Wednesday - 22 April, 2026 4-Dhu al-Qadah-1447

ചരിത്രം കുറിച്ച തിരിച്ചുവരവ് (2)

   പതിനായിരത്തോളം അനുയായികൾ. ആവേശം അലതല്ലിയ നിമിഷങ്ങൾ. മദീനയിൽ നിന്ന് അവർ പുറപ്പെട്ടുകഴിഞ്ഞു.

വഴിയിൽ വച്ചു പല ഗോത്രക്കാരും അവരോടു ചേർന്നുകൊണ്ടിരുന്നു. മുസ്ലിം സംഘത്തിന്റെ വലുപ്പം വർധിച്ചുകൊണ്ടിരുന്നു. ആ വലിയ സംഘം ജുഹ്ഫ എന്ന സ്ഥലത്തെത്തി.


 അബ്ബാസ്(റ) കുടുംബാംഗങ്ങളോടൊപ്പം മക്കയിൽ നിന്നുവരുന്ന വഴി ജുഹ്ഫയിലെത്തി. വമ്പിച്ച മുസ്ലിം സംഘത്തെ കണ്ട് അവർ അമ്പരന്നു.


 അബ്ബാസ്(റ) കുടുംബാംഗങ്ങളെ മദീനയിലേക്കയച്ചു. ആ സ്വഹാബിവര്യൻ മുസ്ലിം സംഘത്തോടൊപ്പം മക്കയിലേക്കു പോന്നു. അബ്ദുൽ മുത്വലിബിന്റെ പൗത്രനായ അബൂസുഫ്യാൻ, അബ്ദുല്ലാഹിബ്നു അബൂഉമയ്യ എന്നിവരും ഇതേ ഘട്ടത്തിൽ പ്രവാചകനോടു (ﷺ) ചേർന്നു.


 അബ്ബാസ്(റ)വിനെ മുമ്പേ വിട്ടു. ഖുറയ്ശികളുടെ നീക്കം അറിയാനായിരുന്നു ഇത്. ഇതിനിടയിൽ ഖുറയ്ശികൾ മുസ്ലിംകളുടെ ആഗമനത്തെക്കുറിച്ചറിഞ്ഞു. വിശദ വിവരങ്ങളറിഞ്ഞുവരാൻവേണ്ടി മൂന്നു പ്രമുഖ നേതാക്കളെ നിയോഗിച്ചു. അബൂസുഫ്യാൻ, ഹകീം, ബുദയ്തൽ.


 ഈ ദൂതന്മാരുടെ രഹസ്യ നീക്കങ്ങൾ അബ്ബാസ് (റ) വീക്ഷിച്ചു.

അബൂസുഫ്യാനെ അബ്ബാസ്(റ) പിടികൂടി. ഇരുവരും കൂട്ടുകാരാണ്. സ്നേഹത്തോടെ സംസാരിച്ചു.


 “വരൂ, നമുക്കു പ്രവാചകനെ (ﷺ) കാണാം. നിങ്ങൾ എന്റെ സംരക്ഷണത്തിലാണ്.” - അബ്ബാസ് (റ) പറഞ്ഞു.


അബ്ബാസ്(റ)വിന്റെ കൂടെ അബൂസുഫ്യാനെ കണ്ടപ്പോൾ ഉമർ(റ) രോഷത്തോടെ എഴുന്നേറ്റു. “ഞാനിവന്റെ തലയെടുക്കാം, എന്നെ അനുവദിക്കൂ.” ഉമർ (റ) അഭ്യർത്ഥിച്ചു.


 “ഇല്ല, ഞാൻ അദ്ദേഹത്തിന് അഭയം നൽകിയിരിക്കുന്നു.” അബ്ബാസ് (റ) പറഞ്ഞു.


