ഇനി നാം ശാന്തമായൊന്നു ചിന്തിച്ചുനോക്കണം. ദീർഘദൂരം യാത്ര ചെയ്തു വന്ന ധീരന്മാരുടെ പട. അവരുടെ നിശ്ചയ ദാർഢ്യത്തിനു മുമ്പിൽ സീസറിന്റെ വൻസൈന്യം
പേടിച്ചു പിന്മാറിപ്പോയി.
ആ സൈന്യത്തിന്റെ തലവനായ നബി ﷺ തങ്ങൾ ദുർബലനായ യോഹന്നാൻ എന്ന ഭരണാധികാരിയോട് എങ്ങനെയാണു പെരുമാറിയത്..!
നിസ്സാരമായ ഒരു സംഖ്യ വാർഷിക കപ്പമായി നൽകണമെന്ന വ്യവസ്ഥയിൽ സംരക്ഷണക്കരാർ നൽകുകയാണു ചെയ്തത്.
ആ രാജ്യത്തെ ആക്രമിച്ചില്ല. കാരണം അതൊരു ദുർബല രാഷ്ട്രമായിരുന്നു. അവരുടെ ധനം പിടിച്ചടക്കിയില്ല. കാരണം അവർ നിസ്സഹായരായിരുന്നു. അവരുടെ സ്നേഹബന്ധം നില നിർത്താനും അവർക്കു സംരക്ഷണം നൽകാനുമാണ് നബിﷺതങ്ങൾ തുനിഞ്ഞത്...
ശാം അതിർത്തിയിലെ പല ഗോത്രങ്ങളുമായി ഇതുപോലെ കരാർ ഉണ്ടാക്കി. അതു കാരണം ഇസ്ലാം അവിടെ പ്രചരിച്ചു.
ഇസ്ലാം മതപ്രചരണത്തിനു വാൾ ഉപയോഗിച്ചില്ല. സ്വരക്ഷയ്ക്കു മാത്രമേ വാൾ ഉപയോഗിച്ചുള്ളൂ.
ദൂമത്തുൽ ജന്തൽ...
സമൃദ്ധമായ പ്രദേശം, അവിടെ ഒരു ക്രൈസ്തവ രാജാവാണു ഭരണാധികാരി.
പേര് ഉകയ്ദിർ ബ്നു അബ്ദിൽ മലിക് ഇസ്ലാമിന്റെ ശത്രുവാണ്.
റോമക്കാരുമായി സ്നേഹബന്ധത്തിലാണ്.
റോമക്കാർ ദൂമത്തുൽ ജന്തൽ വഴി വരാൻ സാധ്യതയുണ്ട്. അതിർത്തി പ്രദേശത്തെ ഭരണാധികാരികളുമായി സന്ധി ചെയ്തുകൊണ്ട് പ്രയോജനമുണ്ടാകണമെങ്കിൽ ഉകയ്ദിറിനെ നിലക്കുനിർത്തണം.
ഉകയ്ദിറുമായി ഒരു സന്ധിയുണ്ടാക്കണം. ബലപ്രയോഗത്തിലൂടെ മാത്രമേ അതു നടക്കുകയുള്ളൂ... നബിﷺതങ്ങൾ അഞ്ഞൂറു യോദ്ധാക്കളെ അങ്ങോട്ടയയ്ക്കാൻ തീരുമാനിച്ചു. ഖാലിദ് ബ്നുൽ വലീദ്(റ)വിനെ
സൈന്യാധിപനായി നിയോഗിച്ചു.
തബൂക്കിൽ ഇരുപതു ദിവസത്തെ താമസത്തിനുശേഷം നബിﷺതങ്ങൾ അനുയായികളോടൊപ്പം മദീനയിലേക്കു തിരിച്ചു.
ഖാലിദ് (റ) അഞ്ഞൂറു പേരോടൊപ്പം ദൂമത്തുൽ ജന്തലിലേക്കു നീങ്ങി. ഖാലിദ്(റ)വിന്റെ ആഗമനം നഗരവാസികളെ ഭയപ്പെടുത്തി. അവർ നഗര കവാടങ്ങളടച്ചു.
ഉകയ്ദിർ രാത്രിയിൽ നായാട്ടിനു പോയതായിരുന്നു. ഖാലിദ്(റ)വിന്റെ പിടിയിൽപെട്ടു.
“നഗര കവാടങ്ങൾ തുറക്കുക. അല്ലെങ്കിൽ രാജാവിന്റെ ജീവൻ അപകടത്തിലാണ്.”
രാജാവിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി കവാടങ്ങൾ തുറന്നു. ഉകയ്ദിറിന്റെ സൈന്യത്തെ ഖാലിദ് (റ) ബുദ്ധിപൂർവം നേരിട്ടു. ബലം പ്രയോഗിച്ചാൽ രാജാവു വധിക്കപ്പെടുമെന്നവർ മനസ്സിലാക്കി.
വമ്പിച്ച യുദ്ധമുതലുകൾ നേടി. ഉകയ്ദിറിനെയും കൊണ്ട് ഖാലിദ് (റ) മദീനയിൽ എത്തിച്ചേർന്നു. ഇസ്ലാം മതത്തെ അടുത്തറിയാൻ ഉകയ്ദറിനു സാധിച്ചു. സത്യവിശ്വാസം കൈക്കൊള്ളാനും കഴിഞ്ഞു.
പ്രവാചകനുമായി (ﷺ) സന്ധിയുണ്ടാക്കി.
രാജ്യം മടക്കിക്കിട്ടി. അതിർത്തി പ്രദേശം ശാന്തമായി. റോമായുടെ വെല്ലുവിളി തൽക്കാലം അകന്നുപോയി.