Wednesday - 22 April, 2026 4-Dhu al-Qadah-1447

പ്രവാചക പുത്രിയെ ആക്രമിച്ചു (1)

   നബിﷺതങ്ങൾ സയ്ദ് ബ്നു ഹാരിസ്(റ)വിനെ വിളിച്ചു. എന്നിട്ടിങ്ങനെ നിർദേശിച്ചു: “നിങ്ങൾ സയ്നബിനെ കൊണ്ടുവരണം. മദീനയുടെ അതിർത്തിവരെ പോകുക. നിങ്ങൾ ബതൻയാജ് എന്ന പ്രദേശത്തു താമസിക്കണം. സയ്നബ് വരുന്നതുവരെ കാത്തിരിക്കുക. വന്നാൽ കൂട്ടിക്കൊണ്ടു പോരണം.”


 സയദ് ബ്നു ഹാരിസ്(റ) മറ്റൊരു സഹായിയോടൊപ്പം യാത്ര തിരിച്ചു. അബുൽ ആസ് മക്കയിലെത്തിയ ഉടനെ സയനബിനെ അയയ്ക്കുമെന്നാണു പ്രതീക്ഷ. സ്വഹാബികൾ ഇരുവരും ബതൻയാജ് എന്ന സ്ഥലത്തെത്തി. അവിടെ തമ്പടിച്ചു.


 അബുൽ ആസിന്റെ സഹോദരനാണ് കിനാന. കിനാന ധീരനും തന്ത്രശാലിയുമാണ്.

ഖുറയ്ശികളുടെ കണ്ണിൽപെടാതെ സയ്നബിനെ മക്കയുടെ അതിർത്തി കടത്തിവിടാൻ കിനാനക്കു കഴിയും.

അബുൽ ആസ് ആ ചുമതല കിനാനയെ ഏൽപിച്ചു. വളരെ രഹസ്യമായാണു യാത്ര...


 ഒട്ടകം വന്നു, ഒട്ടകക്കട്ടിൽ തയാറായി.

സയ്നബ് (റ) ഒട്ടകക്കട്ടിലിൽ കയറിയിരുന്നു. ഒട്ടകം നടന്നു. കിനാന കൂടെ സഞ്ചരിച്ചു. ദീതുവാ എന്ന സ്ഥലത്തെത്തി. ശ്രതുക്കൾ ചാടിവീണു. ഒട്ടകത്തെ വളഞ്ഞു..!

അസഭ്യവർഷം തന്നെ...


 ഫുബാറ് ബ്നു അസദ്. ക്രൂരനായ ഒരു മനുഷ്യന്റെ പേരാണിത്. കയ്യിൽ കുന്തവുമായി അവൻ ഓടിയടുത്തു. അയാൾ ഒട്ടകക്കട്ടിലിൽ ആഞ്ഞുകുത്തി. ഗർഭിണിയായ സയ്നബ് ഒട്ടകപ്പുറത്തുനിന്നു താഴെ വീണു..!


 കിനാന വില്ലു കുലച്ചു. അമ്പെയ്യാൻ ലക്ഷ്യം പിടിച്ചു. “അടുത്തു വന്നാൽ കൊന്നുകളയും...” കിനാനയുടെ അട്ടഹാസം. 


 അക്രമികൾ പിൻവാങ്ങി. അപ്പോൾ അബൂസുഫ്യാനും ഏതാനും ആളുകളും അതുവഴി വന്നു. സയ്നബിനെ ഭർത്താവിന്റെ വീട്ടിലേക്കു തന്നെ മടക്കിക്കൊണ്ടുപോകാൻ അബൂസുഫ്യാൻ നിർദേശിച്ചു...


 തീരെ അവശയായിപ്പോയ സയബിനെയുംകൊണ്ടു

കിനാന മടങ്ങിപ്പോയി. വേദന നിറഞ്ഞ മനസ്സും ശരീരവുമായി അവൾ ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തി. വീഴ്ചയുടെ ഫലമായി ഗർഭം അലസിപ്പോയി. രക്ഷപ്പെടാനുള്ള മാർഗത്തെ കുറിച്ചു മാത്രമാണു ചിന്ത. എപ്പോഴും കിടപ്പുതന്നെ. എന്തൊരു വേദന..!


 മരുന്നുകൾ കഴിക്കുന്നു. ആരോഗ്യം യാത്രയ്ക്ക് ഏതാണ്ട് അനുയോജ്യമായി. വീണ്ടും ഒരു ത്യാഗത്തിനൊരുങ്ങുന്നു. കിനാന സയ്നബിനെയും കൊണ്ടു പുറപ്പെട്ടു...