 അന്നു രാത്രി അബൂസുഫ്യാൻ അബ്ബാസ്(റ)വിന്റെ സംരക്ഷണത്തിൽ കഴിഞ്ഞു. പിറ്റേന്ന് അബ്ബാസ് (റ) അബൂസുഫിയാനെയുംകൊണ്ടു പ്രവാചകന്റെ (ﷺ) സന്നിധിയിലെത്തി. 


 റസൂൽ (ﷺ) ചോദിച്ചു: “ലാ ഇലാഹ ഇല്ലല്ലാഹ് എന്നു സമ്മതിക്കാൻ താങ്കൾക്കിനിയും സമയമായില്ലേ..?”


 “ലാഇലാഹ ഇല്ലല്ലാഹ് എന്നു ഞാൻ സമ്മതിക്കുന്നു.” - അബൂസുഫ്യാൻ മറുപടി നൽകി.


 “ഞാൻ അല്ലാഹുﷻവിന്റെ റസൂലാണെന്നു വിശ്വസിക്കാൻ സമയമായില്ലേ..?” -പ്രവാചകൻ (ﷺ) വീണ്ടും ചോദിച്ചു.


“അക്കാര്യത്തിൽ സംശയമുണ്ട്.” -അബൂസുഫ്യാൻ പറഞ്ഞു...


“ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ് എന്നു

താങ്കൾ സാക്ഷ്യം വഹിക്കൂ..!” അബ്ബാസ്(റ) ഉപദേശിച്ചു.


 അബൂസുഫ്യാൻ മനസുകൊണ്ടു വിശ്വസിച്ചുകഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേർ ഉടനെ ഇസ്ലാംമതം സ്വീകരിച്ചു. ഹകീമും ബുദയ്ലും...


 “അബൂസുഫ്യാൻ സ്ഥാനമാനങ്ങൾ കൊതിക്കുന്ന ആളാണ്. അദ്ദേഹത്തിന് എന്തെങ്കിലും പദവി നൽകണം...” അബ്ബാസ് (റ) പ്രവാചകനോടു (ﷺ) പറഞ്ഞു.


 “അബൂസുഫ്യാൻ, താങ്കൾ മക്കയിൽ ചെന്ന് ഇങ്ങനെ വിളിച്ചു പറയണം ഖുറയ്ശികളേ, സ്വന്തം വീടുകളിൽ വാതിലടച്ച് അടങ്ങിയിരിക്കുന്നവർക്ക് അഭയമുണ്ട്. മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചവർക്കും അഭയമുണ്ട്. അബൂസുഫ്യാന്റെ വീട്ടിൽ പ്രവേശിച്ച

വർക്കും അഭയമുണ്ട്.”


 അബൂസുഫ്യാൻ മക്കയിലെത്തി. പറഞ്ഞതുപോലെ വിളിച്ചു പറഞ്ഞു. ആളുകൾ സ്വന്തം വീടുകളിൽ അഭയം പ്രാപിച്ചു. ചിലർ മസ്ജിദുൽ ഹറാമിലെത്തി. മറ്റൊരു കൂട്ടർ അബൂസുഫ്യാന്റെ വീട്ടിലെത്തി. സംഘർഷം ഒഴിവാക്കുക.

രക്തച്ചൊരിച്ചിൽവേണ്ട...


 “അബൂസുഫ്യാനെ ആ കുന്നിനു മുകളിൽ തടഞ്ഞുവയ്ക്കുക. മുസ്ലിം ശക്തി അദ്ദേഹം കാണട്ടെ. അറിയട്ടെ.” നബി ﷺ തങ്ങൾ പറഞ്ഞു.


 അബൂസുഫ്യാന്റെ മുമ്പിലൂടെ മുസ്ലിംകൾ ഒഴുകി. അൻസാറുകളും മുഹാജിറുകളും. എന്തൊരു പ്രവാഹം!

എന്തുമാത്രം അനുയായികൾ..!


 “ഇന്ന് അല്ലാഹു ﷻ കഅ്ബയെ ആദരിക്കുന്ന ദിവസമാണ്.

