കപടവിശ്വാസികൾ...
ഇസ്ലാമിന്റെ നാശമാണവരുടെ ലക്ഷ്യം. അബ്ദുല്ലാഹിബ്നു ഉബയ്യ് തന്ത്രങ്ങൾ മെനയുന്നു...
ഒരു പള്ളി നിർമ്മിക്കുക. പ്രവാചകനെ (ﷺ) വിളിച്ച് ഉദ്ഘാടനം ചെയ്യിക്കുക. അതാണു പുതിയ പരിപാടി.
ആരാധനാലയമാകുമ്പോൾ ആർക്കും സംശയം തോന്നില്ല. എല്ലാവരും വന്നു. നിസ്കരിച്ചു പോയ്ക്കൊള്ളും. പള്ളി നിർമാണം പൂർത്തിയായി...
ഒരു ദിവസം കുറെ മുനാഫിഖുകൾ പ്രവാചകനെ (ﷺ) കാണാൻ വന്നു. “അല്ലാഹുﷻവിന്റെ റസൂലേ, ഞങ്ങൾ ഒരു പള്ളി നിർമിച്ചിട്ടുണ്ട്. അങ്ങു വന്ന് അതിൽ നിസ്കരിച്ച് ഉദ്ഘാടന കർമ്മം നിർവഹിക്കണം.” അവരുടെ അപേക്ഷയാണ്.
“ഞാൻ തബൂക്ക് യുദ്ധത്തിന്റെ തിരക്കിലാണ്. യുദ്ധം കഴിഞ്ഞു മടങ്ങിവന്നിട്ടു പള്ളിയിൽ വരാം.” അവർ മടങ്ങിപ്പോയി.
തബൂക്ക് യുദ്ധം കഴിഞ്ഞു മടങ്ങിവരികയോ? അതുണ്ടാകില്ല. സീസറിന്റെ ലക്ഷക്കണക്കായ സൈന്യം. അവരുടെ മുമ്പിൽപ്പെട്ടാൽ രക്ഷ കിട്ടുമോ..?
ഇതു നാശത്തിലേക്കുള്ള പോക്കാണ്.
ഇതോടെ തീരും. പിന്നെ മദീനയിൽ രാജാവായി വാഴുന്നത് അബ്ദുല്ലാഹിബ്നു ഉബയ്യ് ആയിരിക്കും.
മുനാഫിഖുകൾ വ്യാജമുസ്ലിംകളായി ജീവിക്കുന്നു. തബൂക്കിലേക്ക് അവരില്ല. അവർ മദീനയിൽ തങ്ങി.
ഇസ്ലാമിന്റെ നാശം കാണാൻ കാത്തിരുന്നു.
അല്ലാഹുﷻവിന്റെ വിധി മറിച്ചായിരുന്നു.
യുദ്ധമില്ലാതെ വിജയം. ആ വിജയവുമായി പ്രവാചകൻ (ﷺ) വരുന്നു. മുനാഫിഖുകൾക്കു വെപ്രാളം.
അവർ പള്ളിയിൽ ഒരുമിച്ചുകൂടി. തബൂക്ക് യുദ്ധത്തിൽ പങ്കെടുക്കാത്തതിന് എന്തെങ്കിലും പ്രതികാര നടപടികൾ സ്വീകരിക്കുമോ? ഉൾഭയത്തോടെ ഇരിക്കുകയാണ്..!!
അപ്പോൾ ഒരുകൂട്ടം മുസ്ലിംകൾ അവിടേക്കു വരുന്നു. അവർ സായുധരാണ്. എന്തിനുള്ള പുറപ്പാടാണെന്ന് ആദ്യം മനസ്സിലായില്ല. കപടവിശ്വാസികളുടെ പള്ളി ചുട്ടുകരിച്ചു.
