Saturday - 13 June, 2026 26-Dhu al-Hijjah-1447

മകളോട് ഒരു രഹസ്യം

   പ്രവാചകന് (ﷺ) മരുന്നു നൽകിയതിന്റെ പിറ്റെ ദിവസം. പ്രഭാതമായി. നേർത്ത ആശ്വാസം. വുളൂഅ് എടുത്തു. പള്ളിയിൽ സുബ്ഹ് നിസ്കാരം തുടങ്ങിക്കഴിഞ്ഞു. അബൂബക്കർ (റ) ഇമാമായി നിസ്കരിക്കുന്നു...


 പ്രവാചകൻ ﷺ ശിരസ്സ് മുറുക്കിക്കെട്ടി. അലി(റ)വിന്റെയും ഫള്ൽ ബ്നു അബ്ബാസ്(റ)വിന്റെയും ചുമലിൽ പിടിച്ചു നടന്നു. പള്ളിയുടെ വാതിൽക്കൽ നബി(ﷺ)യുടെ മുഖം.


 അസുഖം കുറഞ്ഞിരിക്കുന്നു എന്ന് സ്വഹാബികൾക്കു തോന്നി.

നിസ്കാരത്തിലായിരുന്നിട്ടും അവർക്കാഹ്ലാദം. ആ സംഘനിസ്കാരം കണ്ടപ്പോൾ പ്രവാചകനും (ﷺ) ആഹ്ലാദം. നിസ്കാരം തുടരാൻ ആംഗ്യം കാണിച്ചു.


 അബൂബക്കർ (റ) പിന്നോട്ടു മാറാൻ തുടങ്ങുകയായിരുന്നു. പ്രവാചകൻ ﷺ അതു തടഞ്ഞു. ഇമാമായി തുടരാനാവശ്യപ്പെട്ടു. അബൂബക്കർ(റ)വിന്റെ വലതു ഭാഗത്തു നബി ﷺ തങ്ങൾ ഇരുന്നു. ഇരുന്നുകൊണ്ടു നിസ്കാരം നിർവഹിച്ചു...


 നിസ്കാരത്തിനു ശേഷം നബി ﷺ ഇങ്ങനെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു:

 “ജനങ്ങളേ, തീ കൊളുത്തപ്പെട്ടു കഴിഞ്ഞു. വലിയ കുഴപ്പങ്ങൾ വരാൻ പോകുന്നു. അല്ലാഹു ﷻ വാണേ സത്യം, ഞാനതിനുത്തരവാദിയല്ല. അല്ലാഹു ﷻ വാണ് സത്യം, ഖുർആൻ അനുവദനീയമാക്കിയതല്ലാതെ ഞാനൊന്നും അനുവദനീയമാക്കിയിട്ടില്ല. ഖുർആൻ നിരോധിച്ചതല്ലാതെ ഞാനൊന്നും നിരോധിച്ചിട്ടുമില്ല.”


 നബിﷺതങ്ങൾ ആഇശ(റ)യുടെ വീട്ടിലേക്കു മടങ്ങി. സ്വഹാബികൾ ആ പോക്കു നോക്കിനിന്നു. 


 ഇന്നു രോഗത്തിനു ശമനം വന്നതുപോലെയുണ്ട്. എല്ലാവർക്കും ആഹ്ലാദം. സൂര്യൻ ഉദിച്ചുയർന്നു.

ഫാത്വിമ (റ) പിതാവിനെ കാണാൻ വന്നു. സാധാരണഗതിയിൽ മകൾ വന്നാൽ എഴുന്നേറ്റുചെന്നു കെട്ടിപ്പിടിച്ചു സ്വീകരിക്കും. കവിളിൽ ചുംബിക്കും. തൊട്ടടുത്തു പിടിച്ചിരുത്തി സംസാരിക്കും. ഒരു കൊച്ചുകുട്ടിയെ ലാളിക്കുന്നതുപോലെ പെരുമാറും.


 ഫാത്വിമ(റ) വന്നു. പിതാവിനെ ചുംബിച്ചു. മക്കളെല്ലാം മരിച്ചുപോയി. ഇനി ഈ മകൾ മാത്രമേയുള്ളൂ. എല്ലാവർക്കും കൂടിയുള്ള സ്നേഹം ഒറ്റ മകൾക്കു നൽകാം. പിതാവു പുത്രിയെ ലാളിക്കുന്ന രംഗം കുടുംബാംഗങ്ങൾ നോക്കിനിൽക്കുന്നു...


