ഹിജ്റ പത്താം വർഷം ദുൽഖഅ്ദ മാസം. മദീനാ പട്ടണത്തിൽ നിന്നും ആ വാർത്ത പുറത്തേക്കൊഴുകി.
നഗരവും ഗ്രാമവും ഉണർന്നു. മലഞ്ചരിവുകളും കുന്നിൻ നിരകളും ഉണർന്നു. ജനങ്ങൾ ആവേശഭരിതരായി. ഹജ്ജ് യാത്ര.
നബിﷺതങ്ങൾ ഹജ്ജിനു പുറപ്പെടുന്നു.
ജനങ്ങൾക്കു നബിﷺതങ്ങളുടെ കൂടെ ഹജ്ജിനു പുറപ്പെടാം. ഹജ്ജ് യാത്രയുടെ വിവരം എല്ലാ പ്രദേശങ്ങളിലും വിളംബരം ചെയ്യപ്പെട്ടു. ആബാലവൃദ്ധം ജനങ്ങൾ വിവരമറിഞ്ഞു.
ദുൽഖഅ്ദ മാസം അവസാനം നബി ﷺ തങ്ങൾ മദീനയിൽ നിന്നു മക്കയിലേക്കു യാത്രതിരിക്കുന്നു.
മഹത്തായ ഹജ്ജ് യാത്ര.
ഗ്രാമങ്ങളിൽ നിന്നു സത്യവിശ്വാസികൾ മദീനയിലേക്കു പ്രവഹിക്കാൻ തുടങ്ങി. ഏതെല്ലാം ഗോത്രക്കാർ..!
അടുത്തുള്ളവരും അകലെയുള്ളവരും. മദീനയിൽ തമ്പുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. തിരക്കു കൂടിക്കൂടി വരുന്നു.
ഇസ്ലാം മതത്തിന്റെ അഞ്ചു സ്തംഭങ്ങളിൽ അവസാനത്തേ
താണ് ഹജ്ജ്. അതെങ്ങനെ നിർവഹിക്കണമെന്നു പഠിക്കണം. പൗരാണിക കാലം മുതലേ കഅ്ബലായത്തിൽ തീർത്ഥാടകർ എത്തുന്നു. ഹജ്ജു കാലത്തു നല്ല തിരക്കായിരിക്കും.
ഇസ്ലാമിക രീതിയിലല്ല ജാഹിലിയ്യ കാലത്ത് ഹജ്ജ് നിർവഹിക്കപ്പെട്ടിരുന്നത്. ഹജ്ജിന്റെ ഇസ്ലാമിക രൂപം ജനങ്ങളെ പഠിപ്പിക്കണം. അതിനു വേണ്ടിയാണ് ഈ യാത്ര. കഴിയാവുന്നത്ര ആളുകൾ ഹജ്ജിന്റെ കർമ്മങ്ങൾ നേരിട്ടു കണ്ടുപഠിക്കണം.
നിസ്കാരവും നോമ്പും സകാതുമെല്ലാം പഠിപ്പിച്ചുകഴിഞ്ഞു.
ഇനി പഠിപ്പിക്കാനുള്ളത് ഹജ്ജ് കർമ്മം.
സത്യവിശ്വാസികളുടെ പ്രവാഹത്തിനു ശക്തി കൂടി. ഒരു ലക്ഷത്തിപ്പതിനാലായിരം പേർ ഹജ്ജിന് ഒരുങ്ങിയിട്ടുണ്ട്. എല്ലാവരും സഹോദരങ്ങൾ. ഇന്നലെകളിലെ വൈരം മറന്നു. ഗോത്രവഴക്കുകൾ മറന്നു. ഇന്ന് ഒരേ ലക്ഷ്യത്തിലേക്കു നീങ്ങാൻ ഒരുങ്ങി നിൽക്കുന്നു.
ദുൽഖഅ്ദ ഇരുപത്തഞ്ചിന് വിശ്വാസികളുടെ സംഘം യാത തിരിച്ചു.
നബിﷺതങ്ങളുടെ എല്ലാ ഭാര്യമാരും കൂടെയുണ്ടായിരുന്നു.
ഓരോരുത്തരും ഓരോ വാഹനങ്ങളിലാണ്. മരുഭൂമിയിലൂടെ അല്ലാഹുﷻവിന്റെ വിനീത ദാസന്മാരുടെ മഹാപ്രവാഹം.
അല്ലാഹുﷻവിനെ ആരാധിക്കാൻ വേണ്ടി ഭൂമുഖത്തു നിർമിക്കപ്പെട്ട ഒന്നാമത്തെ ആരാധനാലയത്തെ ലക്ഷ്യമാക്കിയാണവർ നീങ്ങിക്കൊണ്ടിരിക്കുന്നത്...