Wednesday - 22 April, 2026 4-Dhu al-Qadah-1447

നേതൃത്വത്തെ അനുസരിക്കുക

   ഹജ്ജത്തുൽ വദാഅ് കഴിഞ്ഞു. ഇനി സ്വദേശങ്ങളിലേക്കു മടക്കം.

ഇത്രയും നാൾ എല്ലാവരും ഒന്നിച്ചായിരുന്നു. ഒന്നിച്ചു യാത്ര, ഒന്നിച്ചിരുന്നു ഭക്ഷണം, ഒന്നിച്ചുറക്കം.


 പ്രവാചക സാമീപ്യം അവരെ ധന്യരാക്കി. അനുചരന്മാർ പ്രവാചകനോടു (ﷺ) യാത്ര പറയുകയാണ്. വേർപാടിന്റെ ദുഃഖം. 


 പ്രവാചകൻ ﷺ കാരുണ്യത്തോടെ അവരെ നോക്കി. എന്റെ ഉമ്മത്ത് അവരെ ഒരുമിച്ചുകൂട്ടി. ഹജ്ജിന്റെ അമലുകൾ പഠിപ്പിച്ചു കൊടുത്തു. ഇനിയവർ പിരിഞ്ഞുപോകട്ടെ. വരുംതലമുറകൾക്ക് അവർ

ദീൻ പടിപ്പിച്ചുകൊടുക്കട്ടെ.


 നബിﷺതങ്ങൾ മദീനയിലേക്കു പുറപ്പെടാൻ തയ്യാറെടുത്തു. കണ്ണുകൾ നനഞ്ഞു. ഖൽബുകൾ തേങ്ങി. യമൻകാർ യമനിലേക്കു മടങ്ങാനൊരുങ്ങുന്നു. ഹളർ മൗത്തുകാർ അവിടേക്കു പോകാനൊരുങ്ങുന്നു. നജ്ദുകാർ നജ്ദിലേക്കും തിഹാമക്കാർ തിഹാമയിലേക്കും പോകാൻ തയ്യാറെടുത്തു...


 അസ്സലാമു അലയ്ക്ക... യാ റസൂലല്ലാഹ്...


വിവിധ ദേശക്കാർ സലാം പറയുന്നു. സ്വരത്തിനു തേങ്ങലിന്റെ ഈണം. നബി ﷺ പ്രത്യഭിവാദ്യം ചെയ്യുന്നു...


 ഇതവസാനത്തെ കാഴ്ചയാണെന്ന് അവരോർത്തുകാണുമോ..? ഇനിയൊരു ഹജ്ജിന് ഇവിടെ വരാൻ നബി ﷺ തങ്ങൾക്കാവില്ലെന്ന് അവരോർത്തു കാണുമോ എന്തോ..?!


 സംഘങ്ങൾ മടങ്ങുന്നു. അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക്. ഹജ്ജ് ചെയ്തു. എന്തൊരനുഭൂതി. അറഫയിലെ പ്രസംഗം. അതു ചെവിയിൽ മുഴങ്ങുന്നു. എന്തെല്ലാം കാര്യങ്ങൾ പറഞ്ഞു. മനുഷ്യരുടെ ഇഹ-പര വിജയത്തിനാവശ്യമായ എന്തെല്ലാം കാര്യങ്ങൾ കേട്ടു. ചില വചനങ്ങൾ മനസ്സിനെ ഇളക്കിമറിച്ചു. അവർ അക്കാര്യം ഓർത്തു വികാരഭരിതരായിമാറുന്നു.


 അഹ്ലുബയ്തിനെപ്പറ്റി പറഞ്ഞ കാര്യങ്ങൾ. അതു മനസ്സിൽ തറച്ചുപോയി. “നിങ്ങളുടെ പക്കൽ രണ്ടു മഹത്തായ കാര്യങ്ങൾ ഏൽപ്പിച്ചിട്ടാണു ഞാൻ പോകുന്നത്. ഒന്ന്: അല്ലാഹുﷻവിന്റെ വേദം. അതിൽ സന്മാർഗവും പ്രകാശവുമുണ്ട്. അല്ലാഹുﷻവിന്റെ കിതാബിനെ നിങ്ങൾ മുറുകെ പിടിച്ചുകൊള്ളുക.