 പിതാവു മകളുടെ ചെവിയിൽ എന്തോ പറഞ്ഞു. മകൾ പൊട്ടിക്കരഞ്ഞുപോയി. അൽപം കഴിഞ്ഞു പിതാവു മറ്റെന്തോ സ്വകാര്യം പറഞ്ഞു. അപ്പോൾ ഫാത്വിമ (റ) പുഞ്ചിരിതൂകി. കണ്ടു നിന്നവർക്കു വിസ്മയം. എന്തായിരിക്കും ആ രഹസ്യം..?


 ആഇശ(റ) ഇതിനെപ്പറ്റി ഫാത്വിമ(റ)യോടു ചോദിച്ചു. അല്ലാഹു ﷻ വിന്റെ റസൂലിന്റെ (ﷺ) രഹസ്യം വെളിപ്പെടുത്തിക്കൂടെന്നായിരുന്നു

ഫാത്വിമ(റ)യുടെ മറുപടി...


 നബിﷺതങ്ങളുടെ വഫാതിനുശേഷം ഫാത്വിമ (റ) ആ രഹസ്യം വെളിപ്പെടുത്തി. ഒന്നാമതായി ചെവിയിൽ മന്ത്രിച്ച രഹസ്യം ഇതാകുന്നു. ഈ രോഗത്തിൽ നിന്നു ഞാനിനി മോചിതനാവുകയില്ല. ഇത് അവസാനത്തെ രോഗമാണ്. ഇതു കേട്ടു സങ്കടം സഹിക്കവയ്യാതെ ഞാൻ കരഞ്ഞു... 


 രണ്ടാമത്തെ രഹസ്യം ഇതായിരുന്നു. മരണശേഷം എന്നോട് ആദ്യമായി വന്നുചേരുന്ന കുടുംബാംഗം നീയായിരിക്കും. അതു കേട്ടപ്പോഴാണു ഞാൻ ചിരിച്ചത്...


 സ്വർഗത്തിൽ വനിതകളുടെ നേതാവായിരിക്കും ഫാത്വിമ (റ)...


 ഫാത്വിമ(റ)യുടെ മക്കളെ കൊണ്ടുവരാൻ പറഞ്ഞു. ഹസൻ(റ) ഹുസയ്ൻ(റ) എന്നീ കുട്ടികളെ കൊണ്ടുവന്നു. അവരെ ചേർത്തിരുത്തി. ഇളം കവിളുകളിൽ മുത്തം കൊടുത്തു. പിന്നെ അവർക്കു നല്ല ഉപദേശങ്ങൾ നൽകി...


 പത്നിമാരെയെല്ലാം വിളിച്ചുവരുത്തി. അവർക്കു നല്ല ഉപദേശങ്ങൾ നൽകി, ദുആ ചെയ്തു. വീണ്ടും വേദനയുടെ വേലിയേറ്റം...


 പിതാവിന്റെ പ്രയാസം കണ്ടു ഫാത്വിമ(റ) കരഞ്ഞു. അപ്പോൾ നബി ﷺ മകളെ ആശ്വസിപ്പിച്ചതിങ്ങനെയായിരുന്നു:

 “പിതാവിന്റെ എല്ലാ വേദനകളും ഇന്നോടെ തീരും മോളേ...”


 നബി ﷺ ശക്തമായ ഭാഷയിൽ ഇങ്ങനെ പറഞ്ഞു: “നിസ്കാരത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക. ഗൗരവമായി പരിഗണിക്കുക. നിങ്ങളുടെ അധീനതയിലുള്ളവരുടെ കാര്യവും

ശ്രദ്ധിക്കുക.”


 അന്ത്യരോഗത്തിൽപെട്ടു കഠിന വേദന സഹിക്കുമ്പോഴും നിസ്കാരത്തിന്റെ കാര്യമാണു നബിﷺതങ്ങൾ സമുദായത്തെ ഉദ്ബോധിപ്പിച്ചിരുന്നത്...