മദീനാ പട്ടണം മരവിച്ചു നിൽക്കുന്നു. എന്താണു തങ്ങൾ കേട്ടത്?
റസൂൽ ﷺ വഫാതായി എന്നോ? നബിﷺതങ്ങൾ മരണപ്പെടുകയോ? അതു സംഭവിച്ചിട്ടുണ്ടോ, വെറും തോന്നലായിരിക്കുമോ..?
ഇന്നു രാവിലെ പ്രസന്നമായ മുഖം കണ്ടതാണല്ലോ. പള്ളിയിൽ ജനങ്ങൾ കണക്കില്ലാതെ തടിച്ചുകൂടി. എന്താണു ചെയ്യേണ്ടതെന്ന് അവർക്കറിയില്ല.
ഇരുട്ടിൽ തപ്പുന്നവന്റെ അവസ്ഥ. വഴി കാണുന്നില്ല. വിളക്കണഞ്ഞുപോയിരിക്കുന്നു. ചിലർ വാവിട്ടു കരയുന്നു. അതു കാണുമ്പോൾ ദുഃഖം വർധിക്കുന്നു.
ഇനി ആരാണു തങ്ങൾക്കു നേതൃത്വം നൽകുക. ആരു വഴികാണിക്കും? ആരുടെ സവിധത്തിലേക്ക് ഓടിച്ചെല്ലും. പ്രവാചകനെ (ﷺ) കാണാതെ എങ്ങനെ ജീവിക്കും.
കൊടുങ്കാറ്റുപോലെ ഒരാൾ കുതിച്ചുവരുന്നു. ജനം വഴിമാറുന്നു. ധീരനായ ഉമർ ബ്നുൽ ഖത്വാബ്(റ).
നേരെ ആഇശ(റ)യുടെ വീട്ടിലേക്കു കടന്നുചെന്നു. കട്ടിലിൽ നബി ﷺ തങ്ങളുടെ ജനാസ ഒരു തുണികൊണ്ടു മൂടിയിരിക്കുന്നു. മുഖത്തു നിന്നു തുണി മാറ്റി. ശാന്തമായ പ്രസന്നവദനം.
പെട്ടെന്ന് ഉമർ(റ)വിന്റെ മുഴങ്ങുന്ന ശബ്ദം..! “ഇല്ല. പ്രവാചകൻ (ﷺ) വഫാതായിട്ടില്ല!”
ങേ..! പള്ളിയിലുള്ളവർ ഞെട്ടി. നബി ﷺ മരണപ്പെട്ടിട്ടില്ലേ..? ചിലർക്ക് ആശ്വാസം, പ്രതീക്ഷ. “റസൂലുല്ലാഹി (ﷺ) വഫാതായെന്നു പറയുന്നതു കപടന്മാരാണ്. അവരെ ഞാൻ വെറുതെ വിടില്ല... നബിﷺതങ്ങൾ ഉണരും. എഴുന്നേൽക്കും..!!”
ഉമർ (റ) പള്ളിയിലൂടെ പാഞ്ഞു നടന്നു.
അതു കണ്ടു പലരും ആവേശംകൊണ്ടു. നബി ﷺ മരണപ്പെട്ടിട്ടില്ല. ഉണരും. എഴുന്നേൽക്കും. ജനങ്ങൾ ആകപ്പാടെ അങ്കലാപ്പിലായി. പ്രവാചകൻ ﷺ യഥാർത്ഥത്തിൽ മരണപ്പെട്ടിട്ടുണ്ടോ? അതോ ബോധമറ്റു കിടക്കുകയാണോ?
ആശങ്കാകുലമായ നിമിഷങ്ങൾ...
അപ്പോൾ ദുഃഖാകുലനായി ഒരാൾ ഓടിക്കിതച്ചു വരുന്നു - അബൂബക്കർ സിദ്ദീഖ് (റ)...