നബിﷺതങ്ങൾ അത്യാസന്ന നിലയിലാണ്. ശരീരം കനക്കുന്നതായി ആഇശ(റ)ക്കു തോന്നി. വെപ്രാളത്തോടെ ആ മുഖത്തേക്കു നോക്കി. വിറയാർന്ന സ്വരത്തിൽ ആഇശ(റ) ഇങ്ങനെ പറഞ്ഞു:
“അല്ലാഹുവാണ്... അങ്ങേക്കു തിരഞ്ഞെടുക്കാൻ സ്വാതന്ത്യം കിട്ടി. ഉന്നതമായത് അങ്ങു തിരഞ്ഞെടുക്കുകയും ചെയ്തു...”
നിമിഷങ്ങൾ കടന്നുപോയി. അനുവദിക്കപ്പെട്ട ആയുസ്സിലെ അവസാന നിമിഷം പിന്നിട്ടു. പെട്ടെന്നു ശ്വാസം നിലച്ചു. കൈകൾ കുഴഞ്ഞു. ആഇശ(റ)യുടെ മടിയിൽ തലവച്ചുകൊണ്ടുതന്നെ നബി ﷺ
വഫാത്തായി.
അന്ത്യപ്രവാചകൻ യാത്രയായി..!!
ഇനിയൊരു പ്രവാചകനില്ല. ഇസ്ലാംദീൻ പൂർത്തിയായി. ദൗത്യം പൂർത്തിയാക്കി പ്രവാചകൻ ﷺ കടന്നുപോയിരിക്കുന്നു.
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
ആഇശ (റ) തന്റെ മടിയിൽ നിന്നു നബിﷺതങ്ങളുടെ പുണ്യശിരസ്സ് മെല്ലെ ഉയർത്തി തലയിണയിൽ വച്ചു...
മുറിയിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞിരുന്നു. ആഇശ(റ)യുടെ കണ്ണുകൾ നിറഞ്ഞൊഴുകി...
തിളങ്ങുന്ന മുഖവുമായി നബിﷺതങ്ങൾ കട്ടിലിൽ കിടക്കുന്നു. ആഇശ (റ) കട്ടിലിൽ നിന്ന് എഴുന്നേറ്റു. പതറുന്ന പാദങ്ങൾ നിലത്തു വച്ചു മെല്ലെ നടന്നു.
സ്ത്രീകളുടെ കൂട്ടത്തിൽ ചേർന്നു.
എല്ലാം അസ്തമിച്ചു...
പ്രവാചകനിൽ നിന്നു തനിക്കു കിട്ടിക്കൊണ്ടിരുന്ന പ്രത്യേകമായ പദവികൾ. എല്ലാം ഓർമകളായി മാറി - അവർ വിതുമ്പി. രോഗം തുടങ്ങിയതു മുതൽ തന്റെ കൈവലയത്തിലായിരുന്നു
ലോകാനുഗ്രഹിയായ പ്രവാചകൻ ﷺ. ഇപ്പോഴിതാ കൈവിട്ടുപോയിരിക്കുന്നു...
മദീനാപട്ടണം ഒന്നാകെ ഒഴുകിവരും. അറേബ്യ ഒന്നാകെ ഉണരും. ഇവിടെ ജനസമുദ്രമായി മാറും. ഓർക്കാൻ കഴിയുന്നില്ല. ശബ്ദമില്ലാതെ കരയുന്ന സ്ത്രീകളുടെ കൂട്ടം...
കി. 632, ജൂൺ 8. ഹി. 11. റബീഉൽ അവ്വൽ 12. തിങ്കളാഴ്ച കാലം മറക്കാത്ത മുഹൂർത്തം...