Wednesday - 22 April, 2026 4-Dhu al-Qadah-1447

സാരോപദേശങ്ങൾ (2)

   പാത്രം മൂടിവയ്ക്കുന്ന കാര്യം മറ്റു സന്ദർഭങ്ങളിലും പറഞ്ഞിട്ടുണ്ട്. എലി തലയിടും എന്നതാണു പ്രധാന കാരണം.


 പ്ലേഗ് തുടങ്ങിയ മാരക രോഗങ്ങൾ എലിയിൽ നിന്നാണ് ഉണ്ടാകുന്നത്. അതു തടയണം. പാത്രം മൂടിവയ്ക്കണം.


 ഇനി ഒരാൾക്ക് പാത്രം മൂടിവയ്ക്കാൻ ഒന്നും കിട്ടിയില്ല. അയാൾ എന്തു ചെയ്യണം..?


നബിﷺതങ്ങൾ ഇങ്ങനെ അരുൾ ചെയ്തു: “ഒരാൾക്കു പാത്രം മൂടിവയ്ക്കാൻ പറ്റിയ ഒന്നും കിട്ടിയില്ല. ഒരു വിറകുകൊള്ളിയുണ്ട്. ബിസ്മി ചൊല്ലി അതു പാത്രത്തിൽ

വിലങ്ങനെ വെക്കാൻ കഴിയും. എങ്കിൽ അയാൾ അതു ചെയ്യട്ടെ...


 ഒന്നോർത്തുനോക്കൂ..! പാത്രം മൂടിവെക്കുന്ന കാര്യത്തിൽ

നബിﷺതങ്ങൾ എന്തുമാത്രം ശ്രദ്ധാലുവായിരുന്നു.


 തീ കെടുത്തുന്ന കാര്യത്തിലും ഇതേ ജാഗ്രത പുലർത്തിയിരുന്നു. മണ്ണെണ്ണ വിളക്കു കത്തിച്ചുവച്ചു ചിലർ ഉറങ്ങും. നബിﷺതങ്ങൾ അതു നിരോധിച്ചിരിക്കുന്നു.


 അടുപ്പിൽ തീ കത്തുന്നുണ്ടാവും. കുറച്ചു കഴിയുമ്പോൾ അതു താനേ അണഞ്ഞുകൊള്ളും എന്ന ധാരണയിൽ പെണ്ണുങ്ങൾ പോയി ഉറങ്ങും. ഇതും നിരോധിക്കപ്പെട്ടിരിക്കുന്നു.


 നബിﷺതങ്ങൾ ഇങ്ങനെ അരുൾ ചെയ്തിരിക്കുന്നു: “വീട്ടിൽ തീ കത്തുന്നുണ്ടെങ്കിൽ അതണക്കാതെ നിങ്ങളാരും ഉറങ്ങാൻ കിടക്കരുത്.”


 തീ അണയ്ക്കുക, വിളക്കു കെടുത്തുക എന്നിവ സുന്നത്തായ അമലുകളാകുന്നു.


 പട്ടു ധരിക്കുന്നവനെക്കുറിച്ച് ഇങ്ങനെ നബി ﷺ പറഞ്ഞു: “പരലോകത്ത് ഓഹരി കിട്ടാത്തവനാണ് ഈ ലോകത്തുവച്ചു പട്ടു ധരിക്കുന്നത്.”


 കിടന്നുറങ്ങുന്ന വിരിപ്പിനും ഇതു ബാധകമാണ്. ശരീരത്തിന്റെ സംരക്ഷണത്തിനുതകുന്ന ബെഡും വിരിപ്പും ഉപയോഗിക്കാം. അവിടെയും ആഡംബരം അരുത്. ലോകാനുഗ്രഹിയായ മുത്തുനബിﷺയുടെ ബെഡിനെക്കുറിച്ചു കേട്ടാൽ

സത്യവിശ്വാസികളുടെ കണ്ണു നിറയും.


 ഒരു തോൽ വിരിപ്പിലാണു നബിﷺതങ്ങൾ ഉറങ്ങിയത്. ആ തോൽവിരിപ്പിനകത്തു നിറച്ചത് എന്താണ്..? ഈത്തപ്പനയുടെ ചകിരി..!


 നബിﷺതങ്ങളുടെ സുഖവും ദുഃഖവും പങ്കിട്ടെടുത്ത പ്രിയ പത്നി ആഇശ(റ) ഇങ്ങനെ പ്രസ്താവിക്കുന്നു: “നബി ﷺ തങ്ങൾ ഉറങ്ങിയിരുന്ന വിരിപ്പ് ഈത്തപ്പനയുടെ ചകിരി നിറച്ച തോൽവിരിപ്പായിരുന്നു..!”


 വെള്ള വസ്ത്രത്തിനു നബി ﷺ പ്രാധാന്യം കൽപിച്ചിട്ടുണ്ട്. നബിﷺതങ്ങൾ ഇങ്ങനെ അരുൾ ചെയ്തു: “വെള്ള വസ്ത്രം ധരിക്കുക. അതു കൂടുതൽ ശുദ്ധവും വൃത്തിയുള്ളതുമായിരിക്കും. നിങ്ങളിൽ നിന്നു മരണപ്പെടുന്നവരെ അതിൽ കഫൻ ചെയ്യുക.”


 സ്ത്രീകൾക്കു സ്വർണവും പട്ടും അനുവദനീയമാകുന്നു. പുരുഷനു നിഷിദ്ധവും. നബിﷺതങ്ങൾ പറഞ്ഞു: “എന്റെ സമുദായത്തിലെ സ്ത്രീകൾക്കു സ്വർണവും പട്ടും അനുവദനീയവും പുരുഷന്മാർക്കു നിഷിദ്ധവുമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.”


 ഉടുതുണി നിലത്തിഴച്ചു നടക്കുന്നവരെ നിങ്ങൾ കണ്ടിരിക്കും. ഒരുതരം അഹങ്കാരികൾ. അവരെക്കുറിച്ചു നബിﷺതങ്ങൾ ഇങ്ങനെ പറഞ്ഞു: “അഹങ്കാരപൂർവം ഉടുതുണി വലിച്ചിഴച്ചു നടക്കുന്നവനെ അന്ത്യനാളിൽ അല്ലാഹു ﷻ കടാക്ഷിക്കുകയില്ല.”


 അല്ലാഹുﷻവിന്റെ കാരുണ്യം അവനിൽ പതിയുകയില്ല. അവൻ

നിരാശനും നിർഭാഗ്യവാനുമായിരിക്കും.