Wednesday - 22 April, 2026 4-Dhu al-Qadah-1447

അന്ത്യനിമിഷങ്ങൾ (1)

   ദുനിയാവിലെ ദിവസങ്ങൾ തീരുകയായിരുന്നു. ആ പ്രഭാതത്തിൽ ചെറിയൊരു തെളിച്ചം. രോഗം ഭേദപ്പെടുകയാണെന്നു കൂടിനിന്നവർക്കു തോന്നി. പള്ളിയിൽ തടിച്ചുകൂടിയ ഭക്തജനങ്ങൾക്ക് ആഹ്ലാദം...


 അബൂബക്കർ സിദ്ദീഖ് (റ) കടന്നുവന്നു. സലാം ചൊല്ലി. “അല്ലാഹു ﷻ വിന്റെ അനുഗ്രഹത്താൽ അങ്ങേയ്ക്ക് ഇന്നു നല്ല സുഖമുണ്ട്. ഞാൻ എന്റെ ഭാര്യയുടെ വീടുവരെ ഒന്നു പോയി വരട്ടെ, സമ്മതം തരുമോ..?” 

 അബൂബക്കർ (റ) സമ്മതം ചോദിച്ചു.


 നബിﷺതങ്ങൾ സമ്മതം കൊടുത്തു. മദീനയുടെ പ്രാന്തപ്രദേശമായ ശുൻഹ് എന്ന സ്ഥലത്താണ് അവരുടെ വീട്. കുറെ നാളായി അങ്ങോട്ടു പോയിട്ട്. അദ്ദേഹം ധൃതിയിൽ അങ്ങോട്ടു തിരിച്ചു.


 ഉമർ (റ) സ്വന്തം വീട്ടിലേക്കു പോയി. തന്റെ ജോലികളിൽ വ്യാപൃതനായി. അലി(റ)വും സ്ഥലംവിട്ടു.


 ആശ്വാസത്തിന്റെ പ്രഭാതം. കുറെ നാളായി ഉത്കണ്ഠയായിരുന്നു. ഇന്ന് എല്ലാവർക്കും ആശ്വാസം. ഇത് അവസാനത്തിനു മുമ്പുള്ള ഒരു തെളിച്ചം മാത്രമാണെന്ന് അവർ അറിഞ്ഞിരുന്നില്ല... 


 മരണം അടുത്തടുത്തു വരികയായിരുന്നു. മുഖം പ്രസന്നമായിരുന്നെങ്കിലും വേദന ശമിച്ചിരുന്നില്ല. നേരിയ ആശ്വാസം മാത്രം. വേദന വർധിച്ചു. ക്ഷീണം കൂടി...


 “ഒരു പാത്രം തണുത്ത വെള്ളം കൊണ്ടുവരൂ..." - നബി ﷺ ആവശ്യപ്പെട്ടു.  തണുത്ത വെള്ളം കൊണ്ടുവന്നു. അതിൽ കൈ മുക്കി മുഖം തടവിക്കൊണ്ടിരുന്നു... 


 ഒരാൾ മിസ് വാക്കുമായി കടന്നുവന്നപ്പോൾ പ്രവാചകൻ ﷺ അതിലേക്കു നോക്കി. ആഇശ (റ) ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കി. മിസ് വാക്കു വാങ്ങി പതം വരുത്തി. പ്രവാചകൻ ﷺ ദന്തശുദ്ധി വരുത്തി...


 വേദന കൂടിക്കൂടി വരികയാണ്. ശ്വാസം വലിച്ചു തീരുകയാണ്...


 “അല്ലാഹുവേ, മരണവേദനയുടെ ശക്തി കുറച്ചു തരേണമേ...”


 നബിﷺതങ്ങൾ ആഇശ(റ)യുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു. ചുണ്ടുകൾ ചലിച്ചുകൊണ്ടിരുന്നു...


 “അല്ലാഹുവേ... നീ അനുഗ്രഹിച്ചവരുടെ കൂടെ. അമ്പിയാക്കൾ... സ്വാലിഹീങ്ങൾ, സിദ്ദീഖീങ്ങൾ, ശുഹദാക്കൾ... ഇവരുടെ കൂടെ... ഉന്നത സ്ഥാനത്തേക്കു ചേർക്കേണമേ... അല്ലാഹുവേ... പൊറുത്തു തരേണമേ... കരുണ കാണിക്കേണമേ... കണ്ണുകൾ മേൽപോട്ട്... നബിﷺതങ്ങൾ അത്യാസന്ന നിലയിലാണ്...