Wednesday - 22 April, 2026 4-Dhu al-Qadah-1447

മദീനയിലെത്തിക്കുക (2)

   അതാ പോകുന്നു ഭർത്താവ്. യുദ്ധക്കളത്തിലേക്ക്. തന്റെ പിതാവിനെതിരെ പടവെട്ടാൻ..! ഇതും കാണേണ്ടതായി വന്നല്ലോ...


 സഹിക്കാനാവുന്നില്ല. റബ്ബേ..! കരുത്തു നൽകേണമേ. പിന്നെ ഉറക്കമില്ലാത്ത രാവുകൾ. മരവിച്ചുപോയ ദിവസങ്ങൾ. ഊണില്ല, ഉന്മേഷമില്ല...

 

 ദിനരാത്രങ്ങൾ പലതും കടന്നുപോയി. ബദർ യുദ്ധം കഴിഞ്ഞു. മക്കക്കാർ മടങ്ങിയെത്തി. ദുഃഖത്തിന്റെ കഥകളുമായി. അബൂജഹ്ൽ വധിക്കപ്പെട്ടു. കേട്ടവരൊക്കെ ഞെട്ടി. ധീരവീര നേതാക്കൾ പലരും വധിക്കപ്പെട്ടു...


 പ്രതികാരത്തിന്റെ ആവേശം മക്കയെ മൂടി. തന്റെ ഭർത്താവു മടങ്ങിവന്നില്ല.

ഭർത്താവിനെ കാണാതായപ്പോൾ വെപ്രാളം. അന്വേഷണമായി. വധിക്കപ്പെട്ടിട്ടില്ല, ബന്ദിയായിരിക്കുന്നു. എന്തു ശിക്ഷയായിരിക്കും ലഭിക്കുക..?വധിക്കപ്പെടുമോ, അതോ മടങ്ങിവരുമോ..? ആകാംക്ഷയോടെ കാത്തിരുന്നു. 


 അപ്പോൾ അടുത്ത വാർത്ത വന്നു. മോചനദ്രവ്യം വാങ്ങി ചിലരെ വിട്ടയച്ചിരിക്കുന്നു. അവർ

മക്കയിലെത്തി. പണം നൽകി തന്റെ ഭർത്താവിനെ മോചിപ്പിക്കാം. മനസിൽ ആശയുടെ തിളക്കം.

പണമെവിടെ..? ബന്ദിയെ മോചിപ്പിക്കാൻ മാത്രം പണം കൈവശമില്ല. ഒരു സ്വർണ മാലയുണ്ട്. 


 ഇതെങ്ങനെ ഊരിക്കൊടുക്കും..? പ്രിയപ്പെട്ട മാതാവ് തന്നതാണ്. തനിക്കു ലഭിച്ച വിവാഹ സമ്മാനം. കൈവെടിയാൻ തോന്നുന്നില്ല. ഭർത്താവിനെ മോചിപ്പിക്കാനല്ലേ, ഭാര്യ ത്യാഗം ചെയ്യേണ്ടതായിവരും...


 വേദനയോടെ മാല ഊരി മദീനയിലേക്കു കൊടുത്തയച്ചു. അബുൽ ആസിന്റെ ബന്ധുക്കൾ മദീനയിലെത്തി. പ്രവാചകനെ (ﷺ) കണ്ടു. മോചനദ്രവ്യം കൊണ്ടുവന്നിട്ടുണ്ടെന്നും അബുൽ

ആസിനെ വിട്ടയയ്ക്കണമെന്നും അപേക്ഷിച്ചു.


 ഒരു പൊതി മുമ്പിൽ വച്ചു. തിരുമേനി ﷺ അതു തുറന്നുനോക്കി. ഒരു സ്വർണമാല..! ഓർമകൾ ഇളകിമറിഞ്ഞു. തന്റെ പ്രിയപ്പെട്ട ഖദീജ മാറിലണിഞ്ഞ മാല.

ചിന്തകൾ അസ്വസ്ഥനാക്കി.

സ്വഹാബികൾ ആ മാല തിരിച്ചുകൊടുക്കാൻ തീരുമാനിച്ചു...


 പ്രവാചകൻ ﷺ ഒരു ഉപാധിവച്ചു: “അബുൽ ആസ്, നിങ്ങളെ വിട്ടയയ്ക്കുകയാണ്. സയ്നബിന്റെ മാല മടക്കിത്തരികയും ചെയ്യുന്നു. നിങ്ങൾ മക്കയിലെത്തിയ ഉടനെ സയ്ബിനെ മദീനയിലേക്കയയ്ക്കണം. ആ ഉറപ്പിന്മേൽ നിങ്ങളെ വിട്ടയയ്ക്കുന്നു.”


“ഞാനങ്ങനെതന്നെ ചെയ്യാം.” - അയാൾ സമ്മതിച്ചു.


 സ്വത്രന്തനായി നാട്ടിലേക്കു മടങ്ങി.

സയ്നബിനു മാല കിട്ടി. ആശ്വാസമായി.


 “നിന്നെ മദീനയിലേക്കയയ്ക്കാമെന്നു ഞാൻ വാക്കു കൊടുത്തിരിക്കുന്നു.” അബുൽ ആസ് സങ്കടത്തോടെ പറഞ്ഞു...


 ഭാര്യയെ പിരിയാൻ മനസ്സു വരുന്നില്ല.

പിരിയുകയല്ലാതെ വഴിയുമില്ല. ബദർ യുദ്ധം അബുൽ ആസിന്റെ ചിന്താമണ്ഡലം പിടിച്ചു കുലുക്കിയിരുന്നു.


 മുസ്ലിം യോദ്ധാക്കളുടെ അച്ചടക്കം. പ്രവാചകനോടുള്ള അനുസരണം. എന്തൊരു മാന്യമായ പെരുമാറ്റം. എല്ലാം തന്നെ വല്ലാതെ ആകർഷിച്ചു.

ഖുറയ്ശികൾ പ്രതികാര ചിന്തയിലാണ്. താനും അവരോടൊപ്പം ചേരണം...


 സയ്നബിന്റെ മദീനാ യാത്രയെക്കുറിച്ചുള്ള ചിന്തകളാണു

മനസ്സു നിറയെ. എങ്ങനെ പറഞ്ഞയയ്ക്കും..? ഖുറയ്ശികൾ കഴുകൻ കണ്ണുകളുമായി നോക്കിനടക്കുന്നു. പുറപ്പെട്ടാൽ അവർ ആക്രമിക്കും. രാവും പകലും അവർ തന്നെ നിരീക്ഷിക്കുന്നുണ്ട്. 


 ദീർഘയാത്രക്കു പറ്റിയ ശാരീരികാവസ്ഥയുമല്ല. ഗർഭിണിയാണ്. വിശ്രമം വേണ്ട സന്ദർഭം. ഭർത്താവിന്റെ പരിചരണം വേണം. ഇവിടെ ഭർത്താവിനെ പിരിയുകയാണ്. എങ്ങനെ നോക്കിയാലും ഉത്കണ്ഠ. കണ്ണീർകണങ്ങളും നെടുവീർപ്പുകളും മാത്രം...