Wednesday - 22 April, 2026 4-Dhu al-Qadah-1447

ചരിത്രപ്രസിദ്ധമായ പ്രസംഗം (2)

   പ്രവാചകൻ ﷺ തന്റെ പ്രസംഗത്തിനിടയിൽ ശ്രദ്ധിച്ചു കേൾക്കാനും ഓർമയിൽ സൂക്ഷിക്കാനും ആഹ്വാനം ചെയ്തു കൊണ്ടിരുന്നു.


 റബീഅ(റ) ജനങ്ങളോടു ഇങ്ങനെ വിളിച്ചു ചോദിച്ചു: “ഇത് ഏതു ദിവസമാണെന്നറിയാമോ എന്ന് അല്ലാഹുﷻവിന്റെ റസൂൽ ﷺ നിങ്ങളോടു ചോദിക്കുന്നു...”


 ഉടനെ ജനങ്ങൾ വിളിച്ചു പറഞ്ഞു: “ഹജ്ജ് ദിവസം.


 പ്രവാചകൻ ﷺ പറഞ്ഞു: “നിങ്ങളുടെ ജീവനും ധനവും നിങ്ങളുടെ നാഥനെ കണ്ടു മുട്ടുന്നതുവരെ അല്ലാഹു ﷻ പവിത്രമാക്കിയിരിക്കുന്നു. ഈ ദിവ

സത്തിന്റെ പവിത്രതപോലെ.” 


 നബിﷺതങ്ങൾ വികാരഭരിതനായിക്കൊണ്ടു ചോദിച്ചു: “അല്ലാഹുവേ, ഞാൻ ഈ സന്ദേശം എത്തിച്ചു കൊടുത്തില്ലേ..?”


 നാനാഭാഗത്തുനിന്നും ജനങ്ങൾ ഉറക്കെ വിളിച്ചു പറയാൻ തുടങ്ങി: “അതേ... അവിടുന്ന് എത്തിച്ചുതന്നു...”


“അല്ലാഹുവേ, നീ സാക്ഷി..! നീ സാക്ഷി..! നീ സാക്ഷി..!! എനിക്കു ശേഷം ഒരു നബിയോ, നിങ്ങൾക്കു ശേഷം ഒരു സമുദായമോ ഇല്ല. നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുക. ദിവസവും അഞ്ചു നേരം നിസ്കരിക്കുക. റമളാൻ മാസത്തിൽ നോമ്പെടുക്കുക. സക്കാത്ത് കൊടുക്കുക. നിങ്ങളുടെ രക്ഷിതാവിന്റെ മന്ദിരത്തിൽ ചെന്നു ഹജ്ജ് ചെയ്യുക. നിങ്ങളുടെ ഭരണാധികാരികളെ അനുസരിക്കുകയും ചെയ്യുക. എങ്കിൽ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കും.


 നാളെ എന്നെക്കുറിച്ചു നിങ്ങളോടു ചോദിക്കപ്പെടും. നിങ്ങൾ

എന്തു മറുപടി പറയും..?”


 ജനങ്ങൾ ഇങ്ങനെ വിളിച്ചു പറഞ്ഞു:


 “അങ്ങ് ദൗത്യം നിർവഹിച്ചു. സന്ദേശം എത്തിച്ചു തന്നു. സദുപദേശം നൽകുകയും ചെയ്തു. ഇതിനു ഞങ്ങൾ സാക്ഷ്യം വഹിക്കും.”


 ചൂണ്ടുവിരൽ ഉയർത്തിക്കൊണ്ടു നബി ﷺ പറഞ്ഞു: “അല്ലാഹുവേ നീ സാക്ഷി..! അല്ലാഹുവേ നീ സാക്ഷി..! അല്ലാഹുവേ നീ സാക്ഷി..!!


 ഓർമിക്കുക, ഹാജരുള്ളവർ ഹാജരില്ലാത്തവർക്ക് ഇതെത്തിച്ചുകൊടുക്കട്ടെ..! ഇത് ചെന്നെത്തുന്നവരിൽ ചിലർ കേട്ടവരിൽ ചിലരെക്കാൾ ഓർക്കുന്നവരായേക്കാം.”


 മുസ്ലിം സമൂഹത്തെ ഇളക്കിമറിച്ച പ്രസംഗമായിരുന്നു അത്. അബൂബക്കർ സിദ്ദീഖ് (റ) ആ പ്രസംഗം കേട്ടു വികാരഭരിതനും ദുഃഖാകുലനുമായി. ഒരു വേർപാടിന്റെ ധ്വനി പ്രസംഗത്തിൽ മുഴങ്ങുന്നതായി അദ്ദേഹത്തിനു തോന്നി.


 പ്രസംഗത്തിനു ശേഷം ഖസ് വാ എന്ന ഒട്ടകത്തിന്റെ പുറത്തുനിന്നും പ്രവാചകൻ ﷺ താഴെ ഇറങ്ങി.ളുഹ്റും അസ്വ് റും നിസ്കരിച്ചു...