Wednesday - 22 April, 2026 4-Dhu al-Qadah-1447

പടവെട്ടാതെ വിജയം (1)

   ലക്ഷക്കണക്കിനു വരുന്ന റോമാ സൈന്യം. അവർ തബൂക്കിലേക്കു മുന്നേറിക്കൊണ്ടിരുന്നു. തങ്ങളുടെ

സൈനിക ബലത്തെക്കുറിച്ചറിഞ്ഞിട്ടും മുസ്ലിംകൾക്കു യാതൊരു അങ്കലാപ്പുമില്ലെന്നു സീസർ അറിഞ്ഞു.


 അത്യുഷ്ണം വകവയ്ക്കാതെ അവർ വരികയാണ്. മുഅ്ത്ത യുദ്ധത്തിന്റെ അസുഖകരമായ ഓർമ്മകൾ അവരെ

അസ്വസ്ഥരാക്കി.


 സൈനിക നേതാക്കൾ ഒരുമിച്ചിരുന്നു കാര്യങ്ങൾ ചർച്ച ചെയ്തു. തബൂക്കിലേക്കു നീങ്ങണമോ..?


 അതോ ശാമിന്റെ അതിർത്തിക്കുള്ളിൽത്തന്നെ നിറുത്തണമോ..? മുഅ്ത്ത ആവർത്തിക്കരുത്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...


 സുദീർഘമായ ചർച്ചകൾക്കു ശേഷം തീരുമാനമടുത്തു. ശാമിലെ കോട്ടകളിൽ സൈന്യത്തെ നിറുത്തുക. തബൂക്കിലേക്കു നീങ്ങേണ്ടതില്ല.


 മുസ്ലിം സൈന്യത്തെക്കുറിച്ച് അല്ലാഹു ﷻ ശത്രുക്കളുടെ മനസ്സിൽ ഭീതി നിറച്ചു.


 സുദീർഘമായ യാത്ര അവസാനഘട്ടത്തിലെത്തി. മുഅ്ത്ത യുദ്ധത്തിന്റെ സ്മരണകൾ ഉയരുന്നു.

ഒടുവിൽ തബൂക്ക്. വിജനമായ തബൂക്ക്. അവിടെ താവളമടിക്കാൻ കൽപിച്ചു.


 നിരവധി തമ്പുകൾ ഉയർന്നു. ആഹാരം പാകം ചെയ്യാനുള്ള ഒരുക്കം. വെള്ളം ശേഖരിക്കാൻ ചിലർ പുറത്തിറങ്ങി. ചിലർ പരിസരപ്രദേശങ്ങളിൽ നിരീക്ഷണം നടത്തി.


 റോമാ സൈന്യം പരിസരത്തെവിടെയും ഇല്ലെന്നു ബോധ്യമായി. പരിസര പ്രദേശത്തെ ഭരണാധികാരികളുമായി ബന്ധപ്പെടാൻ നബിﷺതങ്ങൾ തീരുമാനിച്ചു.


 ഐല എന്ന പ്രദേശം വളരെയടുത്താണ്. അവിടത്തെ ഭരണാധികാരിയാണ് യോഹന്നാൻ ബ്നു റുഅ് യ.


 യോഹന്നാന്റെ സമീപത്തേക്കു പ്രവാചകൻ ﷺ ഒരു ദൂതനെ അയച്ചു. ദൂതന് ആദരവോടുകൂടിയ സ്വീകരണമാണു ലഭിച്ചത്.


  ജർബാഅ് എന്ന പ്രദേശത്തെ ഭരണാധികാരിയുടെ സമീപത്തേക്കും ഉദ്റുജ് എന്ന പ്രദേശത്തെ ഭരണാധികാരിയുടെ കൊട്ടാരത്തിലേക്കും നബി ﷺ ദൂതന്മാരെ അയച്ചു. 


 യോഹന്നാൻ നബിﷺതങ്ങളെ സന്ദർശിക്കാൻ വന്നു. വെളുത്ത ഒട്ടകത്തെ സമ്മാനിച്ചു. യോഹന്നാൻ ഇസ്ലാംമതം സ്വീകരിക്കാൻ തയ്യാറായില്ല. പ്രവാചകൻ ﷺ യിൽ നിന്നു സംരക്ഷണ കരാർ കിട്ടുകയും വേണം.


 വമ്പിച്ച സൈന്യവുമായി വന്ന നബി ﷺ തങ്ങൾ യോഹന്നാനു മേൽ യാതൊരു സമ്മർദവും ചെലുത്തിയില്ല. കപ്പം കൊടുക്കാമെന്ന കരാറിൽ സംരക്ഷണ പത്രം എഴുതിക്കൊടുക്കുകയാണു ചെയ്തത്. കരാർ പത്രത്തിലെ വാചകങ്ങൾ നോക്കൂ...


 പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുﷻവിന്റെ തിരുനാമത്തിൽ.., ഐല നിവാസിയായ യോഹന്നാൻ ബ്നു റുഅ് യക്ക് അല്ലാഹു ﷻ വിന്റെ ദാസനും പ്രവാചകനുമായ മുഹമ്മദ് (ﷺ) എഴുതിക്കൊടുത്ത സമാധാനക്കരാർ. കരയിലും കടലിലും സഞ്ചരിക്കുന്ന യോഹന്നാന്റെ വാഹനങ്ങൾക്ക് അല്ലാഹുﷻവിന്റെയും പ്രവാചകന്റെയും (ﷺ) പേരിൽ സംരക്ഷണം ഉറപ്പു നൽകുന്നു. 


 ഐല ദേശക്കാരെപ്പോലെ യമനിലെയും ശാമിലെയും ജനങ്ങൾക്കും തീരവാസികൾക്കും സംരക്ഷണം ഉറപ്പു നൽകുന്നു. വല്ലവരും വിപ്ലവത്തിന് ഒരുങ്ങിയാൽ അവർക്കു സംരക്ഷണം നഷ്ടപ്പെടും. മുഹമ്മദിന് (ﷺ) അവരെ പിടികൂടി ശിക്ഷിക്കാവുന്നതാണ്.


 പാനം ചെയ്യുന്ന ജലാശയങ്ങൾക്കും സംരക്ഷണമുണ്ട്. നബിﷺതങ്ങൾ ഒരു പുതപ്പ് യോഹന്നാനു സമ്മാനിച്ചു. അത് ഒരു സന്തോഷപ്രകടനമായിരുന്നു.


 വർഷംതോറും മുന്നൂറ് ദീനാർ കപ്പം നൽകാമെന്ന ഉടമ്പടിയിൽ യോഹന്നാൻ മടങ്ങിപ്പോയി.


 ജർബാഅ് ഭരണാധികാരിയും ഉദ്റുജ് ഭരണാധികാരിയും ഇതുപോലുള്ള സംരക്ഷണക്കരാറുകൾ നേടി...