മുസ്ലിംകളെ ബലംപ്രയോഗിച്ച് എതിർക്കുന്നതു ഫലപ്രദമാവില്ലെന്നു ഖുറയ്ശികൾ മനസ്സിലാക്കി. അവർ അതിന് ഒരുങ്ങിയില്ല. മക്കാപട്ടണം മുസ്ലിംകളുടെ കരങ്ങളിലേക്കു നീങ്ങുകയാണ്. തടയാനൊക്കില്ല. വേദനയോടെ അതിനു സാക്ഷ്യം വഹിക്കാനേ കഴിയുകയുള്ളൂ.
മുസ്ലിംകൾ നീതിമാന്മാരും വിശ്വസ്തരും സത്യസന്ധരുമാണെന്ന് ഇതുവരെയുള്ള അനുഭവങ്ങളിൽ നിന്നവർ മനസ്സിലാക്കിയിട്ടുണ്ട്. അവരുടെ കരങ്ങളിൽ പെടുന്നതുകൊണ്ടു നാടിനു യാതൊരു കുഴപ്പവും വരില്ലെന്ന് അവർക്കറിയാം.
എല്ലാം ചരിത്രനിയോഗം. അല്ലാഹുﷻവിന്റെ വിധി. പക്ഷേ, ചിലർക്കത് ഉൾക്കൊള്ളാനായില്ല. സൈനിക നടപടിതന്നെ വേണമെന്നു ഖുറൈശികളിൽ ചിലർക്കു വാശി. സഫ് വാൻ, സുഹയ്ൽ, ഇക് രിമത്. എന്നീ മൂന്നു ഖുറയ്ശി പ്രമുഖന്മാർക്കാണു യുദ്ധം കൂടിയേ തീരൂ എന്ന ശാഠ്യം...
യാതൊരു എതിർപ്പും കൂടാതെ മുസ്ലിംകൾ മക്കയിൽ പ്രവശിക്കുക. അവർക്കത് ഓർക്കാൻ കൂടി വയ്യ. പെട്ടെന്നൊരു ചെറുസംഘത്തെ സജ്ജമാക്കി. ഖാലിദ്(റ)വിന്റെ നേതൃത്വത്തിൽ വന്ന വിഭാഗത്തെയാണ് അവർ നേരിട്ടത്. ചെറുതായി ചെറുത്തുനിൽപുണ്ടായി. ശത്രുക്കൾക്കു പെട്ടെന്നു പിന്തിരിഞ്ഞോടേണ്ടതായി വന്നു. അവരുടെ കൂട്ടത്തിൽ പതിമൂന്നുപേർ കൊല്ലപ്പെട്ടു. രണ്ടു മുസ്ലിംകൾ ശഹീദായി...
ശത്രുക്കൾ ഓടിമറഞ്ഞു. മുസ്ലിംകൾ മുന്നേറി. നബിﷺതങ്ങൾ കഅ്ബയിൽ പ്രവേശിച്ചു. എന്താണവിടെ കണ്ട കാഴ്ച..?
തൗഹീദിന്റെ കേന്ദ്രത്തിൽ ബിംബങ്ങൾ..! മുന്നൂറ്റി അമ്പതോളം വരും. നബി ﷺ വടി ചൂണ്ടുമ്പോൾ ബിംബങ്ങൾ ഓരോന്നായി മറിഞ്ഞുവീഴുന്നു. നഖ്ലത്തിൽ സ്ഥാപിക്കപ്പെട്ട ഖുറയ്ശികളുടെ വലിയ വിഗ്രഹമാണ് ഉസ്സ. അതിനെ തല്ലിത്തകർക്കുവാൻ ഖാലിദ്(റ)വിനോടു കൽപിച്ചു.
എത്രയോ കാലമായി ആദരവോടെ ആരാധിച്ചുവന്ന ആ വലിയ ബിംബം തകർത്തു തരിപ്പണമാക്കപ്പെട്ടു. ഇനി ഉസ്സയില്ല. ഉസ്സക്ക് ആരാധനയില്ല.
ഉസ്സയുടെ കാലം കഴിഞ്ഞു. ഉസ്സ തകർന്നു പൊടിപടലമായപ്പോൾ സത്യവിശ്വാസികൾ തക്ബീർ മുഴക്കി.
ശിർകിന്റെ വലിയ അടയാളം മായ്ക്കപ്പെട്ടു. ഹുദയ്ൻ വർഗക്കാരുടെ വലിയ ബിംബമാണ് സുവാഅ്.
അതിനെ തകർത്തു തരിപ്പണമാക്കാൻ അംറ് ബ്നുൽ ആസ്(റ)വിനെ ചുമതലപ്പെടുത്തി. തലമുറകൾ ആരാധിച്ചുവന്ന സുവാഅ് പൊടിപടലമായി മാറി.
മറ്റൊരു വലിയ ബിംബമാണ് മനാത്ത. സഅദ് ബ്നു സയ്ദ്(റ)വിനോട് അതിനെ തകർക്കാൻ കൽപിച്ചു. നിമിഷങ്ങൾക്കകം മനാത്തയും പൊടിപടലമായി മാറി.
ലാത്തയും ഉസ്സയും ഹുബ് ലും മറ്റെല്ലാ ചെറുവിഗ്രഹങ്ങളും ഒന്നായി നശിപ്പിക്കപ്പെട്ടു. കഅ്ബാലയം ശുദ്ധീകരിക്കപ്പെട്ടു. ശിർകിന്റെ യാതൊരു ചിഹ്നവും ഇനി ബാക്കിയില്ല. തൗഹീദിന്റെ ശബ്ദം മാത്രമേ ഇനി മുഴങ്ങുകയുള്ളു...