Wednesday - 22 April, 2026 4-Dhu al-Qadah-1447

പരീക്ഷണത്തിന്റെ നാളുകൾ (2)



   ആശ്വാസത്തിനു ദാഹിക്കുകയാണു പ്രവാചകൻ ﷺ. ആരുണ്ട് ആശ്വാസം പകരാൻ. സ്വിദ്ദീഖ്(റ)വിന് ആശ്വാസം പകരാൻ പറ്റുമോ..? സ്വന്തം മകളെപ്പറ്റിയല്ലേ ആരോപണം. എല്ലാം ആ മുനാഫിഖിന്റെ പണിയാണ്. അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ...


 ആഇശ(റ)യുടെ രോഗം കുറഞ്ഞുവന്നു. ഇപ്പോൾ നല്ല ആശ്വാസമുണ്ട്. ആഇശ(റ)ക്ക് ഒന്നു പുറത്തിറങ്ങണമെന്നു തോന്നി. കൂടെ സഹായത്തിന് ഒരു സ്ത്രീയുമുണ്ടായിരുന്നു. അബൂബക്കർ(റ)വിന്റെ ബന്ധുവാണവർ. അവരുടെ മകനാണ് മിസ്ത്വഹ് - അപവാദം പ്രചരിപ്പിക്കുന്ന ആൾ.


 നടക്കുമ്പോൾ ആ സ്ത്രീ വസ്ത്രം തട്ടിവീണു. “മിസ്ത്വഹ് നശിക്കട്ടെ.” വീണപ്പോൾ അവരങ്ങനെ പ്രാകി.

ആഇശ(റ) ആശ്ചര്യത്തോടെ ചോദിച്ചു:


 “ബദറിൽ പങ്കെടുത്ത ഒരാളെപ്പറ്റി ശാപവാക്കുകൾ പറയുകയാണോ..? നിങ്ങൾക്കെന്തു പറ്റി..?, സ്വന്തം മകനാണെങ്കിലും അങ്ങനെ പറയാമോ..?”


ഉമ്മു മിസ്തഹ് ചോദിച്ചു: “മോളേ..! അവൻ പറഞ്ഞു നടക്കുന്നതൊന്നും നീ അറിഞ്ഞില്ലേ..?”


“ഇല്ല, എന്താ ഉണ്ടായത്..?” - നിഷ്കളങ്കമായ ചോദ്യം.


 “നിന്നെയും സഫ്വാനെയും കുറിച്ച് ആളുകൾ പലതും പറയുന്നു. സഫ്വാന്റെ ഒട്ടകപ്പുറത്തല്ലേ മോൾ വന്നത്. അതാണു കുഴപ്പം." 


 ഇടിവെട്ടേറ്റതുപോലെ നിന്നുപോയി. എന്താണു താൻ കേട്ടത്..? മദീനക്കാർ തന്നെ സംശയിക്കുകയോ..? പാവം സഫ്വാൻ. അദ്ദേഹം തന്നെ രക്ഷിച്ചു. അതിനുള്ള പ്രതിഫലമോ ഇത്..?


 പെട്ടെന്നു പ്രവാചകനെ (ﷺ) കുറിച്ചോർത്തുപോയി. തനിക്കു രോഗം കലശലായിരുന്നപ്പോൾ പോലും പരിഗണിച്ചില്ല. ഒരു പരിചരണവും ലഭിച്ചില്ല.


 മദീനയിൽ വന്ന ഉടനെ രോഗം പിടിപെട്ടു. അന്നു മുതൽ പ്രവാചകൻ ﷺ തന്നെ അവഗണിക്കുന്നതായി തോന്നിയിരുന്നു. ഇതായിരുന്നോ കാരണം..?


 അല്ലാഹുﷻവിന്റെ റസൂൽ ﷺ തന്നെ സംശയിക്കുന്നോ..? ഇതെങ്ങനെ സഹിക്കും. തന്നെക്കൊണ്ടാവില്ല. തളരുകയാണോ..? എന്തേ ഇതുവരെ ആരും തന്നോടിതു പറയാത്തത്..?

ഒരു മനുഷ്യനും പറഞ്ഞില്ലല്ലോ.

എന്താണു സംഭവിച്ചതെന്ന് ആർക്കെങ്കിലും ചോദിച്ചുകൂടേ..?


 ബാപ്പ ചോദിച്ചില്ല, ഉമ്മ ചോദിച്ചില്ല.

പ്രവാചകരും (ﷺ) ചോദിച്ചില്ല. ആഇശ(റ) ആവേശഭരിതയായി മാറി. ഇതു സഹിക്കാൻ കഴിയുന്നില്ല.

എന്റെ... റബ്ബേ..! അവർ വീട്ടിനകത്തേക്ക് ഓടിക്കയറി...