പ്രവാചകൻ ﷺ പ്രഖ്യാപിച്ചു. ഹുജ്നു മലയുടെ മുകളിൽ മുസ്ലിംകൾ കൊടി നാട്ടി. മക്കക്കാർക്കു മുഴുവൻ അതു കാണാം. ഇസ്ലാമിന്റെ അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും ചിഹ്നമായി പതാക മക്കയുടെ നെറുകയിൽ പറക്കുന്നു.


 ആ കുന്നിൻ നെറുകയിൽ വച്ചു അനുയായികളെ നാലായി ഭാഗിച്ചു. ഒരു വിഭാഗത്തെ സുബയർ ബ്നുൽ അവ്വാം (റ) നയിക്കും. രണ്ടാം വിഭാഗത്തെ ഖാലിദ് ബ്നുൽ വലീദ് (റ) നയിക്കും. അൻസാറുകളെ സഅ്ദ് ബ്നു ഉബാദ (റ) നയിക്കും. മുഹാജിറുകളുടെ നേതൃത്വം അബൂഉബയ്ദ (റ) വഹിക്കും.


 വടക്കു ഭാഗത്തുകൂടി മക്കയിൽ പ്രവേശിക്കാൻ സുബൈർ(റ)വിന് അനുവാദം കിട്ടി. മക്കയുടെ താഴ്ഭാഗത്തുകൂടി ഖാലിദ് (റ) പ്രവേശിക്കും. സഅദ് ബ്നു ഉബാദ (റ) പടിഞ്ഞാറു ഭാഗത്തു

കൂടി പ്രവേശിക്കും. അബൂ ഉബയ്ദ (റ) കിഴക്കു ഭാഗത്തുകൂടി പ്രവേശിക്കും.


 മക്കയുടെ എല്ലാ ഭാഗത്തുകൂടിയും മുസ്ലിംകൾ പ്രവഹിക്കും. അത്യപൂർവമായ ഒരു കാഴ്ചയായിരിക്കും അത്. മക്കയെ

ചുറ്റി നിൽക്കുന്ന മലനിരകൾ തക്ബീർ ധ്വനികളാൽ മുഖരിതമാകും. 


 ആരെയും ഉപദ്രവിക്കരുത്. രക്തം ചിന്താൻ ഇടവരരുത്. പ്രവാചകൻ ﷺ കൽപിച്ചു. പ്രതികാരചിന്തകളില്ല. അഹംഭാവമില്ല. വിനീതരായി, ഭക്തിനിർഭരമായ ഹൃദയങ്ങളുമായി സത്യവിശ്വാസികൾ പ്രവഹിക്കുന്നു. 


 മക്കക്കാർ വീടുകളിൽ അടങ്ങിയിരുന്നു. അവർ സുരക്ഷിതരാണ്. മസ്ജിദുൽ ഹറമിൽ പ്രവേശിച


്ചവരും സുരക്ഷിതരാണ്. അബൂസുഫ്യാന്റെ വീട്ടിൽ പ്രവേശിച്ചവരും സുരക്ഷിതരാണ്.


 ഹുജുനിൽ ആണ് നബിﷺതങ്ങൾ വിശ്രമിച്ചിരുന്നത്. അവിടെ നിന്നു മക്കയിൽ പ്രവേശിക്കാനുള്ള കൽപന നൽകി.


 പത്നിമാരായ ഉമ്മുസലമ(റ)യും മയ്മൂന(റ)യും തമ്പിൽ വിശ്രമിച്ചു. നബി ﷺ അബൂബക്ർ(റ)വിന്റെ കൂടെ കഅ്ബ ലക്ഷ്യമാക്കി നീങ്ങി. അപ്പോഴേക്കും എല്ലാ ഭാഗത്തുകൂടെയും സത്യവിശ്വാസികൾ അങ്ങോട്ട് ഒഴുകുകയായി. ഖുറയ്ശികൾ അത്ഭുതത്തോടെ അതു നോക്കിനിന്നു.