പിന്തിരിഞ്ഞോടിയ ഖുറയ്ശിസൈന്യം ഓട്ടം നിറുത്തി. അവർ തിരിഞ്ഞുനോക്കി. ആശ്ചര്യം..! തങ്ങളുടെ പിന്നിൽ ആരുമില്ല. അവർ അൽപനേരം വിശ്രമിച്ചു. ഒരാക്രമണം കൂടി നടത്താം...
മലയിടുക്കിലെ അമ്പെയ്ത്തുകാരുടെ എണ്ണം കുറഞ്ഞിരിക്കുന്നു. അവരെ തുരത്താൻ പ്രയാസമില്ല. ഉയർന്ന സ്ഥലത്തു നിന്നു പൊടുന്നനെ ആക്രമണം തുടങ്ങാം. ഖാലിദ് യുദ്ധതന്ത്രങ്ങൾ ആവിഷ്കരിച്ചു..!!
യുദ്ധം കഴിഞ്ഞു എന്ന ചിന്തയിലാണു മുസ്ലിംകൾ. യുദ്ധ മുതലുകൾ ശേഖരിക്കുന്ന തിരക്കിലാണവർ. ചിലർ വിശ്രമത്തിലായിരിക്കും. ഓർക്കാപ്പുറത്തുള്ള ആക്രമണം മുസ്ലിംകളെ പരിഭ്രമത്തിലാക്കും. ഖാലിദ് യുദ്ധതന്ത്രം വിവരിച്ചു.
ഖുറയ്ശികൾ ആവേശഭരിതരായി. സ്ത്രീകൾക്ക് ആഹ്ലാദം സഹിക്കാൻ വയ്യ. എല്ലാവരും ആയുധമണിഞ്ഞു. ക്ഷീണം മറന്നു. മുഹമ്മദിനെ വധിക്കുക. അതിനു സമയമായിരിക്കുന്നു. ശക്തമായ തിരിച്ചടി. അതിൽ എല്ലാം തകർന്നു തരിപ്പണമാകണം.
ഖുറയ്ശി സൈന്യം ഖാലിദിന്റെ നേതൃത്വത്തിൽ മലമുകളിലേക്കു കുതിച്ചുകയറി. അവിടെയുള്ള പത്തുപേർക്ക് എന്തു ചെയ്യാൻ കഴിയും..? അവർ അമ്പെയ്തു. ശത്രുക്കളെ തടുക്കാൻ നോക്കി.
മിന്നൽ വേഗത്തിൽ എല്ലാം കഴിഞ്ഞു. പത്തുപേരെയും തുരത്തി.
മുസ്ലിംകൾ അമ്പരന്നു. എന്താണു സംഭവിച്ചതെന്നറിയില്ല. മലമുകളിൽ നിന്നും അമ്പുകൾ തുരുതുരാ വരുന്നു...
ആളുകൾ ജീവനുംകൊണ്ടോടുന്നു. ചിലർ ആയുധമണിയുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത യുദ്ധം. ആയുധം താഴെ വച്ചവർ നിമിഷങ്ങൾകൊണ്ടു യുദ്ധസന്നദ്ധരായി. പൊരിഞ്ഞ യുദ്ധം. മുസ്ലിംകളുടെ അണികൾ ദുർബലമായി. യുദ്ധതന്ത്രങ്ങൾക്കു സമയം കിട്ടിയില്ല...
മുസ്അബ് ബ്നു ഉമർ(റ). സുന്ദരമായ ചെറുപ്പക്കാരൻ. പടയങ്കി ധരിച്ചുകഴിഞ്ഞാൽ നബി ﷺ തങ്ങളാണെന്നു തോന്നിപ്പോകും. യുദ്ധക്കളത്തിലെ വെപ്രാളം നിറഞ്ഞ അന്തരീക്ഷത്തിൽ ഖുറയ്ശികൾക്കും അങ്ങനെ തോന്നിപ്പോയി.
മുസ്തഅബ് ബ്നു ഉമയ്ർ(റ) അപ്പോൾ കൊടിപിടിച്ചു നിൽക്കുകയായിരുന്നു. പ്രവാചകരുടെ (ﷺ) പതാക. അതു താഴെ
വീഴാൻ പാടില്ല. ഒരു കയ്യിൽ കൊടി മുറുകെപ്പിടിച്ചു. മറുകൈ കൊണ്ട് അതിശീഘ്രം പോരാടിക്കൊണ്ടിരുന്നു.
ശത്രുക്കൾ ആ സ്വഹാബിവര്യനെ പൊതിഞ്ഞു. അവർ ആഞ്ഞുവെട്ടിക്കൊണ്ടിരുന്നു. എത്രനേരം തടുത്തു നിർത്താനാവും, ധീരകേസരിയായ മുസ്അബ് (റ) വീരരക്തസാക്ഷിയായി...
“മുഹമ്മദിനെ വധിച്ചു..!”
“മുഹമ്മദിനെ ഞങ്ങൾ വെട്ടിക്കൊന്നു.” ഖുറയ്ശികൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
ഖുറയ്ശികൾ ആഹ്ലാദംകൊണ്ടു മതിമറന്നു...
“മുഹമ്മദിന്റെ കഥ കഴിഞ്ഞു. ഇനി അവന്റെ അനുയായികളിൽ കഴിയുന്നത്രപേരെ വധിക്കണം. അബൂസുഫ്യാനും മറ്റു പലരും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു...