പള്ളിയുടെ പണി പൂർത്തിയായപ്പോൾ അതിനോടു ചേർത്തു രണ്ടു മുറികൾ കൂടിയുണ്ടാക്കി. അതിലാണു പ്രവാചകരുടെ ﷺ ഭാര്യമാർ താമസിക്കുക.
ആദ്യകാലത്ത് ഇശാഅ് നിസ്കരിക്കുമ്പോൾ പുല്ലു കത്തിച്ചുവയ്ക്കുമായിരുന്നു. വെളിച്ചം കിട്ടാൻ. പിന്നീടു പള്ളിയിലേക്ക് ഒരു വിളക്കു വാങ്ങി. ഇശാഅ് നിസ്കരിക്കുമ്പോൾ അതുകത്തിച്ചുവയ്ക്കും. നിസ്കാരം കഴിഞ്ഞാൽ വിളക്കു കെടുത്തിവയ്ക്കും...
പള്ളിയുടെ നിലം വെറും മണ്ണായിരുന്നു. മഴ പെയ്താൽ അപ്പാടെ ചെളികെട്ടും. നിസ്കരിക്കാൻ കഴിയില്ല. അങ്ങനെ നിലത്തു കല്ലു പാകാൻ നിശ്ചയിച്ചു. മലഞ്ചരുവിൽ നിന്നും കല്ലുകൾ ചുമന്നുകൊണ്ടുവന്നു. അതു നിലത്തു പാകി. ചെളികെട്ടുന്നത് ഇല്ലാതായി...
പിന്നീടു പള്ളിക്ക് ഈത്തപ്പന മടൽകൊണ്ടു മേൽപുരയുണ്ടാക്കി. മേല്പുരയെ താങ്ങിനിറുത്താൻ തൂണുകൾ സ്ഥാപിച്ചു. ഈത്തപ്പന മരത്തിന്റെ തൂണുകൾ. ഇത്തരം ഒരു തുണിൽ വിളക്കു തൂക്കിയിടുമായിരുന്നു.
മസ്ജിദുന്നബവി. പ്രവാചകരുടെ (ﷺ) പള്ളി, ഈ പേരിലാണു പള്ളി പ്രസിദ്ധമായിത്തീർന്നത്. അക്കാലത്തു നബി ﷺ തങ്ങൾക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു. സൗദ(റ), ആഇശ(റ).
അവർക്കുവേണ്ടി രണ്ടു മുറികൾ പള്ളിയോടു ചേർത്ത് ഉണ്ടാക്കി. ഇഷ്ടികയും മണ്ണും കൊണ്ടുണ്ടാക്കിയ മുറികൾ. ഈത്തപ്പന കൊണ്ടുള്ള മേൽപുര. മുറിക്ക് ആറോ ഏഴോ മുഴം വീതി. നീളം പത്ത് മുഴം. വാതിലിൽ കമ്പിളി വിരിയായി തൂക്കി. എത്ര ലളിതമായ ജീവിതം..!
ഒരിക്കൽ ഏതാനും അൻസ്വാരി സ്ത്രീകൾ അബൂബകർ സ്വിദ്ദീഖ്(റ)വിന്റെ വീട്ടിൽ ചെന്നു. ആഇശ(റ)യെ പുതുമണവാട്ടിയായി കൂട്ടിക്കൊണ്ടുപോകാനാണവർ വന്നത്.
ആഇശ(റ) അന്നും കളിക്കുടുക്കയാണ്. ഏതോ കളിയിൽ ഏർപെട്ടിരിക്കുകയായിരുന്നു. അന്നു മണവാട്ടിയായി ഉടുത്തൊരുങ്ങി പ്രവാചകരുടെ (ﷺ) ജീവിതത്തിലേക്കു കടന്നുവന്നു. ദാമ്പത്യ ജീവിതത്തിന്റെ തുടക്കം.
മസ്ജിദുന്നബവിയോടു ചേർത്തുണ്ടാക്കിയ ലളിതമായ മുറിയിൽ ആഇശ(റ) വന്നുകയറി. അവിടുത്തെ പരിമിതമായ സൗകര്യങ്ങളിൽ അവർ സംതൃപ്തയായിരുന്നു. ഇന്നത്തെ ചെറ്റപ്പുരയിലെ മണവാട്ടിക്കുപോലും എന്തെല്ലാം സൗകര്യങ്ങളുണ്ട്.
ഈത്തപ്പഴത്തൊലി നിറച്ച ഒരു തലയിണ, വെള്ളം വയ്ക്കാൻ ഒരു കൂജ, ഒരു വിരിപ്പ്. ഇതൊക്കെയായിരുന്നു അവിടെയുണ്ടായിരുന്നത്. പള്ളിയിലെ സംസാരമൊക്കെ മുറിയിൽ കേൾക്കാം.
പ്രവാചകരുടെ (ﷺ) ക്ലാസുകൾ, ചർച്ചകൾ, പ്രഭാഷണങ്ങൾ. അതെല്ലാം കേട്ടു മനസ്സിലാക്കി. രാവും പകലും കേട്ടുപഠിക്കുന്നു. പഠിച്ചു പഠിച്ചു പണ്ഡിത വനിതയായി...
തൊട്ടടുത്ത മുറിയിൽ സൗദ(റ).
അവർ വാർധക്യത്തിലെത്തിയിരിക്കുന്നു. പ്രവാചക പത്നിയാവാൻ കഴിഞ്ഞതിലുള്ള സന്തോഷവും സംതൃപ്തിയുമായി അവർ കഴിയുന്നു. പള്ളിയുണ്ടായതോടെ സന്ദർശകരുടെ തിരക്കു വർധിച്ചു.
അടുത്തുനിന്നും അകലെനിന്നും ആളുകൾ വന്നുകൊണ്ടിരുന്നു. ഓരോ വിഭാഗത്തിനും അവരുടെ മനഃശാസ്ത്രമനുസരിച്ചു ക്ലാസെടുക്കുന്നു. മലഞ്ചരുവിൽ ആടിനെ മേച്ചുനടക്കുന്ന
നാടൻ അറബിക്ക് അവരുടെ ഭാഷയിൽ. ഗോത്രനേതാക്കൾക്കും
സംസ്കാര സമ്പന്നർക്കും അവരുടെ ഭാഷയിൽ. ആഇശ(റ) എല്ലാം കേട്ടു പഠിക്കുന്നു. ഭാര്യ മാത്രമല്ല; ശിഷ്യയും...