Wednesday - 22 April, 2026 4-Dhu al-Qadah-1447

മക്കയിൽ വിജയക്കൊടി (2)

   നബിﷺതങ്ങൾ കഅ്ബയുടെ അകത്തുവച്ചു രണ്ടു റക്അത്ത് നിസ്കരിച്ചു. അല്ലാഹുതആല ചെയ്തുതന്ന മഹത്തായ അനുഗ്രഹങ്ങൾക്കു നന്ദി...


 പിന്നെ അവിടെ നിന്നെഴുന്നേറ്റു. ചരിത്രമുറങ്ങുന്ന ഇബ്റാഹീം മഖാമിലേക്കു നടന്നുവന്നു. പതിനായിരങ്ങൾ നോക്കിനിൽക്കെ അവിടെവച്ചും രണ്ടു റക്അത്തു നിസ്കരിച്ചു. എഴുന്നേറ്റു നിന്നു. വമ്പിച്ച ജനാവലിയെ നോക്കി.

എന്നിട്ടു ചരിത്ര പ്രസിദ്ധമായ പ്രസംഗം നിർവഹിച്ചു. സദസ്സിൽ മുസ്ലിംകളോടൊപ്പം ധാരാളം മുശ്രിക്കുകളുമുണ്ടായിരുന്നു. 


 അവരെ നോക്കി നബിﷺതങ്ങൾ പറഞ്ഞു: “അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ല. അവനു പങ്കുകാരില്ല. അവൻ നമുക്കുതന്ന വാഗ്ദാനം പാലിച്ചിരിക്കുന്നു. അല്ലാഹു ﷻ അവന്റെ ദാസന്മാരെ സഹായിച്ചിരിക്കുന്നു. അവൻ ശത്രുക്കളെ മുഴുവൻ പരാജയപ്പെടുത്തി. ജനങ്ങളേ, അറിഞ്ഞുകൊള്ളുക.


 പ്രതാപത്തിന്റെ പേരിലുള്ള എല്ലാ മത്സരങ്ങളും പുരാതന കാലം മുതൽക്കുള്ള പ്രതികാരങ്ങളും രക്തച്ചൊരിച്ചിലിന്റെ പേരിലുള്ള പകയും ഞാനിതാ എന്റെ കാലിനടിയിൽ ചവിട്ടിത്താഴ്ത്തുന്നു.


 ഖുറയ്ശി സമൂഹമേ.., ജാഹിലിയ്യാ കാലത്തെ എല്ലാ കുല മഹിമകളും ഇന്നത്തോടെ അവസാനിച്ചിരിക്കുന്നു. അല്ലാഹു ﷻ അതെല്ലാം മായ്ച്ചുകളഞ്ഞിരിക്കുന്നു. എല്ലാവരും ആദം നബി(അ)ന്റെ മക്കളാകുന്നു. ആദം നബി(അ) മണ്ണിൽ നിന്നാണു സൃഷ്ടിക്കപ്പെട്ടത്.”


 അവിടുന്ന് (ﷺ) വിശുദ്ധ ഖുർആൻ വചനം ഉദ്ധരിച്ചു: “ജനങ്ങളേ, നിങ്ങളെ നാം ഒരാണിൽനിന്നും ഒരു പെണ്ണിൽ

നിന്നും സൃഷ്ടിച്ചു. പരസ്പരം തിരിച്ചറിയുന്നതിനു വേണ്ടി നാം

നിങ്ങളെ ഖബീലകളും കുടുംബങ്ങളുമാക്കിത്തിരിച്ചു. എന്നാൽ തഖ് വ (ഭക്തി) യുള്ളവരാണ് അല്ലാഹുﷻവിങ്കൽ ഏറ്റവും ആദരണീയർ.”


 ഇസ്ലാമിലെ വിധിവിലക്കുകളെക്കുറിച്ചു കൂടി സൂചിപ്പിച്ചു. ഖുറയ്ശി കുലത്തിലെ ക്രൂരന്മാർ അവിടെ കൂടി നിൽപ്പുണ്ട്.

മുസ്ലിംകൾക്കെതിരെ അവർ നടത്തിയ ക്രൂരമായ ആക്രമണങ്ങൾക്കു കണക്കില്ല. അവർ ഇന്നു ദുർബലരാണ്. നബിﷺതങ്ങൾ ശക്തനുമാണ്.

