Wednesday - 22 April, 2026 4-Dhu al-Qadah-1447

ആടു മേയ്ച പ്രവാചകർ

ആടു മേയ്ച പ്രവാചകർ


   തെളിഞ്ഞ സായാഹ്നം. സന്തോഷകരമായ വിശ്രമവേള. എമ്പാടും ആളുകൾ ഒത്തുകൂടിയിട്ടുണ്ട്. ചിലർ നല്ല ഫലിതങ്ങൾ പൊട്ടിക്കുന്നു. കൂടിനിൽക്കുന്നവർ ആസ്വദിക്കുന്നു. പൊട്ടിച്ചിരികൾ ഉയരുന്നു.


 ചിലർ സഞ്ചാര കഥകൾ പൊടിപ്പും തൊങ്ങലും ചേർത്ത് അവതരിപ്പിക്കുന്നു. വിജനമായ മരുഭൂമിയിലെ സാഹസികതകളാണു ചിലർ വിവരിക്കുന്നത്. ഉത്കണ്ഠയോടുകൂടി കേൾവിക്കാർ ശ്രദ്ധിക്കുന്നു. സംഭാഷണങ്ങളും വിവരണങ്ങളും പല കൈവഴികളിലൂടെ ഒഴുകി.


 ചിലപ്പോൾ അതു രസകരമായ വാഗ്വാദത്തിലേക്കു നീങ്ങും. വാഗ്വാദം സദസ്സിൽ ഹരം പകരും. ആൾക്കാരുടെ ആവേശം വർധിക്കും. 


 ഇപ്പോഴിതാ അത്തരം ഒരു വാഗ്വാദത്തിലേക്കു സദസ്സു നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരു വിവാദ വിഷയം എങ്ങനെയോ ചർച്ചയ്ക്കു വിധേയമായിത്തീർന്നു. ആളുകൾ രണ്ടുപക്ഷമായി തിരിഞ്ഞു വാദപ്രതിവാദം തുടങ്ങി.


 ആട്ടിടയന്മാരാണോ ഒട്ടകക്കാരാണോ കേമന്മാർ? ഇതാണു. തർക്ക വിഷയം.


 തങ്ങളാണ് ഉന്നതന്മാരെന്നു വരുത്താൻ ഇരുപക്ഷവും ശ്രമിക്കുന്നു. പലരും വാചാലമായി സംസാരിക്കുന്നു. സദസ്സിൽ ആഹ്ലാദവും ആവേശവും വർധിച്ചുകൊണ്ടിരുന്നു. അന്തരീക്ഷം ചൂടിപിടിച്ചു.


 ഒടുവിൽ ഒട്ടക പക്ഷക്കാർ വിജയിച്ചു എന്നു പറയാം. അപ്പോൾ നബിﷺതങ്ങൾ ഇടപെട്ടു സംസാരിക്കാൻ തുടങ്ങി...


 “മൂസാ നബി(അ) ആട്ടിടയനായിരുന്നു. ആട്ടിടയനായിരിക്കെയാണു മൂസാ നബി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ടത്. ദാവൂദ് നബി(അ) ആട്ടിടയനായിരുന്നു. എല്ലാ പ്രവാചകന്മാരും ആട്ടിടയന്മാരായിരുന്നു.”


 നബിﷺതങ്ങളുടെ വാക്കുകൾ സദസ്സിനു പുതുമയായി. ആടിനെ വളർത്തൽ മഹത്തായ തൊഴിലാണെന്ന് അവർക്കു ബോധ്യം വന്നു. അതു പ്രവാചകന്മാർ ചെയ്ത തൊഴിലാണ്. 


 ആടിനെ വളർത്താൻ വലിയ ചെലവില്ല. ഏതു ദരിദ്ര കുടുംബത്തിനും ആടിനെ വളർത്താം. നല്ലൊരു വരുമാന മാർഗമാണത്. ആടുകൾ പെട്ടെന്നു പെറ്റു പെരുകും. ഓരോ പ്രസവത്തിലും രണ്ടും മൂന്നും നാലും കുഞ്ഞുങ്ങളുണ്ടാകും.


 ആട്ടിൻപറ്റത്തെ മേയ്ക്കുന്നത് നല്ലൊരു പരിശീലനമാണ്. വളരെയേറെ ക്ഷമ വേണം. ആടുകൾ കൂട്ടം തെറ്റിപ്പോകുന്നതു സൂക്ഷിക്കണം. കഴിവു കുറഞ്ഞവയെ പ്രത്യേകം ശ്രദ്ധിക്കണം. പിൽക്കാലത്തു മനുഷ്യരെ നയിക്കേണ്ട പ്രവാചകന്മാർ ആദ്യ ഘട്ടത്തിൽ ആടിനെ മേയ്ക്കുന്നു.


 പ്രവാചകന്മാരെല്ലാം ആടുകളെ മേയ്ചിരുന്നു എന്നു കേട്ടപ്പോൾ സ്വഹാബികൾക്കൊരു സംശയം. അന്ത്യപ്രവാചകനും ആ തൊഴിൽ ചെയ്തിരുന്നോ..? 


 അവർ ആകാംക്ഷയോടെ ചോദിച്ചു:

“അല്ലാഹുവിന്റെ റസൂലേ, അങ്ങ് ആടുകളെ മേയ്ചിരുന്നോ..?”


 പ്രവാചകൻ ﷺ ഇങ്ങനെ മറുപടി നൽകി: “എന്താ സംശയം, ഞാൻ കൊച്ചു കുട്ടിയായിരിക്കുമ്പോൾ തന്നെ ആടുകളെ മേയ്ചിട്ടുണ്ട്. ബനൂ സഅ്ദിലെ എന്റെ സഹോദരങ്ങളോടൊപ്പം മലഞ്ചരുവിൽ ആടിനെ മേയ്ക്കാൻ പോയിരുന്നു. വലുതായപ്പോൾ എന്റെ ബന്ധുക്കളുടെയും നാട്ടുകാരായ ചിലരുടെയും ആടുകളെ മേയ്ചിട്ടുണ്ട്.”


 ഹലീമ(റ)യുടെ മക്കളെയാണ് ബനൂ സഅ്ദിലെ സഹോദരങ്ങൾ എന്നു വിശേഷിപ്പിച്ചത്. മുലകുടി ബന്ധത്തിൽ അവർ സഹോദരങ്ങളാണല്ലോ...


 വളർന്നു വന്നപ്പോൾ ഒരു തൊഴിൽ എന്ന നിലയിൽ ആടുകളെ സംരക്ഷിക്കുന്ന ജോലി ഏറ്റെടുത്തു. അതിനു കൂലി ലഭിക്കുകയും ചെയ്തു.


 മനുഷ്യരുമായി കൂടുതൽ ഇണങ്ങി ജീവിക്കുന്ന വളർത്തു മൃഗമാണ് ആട്. അവ നമുക്കു പാൽ തരുന്നു. അതിന്റെ മാംസവും എല്ലും തൊലിയും രോമവുമെല്ലാം പ്രയോജനപ്രദമാണ്. ആട്ടിൻ കാഷ്ഠം മികച്ച വളമാണ്. പ്രവാചകന്മാരുടെ പുണ്യം നിറഞ്ഞ കരങ്ങളുടെ തലോടലേറ്റ മൃഗമാണ് ആട്. ആടിനെ കാണുമ്പോൾ ആ ഓർമ വേണം...