രണ്ടാമത്തേത്, എന്റെ അഹ്ലുബയ്താണ് എന്റെ കുടുംബം. നിങ്ങളുടെ നാഥന്റെ പേരിൽ ഞാൻ ഓർമ്മപ്പെടുത്തുന്നു. “എന്നെ ആരു സ്നേഹിക്കുന്നുവോ അവൻ അലിയെയും സ്നേഹിക്കട്ടെ. -

അല്ലാഹുവേ, അലിയെ ആര് സ്നേഹിക്കുന്നുവോ അവനെ നീയും സ്നേഹിക്കേണമേ.” സ്വഹാബികൾ വികാരഭരിതരായി ആ വാക്കുകൾ ഓർക്കുന്നു...


 അഹ്ലുബയ്ത്. അലി(റ)വിലൂടെയും ഫാത്വിമ(റ)യിലൂടെയും അഹ്ലുബയ്തു നിലനിൽക്കുന്നു. അഹ്ലുബയ്ത് പിൽക്കാലത്തു ലോകം മുഴുവൻ വ്യാപിച്ചു. സമുദായത്തിന്റെ അഭയകേന്ദ്രമാണ് അഹ്ലുബയ്ത്.

പ്രവാചകന്റെ (ﷺ) കുടുംബം...


 അവരെ ആദരിക്കണം. അവരെ ആദരിക്കുന്നതിലൂടെ പ്രവാചകനെയാണു (ﷺ) നാം ആദരിക്കുന്നത്.


 നബിﷺതങ്ങൾ മരണത്തെക്കുറിച്ചു പറഞ്ഞ വാക്കുകൾ അവർ വേദനയോടെ ഓർമിച്ചു.


 “ജനങ്ങളേ, ഞാനും മനുഷ്യനാണ്. അല്ലാഹുﷻവിന്റെ മരണ ദൂതൻ അതിവേഗം വന്നേക്കാം. ഞാൻ ആ ദൂതനെ സ്വീകരിക്കേണ്ടതുണ്ട്. ”


 ആ വാക്കുകൾ ഓർക്കുമ്പോൾ അവർ മൂകരായിപ്പോകുന്നു. മനസ്സിൽ തട്ടിയ മറ്റൊരു കാര്യം ഓർമ്മയിൽ വരുന്നു. നേതൃത്വത്തെ അനുസരിക്കാനുള്ള കല്പന.


 “മൂക്ക് കീറിയ ഒരു കറുത്ത അബ്സീനിയൻ അടിമ നിങ്ങളുടെ നേതാവായിരുന്നാൽ, അല്ലാഹുﷻവിന്റെ കൽപനകൾക്കനുസരിച്ച് അവൻ നിങ്ങളുടെ മേൽ ഭരണം നടത്തിയാൽ, അവനു കീഴ് വഴങ്ങി നിങ്ങൾ ജീവിക്കണം.”


 നേതാവിന്റെ കുലമഹിമ നോക്കണ്ട. തറവാടു നോക്കണ്ട. നേതാവ് അല്ലാഹുﷻവിനെ അനുസരിക്കുന്ന കാലത്തോളം അദ്ദേഹത്തെ അനുസരിക്കാൻ സത്യവിശ്വാസികൾ ബാധ്യസ്ഥരാണ്. എന്തൊരു ദൂരക്കാഴ്ചയുള്ള പ്രഖ്യാപനം.

അന്ത്യനാൾവരെ അതു പ്രസക്തമാണ്...


 “കുറ്റം ചെയ്തവൻ ആ കുറ്റത്തിന് ഉത്തരവാദിയാണ്. പിതാവു ചെയ്ത കുറ്റത്തിനു മകൻ ഉത്തരവാദിയല്ല. മകൻ ചെയ്ത കുറ്റത്തിനു പിതാവ് ഉത്തരവാദിയാവുകയില്ല.” അങ്ങനെ എത്രയെത്ര ഉപദേശങ്ങൾ...


 മറക്കില്ല, മരണം വരെ മറക്കില്ല. മനസ് അത്രയ്ക്ക് ഇളകിമറിഞ്ഞുപോയിട്ടുണ്ട്. ആ പ്രസംഗത്തിലെ സന്ദേശങ്ങൾ അറഫയിലെത്താത്തവർക്ക് എത്തിച്ചുകൊടുക്കണം. എത്രയും വേഗം... യാത്രയ്ക്ക് വേഗം കൂടി...