാചകന് (ﷺ) അവകാശപ്പെട്ടതുതന്നെ. ഞങ്ങളതു വിട്ടുതരുന്നു.”
അപ്പോൾ അൻസാറുകൾ വിളിച്ചു പറഞ്ഞു: “ഞങ്ങൾക്കുള്ളതും നബി ﷺ തങ്ങൾക്കുള്ളതാണ്.
ഞങ്ങളും വിട്ടുതരുന്നു..."
ഹവാസിൻ ഗോത്രക്കാർക്ക് അവരുടെ സ്ത്രീകളെയും കുട്ടികളെയും തിരിച്ചുകിട്ടി. അവരെല്ലാം ഇസ്ലാംമതം സ്വീകരിച്ചു...
അവരിൽ പലരും നബിﷺതങ്ങളുടെ ബന്ധുക്കളായിരുന്നു. ബന്ധുക്കളുടെ കൂട്ടത്തിൽ വൃദ്ധയായ ഒരു സ്ത്രീയും ഉണ്ടായിരുന്നു. മറ്റുള്ളവരെപ്പോലെ അവരും ബന്ദിയായി. ആ സ്ത്രീ മുസ്ലിംകളോടു ശബ്ദമുയർത്തിക്കൊണ്ട്
ഇങ്ങനെ പറഞ്ഞു:
“നിങ്ങളൊരു കാര്യം മനസ്സിലാക്കണം. നിങ്ങളുടെ നേതാവിന്റെ സഹോദരിയാണു ഞാൻ. മുലകുടി ബന്ധത്തിലുള്ള സഹോദരി...
മുസ്ലിംകൾ ആ സ്ത്രീയെ പ്രവാചകരുടെ (ﷺ) മുമ്പിൽ കൊണ്ടുവന്നു. നബി ﷺ തങ്ങൾ ആ സ്ത്രീയെ തിരിച്ചറിഞ്ഞു.
നബി ﷺ തന്റെ തട്ടം വിരിച്ച് അവരെ അതിൽ ഇരുത്തി ആദരിച്ചു. അവരുടെ പേര് ശയ്മ എന്നായിരുന്നു...
“നിങ്ങൾ എന്റെ കൂടെ താമസിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ അങ്ങനെ ചെയ്യാം. സ്വന്തം കുടുംബത്തിലേക്കു തിരിച്ചുപോകണമെങ്കിൽ അങ്ങനെയാവാം.” - നബി ﷺ തങ്ങൾ പറഞ്ഞു.
അവർ സ്വന്തം കുടുംബത്തിലേക്കു പോകാൻ ആഗ്രഹം പ്രകടിപ്പിച്ചു. വിലപിടിച്ച സമ്മാനങ്ങൾ നൽകി അവരെ തിരിച്ചയച്ചു...
ശത്രുക്കളുടെ നേതാവായ മാലിക് ബ്നു ഔഫ് ഇസ്ലാംമതം സ്വീകരിച്ചുവരികയാണെങ്കിൽ അയാളുടെ കുടുംബത്തെ വിട്ടുകൊടുക്കാം. സ്വത്തു നൽകാം. നൂറ് ഒട്ടകങ്ങളെ സമ്മാനവും നൽകാം. നബിﷺതങ്ങൾ പ്രഖ്യാപിച്ചു.
ഹവാസിൻ ഗോത്രക്കാർ വിവരം അദ്ദേഹത്തെ അറിയിച്ചു. വളരെ രഹസ്യമായി, കുതിരപ്പുറത്തു കയറി അദ്ദേഹം പ്രവാചകനെ (ﷺ) കാണാനെത്തി. ഇസ്ലാംമതം സ്വീകരിച്ചു...
ബന്ധുക്കളെ കിട്ടി. സ്വത്തു കിട്ടി. സമ്മാനമായി നൂറു ഒട്ടകങ്ങളെയും കിട്ടി. മാലിക് ബ്നു ഔഫ് സന്തോഷത്തോടെ തിരിച്ചുപോയി...