മുനാഫിഖുകൾ ഞെട്ടിത്തെറിച്ചു. ശാന്തശീലനായ പ്രവാചകൻ ﷺ ഇത്രയും കടുത്ത നടപടികൾ സ്വീകരിക്കുമോ..? കടുത്ത നടപടികളുടെ തുടക്കമായിരുന്നു അത്. ബാക്കി പിന്നാലെ വരികയാണ്.
പ്രവാചകൻ (ﷺ) യുടെ നിർദേശപ്രകാരം തകർത്തുകളഞ്ഞ പള്ളി ചരിത്രത്തിൽ മസ്ജിദുള്ളിറാർ എന്ന പേരിൽ അറിയപ്പെടുന്നു.
അബൂആമിർ എന്നു പേരായ ഒരു ക്രൈസ്തവ പുരോഹിതൻ മദീനയിൽ ജീവിച്ചിരുന്നു. ഹിജ്റക്കു മുമ്പുതന്നെ അയാൾ അവിടെയുണ്ട്. മദീനക്കാർക്ക് അയാളെ വലിയ ബഹുമാനവുമായിരുന്നു.
നബിﷺതങ്ങൾ മദീനയിൽ എത്തിയതോടെ അബൂആമിറിന്റെ മട്ടുമാറി. ജനങ്ങളെ തന്റെ വാചാലതകൊണ്ടു വശീകരിക്കുകയും കാര്യങ്ങൾ നേടുകയുമായിരുന്നു ഇതുവരെ ചെയ്തിരുന്നത്.
പ്രവാചകൻ ﷺ സത്യത്തിന്റെ പ്രകാശവുമായി വന്നതോടെ ആളുകളുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. അബൂആമിർ ഇസ്ലാമിന്റെ ശത്രുക്കളുടെ പക്ഷം കൂടി. അയാൾ രഹസ്യമായി മുസ്ലിംകൾക്കെതിരെ പ്രവർത്തിച്ചു കൊണ്ടിരുന്നു.
വേദക്കാരനായ പുരോഹിതൻ വിഗ്രഹാരാധകരുമായി കൂട്ടു ചേർന്നു. ഉഹുദിൽ അയാൾ വിഗ്രഹാരാധകരെ ബുദ്ധിപരമായി സഹായിച്ചു.
മസ്ജിദുള്ളിറാറിന്റെ നിർമാണത്തിലും അബൂആമിർ കാര്യമായ പങ്കുവഹിച്ചു. കപടവിശ്വാസികളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. പള്ളി ഗൂഢാലോചനയുടെ കേന്ദ്രമാക്കാൻ അബൂആമിർ മുനാഫിഖുകളെ ഉപദേശിച്ചു.
അബൂആമിർ നേരത്തെ റോമിൽചെന്നു സീസറിനെയും കണ്ടിരുന്നു. സീസറിനെ ഇസ്ലാമിനെതിരിൽ തിരിച്ചുവിടാനും
ശ്രമിച്ചു. തന്റെ പ്രവർത്തനങ്ങൾക്കൊന്നും പ്രതീക്ഷിച്ച ഫലം കിട്ടാതായപ്പോൾ അബൂആമിർ കടുത്ത ദുഃഖത്തിലാണ്ടു.
തബൂക്ക് യുദ്ധം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞപ്പോൾ അബ്ദുല്ലാഹിബ്നു ഉബയ്യിനു രോഗം വന്നു. തന്റെ മനക്കോട്ടകൾ ഒന്നാകെ തകർന്നുപോയി. മുസ്ലിംകൾ വൻ വിജയങ്ങൾ കൊയ്തു.
നിരാശയും ദുഃഖവും അയാളുടെ മനസ്സു തളർത്തി. ആ രോഗത്തിൽ അയാൾ മരണപ്പെട്ടു. മുനാഫിഖുകൾക്കു പിന്നെ പിടിച്ചുനിൽക്കാനായില്ല. ഇസ്ലാമിലേക്കു മടങ്ങുകയല്ലാതെ മറ്റൊരു വഴിയില്ലാതായി...