എന്തു പ്രതികാരവും ചെയ്യാൻ ശക്തിയുണ്ട്. മരണം വിധിക്കാം,

എതിർക്കാൻ ശക്തിയില്ല. വിധി കാത്തുനിൽക്കുകയാണവർ.


 “ഖുറയ്ശികളേ, നിങ്ങളുടെ കാര്യത്തിൽ ഞാൻ എന്തു തീരുമാനം എടുക്കുമെന്നാണു നിങ്ങൾ പ്രതീക്ഷിക്കുന്നത്..?” നബി ﷺ ഖുറയ്ശികളെ നോക്കി ചോദിച്ചു.


 അവർ ഇങ്ങനെ മറുപടി പറഞ്ഞു: “താങ്കൾ മാന്യനായ സഹോദരനാണ്. മാന്യനായ സഹോദരന്റെ പുത്രനും.” 


 ഇതു കേട്ടപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: “ഇന്നത്തെ ദിവസം നിങ്ങൾക്കെതിരെ യാതൊരു പ്രതികാര നടപടിയുമില്ല. നിങ്ങൾ സ്വതന്ത്രരാണ്. പിരിഞ്ഞുപോകാം. അല്ലാഹു ﷻ നിങ്ങൾക്കു പൊറുത്തുതരട്ടെ..!”


 അവർ ഞെട്ടിപ്പോയി. ഇതിനെക്കാൾ മാന്യമായൊരു പെരുമാറ്റം ഒരു മനുഷ്യനിൽ നിന്നു പ്രതീക്ഷിക്കാനില്ല. പിൻപറ്റാൻ കൊള്ളാവുന്ന ഏറ്റവും

നല്ല മനുഷ്യൻ ഇതുതന്നെ.അവർ കൂട്ടത്തോടെ ഇസ്ലാമിലേക്കു കടന്നുവരുന്ന രോമാഞ്ചജനകമായ കാഴ്ചയാണു പിന്നെ കണ്ടത്...


 മദീനയിലേക്കു ഹിജ്റ പോയ മുഹാജിറുകളുടെ സ്വത്തുക്കൾ ഖുറയ്ശികൾ അധീനപ്പെടുത്തിയിരുന്നു. അവ തിരിച്ചുവാങ്ങാനുള്ള നടപടിയൊന്നും സ്വീകരിച്ചില്ല. 


 പ്രവാചകൻ ﷺ ഇങ്ങനെ പറഞ്ഞു: “മുഹാജിറുകളേ, ആ സ്വത്തിന്മേലുള്ള നിങ്ങളുടെ അവകാശം അവർക്കു വിട്ടുകൊടുക്കുക.”


 ഇതു കേട്ടു ഖുറയ്ശികൾ സ്തബ്ധരായിപ്പോയി. അവർ

ആവേശത്തോടെ വിളിച്ചു പറഞ്ഞു: അങ്ങു സത്യത്തിൽ അല്ലാഹുﷻവിന്റെ ദൂതൻ തന്നെയാണ്. അങ്ങു പറയുന്നതെല്ലാം സത്യമാണ്. അതൊരു രാജാവല്ല.


 പറഞ്ഞു തീർന്നപ്പോൾ പലരും കരഞ്ഞുപോയി. വികാരഭരിതമായ രംഗം. ഖുറയ്ശികൾ കൂട്ടത്തോടെ ഇസ്ലാമിലേക്കു വന്നുകൊണ്ടിരുന്നു.


 ശഹാദത്തു കലിമയുടെ മധുര ധ്വനികൾ. ആവേശം അലതല്ലിയ നിമിഷങ്ങൾ...


 അബൂസുഫ്യാന്റെ മകൻ മുആവിയ ഇസ്ലാംമതം സ്വീകരിച്ചു. അബൂഖുഹാഫ ഇസ്ലാംമതം സ്വീകരിച്ചു.


 കഅ്ബാലയം ശുദ്ധീകരിക്കപ്പെട്ടു. ചുമരിലെ ചിത്രങ്ങളും മായ്ച്ചുകളഞ്ഞു. അറേബ്യ ഇസ്ലാമിന്റെ വൻകരയായി മാറുകയാണ്...