Wednesday - 22 April, 2026 4-Dhu al-Qadah-1447

അറുപത്തിമൂന്ന് ഒട്ടകങ്ങൾ

 പുണ്യം നിറഞ്ഞ അറഫയോടു വിട.

രാത്രി മുസ്ദലിഫയിൽ കഴിച്ചുകൂട്ടി. അല്ലാഹുﷻവിന്റെ അപാരമായ അനുഗ്രഹങ്ങൾ ഇറങ്ങുന്ന ഭൂമി.


 ഒരു രാത്രി കടന്നുപോയി. രാവിലെ യാത്ര. മശ്ഹറുൽ ഹറാമിൽ എത്തിച്ചേർന്നു. അവിടെനിന്നു മിനായിലേക്കു നീങ്ങി.


കല്ലേറ്.

സഹസാബ്ദങ്ങൾക്കു മുമ്പ് ഇബ്റാഹീം നബി (അ) കൊച്ചുകുട്ടി ഇസ്മാഈൽ നബി(അ)നെയും കൊണ്ടുവന്ന സ്ഥലം. പിശാച് കുതന്ത്രവുമായി വന്നു. എറിഞ്ഞോടിച്ചു. 

നബിﷺതങ്ങൾ കല്ലേറു നടത്തി.

സ്വഹാബികളും കല്ലെറിഞ്ഞു.


 ഇനി ബലി നടത്തണം. അറുപത്തിമൂന്നു വർഷങ്ങൾ..!

നബിﷺതങ്ങളുടെ ജീവിതം. അറുപത്തിമൂന്നിലെത്തിനിൽക്കുന്ന നബിﷺതങ്ങൾ. അറുപത്തിമൂന്ന് ഒട്ടകങ്ങളെ നിരത്തിനിറുത്തി. അറുപത്തിമൂന്നു വർഷങ്ങൾക്ക് അറുപത്തിമൂന്ന് ഒട്ടകങ്ങൾ. ഓരോ വർഷത്തിനും ഓരോ ഒട്ടകം.

അവയെല്ലാം ബലിയർപ്പിക്കപ്പെടാൻ പോകുന്നു. സ്വഹാബികൾ അതിനു സാക്ഷി...


 പ്രവാചകനെ (ﷺ) കണ്ട കണ്ണുകൾ. അവ ഒട്ടകങ്ങളിൽ പതിഞ്ഞു. ഓരോ ഒട്ടകങ്ങളായി ബലിയർപ്പിക്കപ്പെട്ടു.


 സ്വഹാബികളും പ്രവാചകനെ (ﷺ) അനുകരിച്ചു പ്രവർത്തിക്കുന്നു. നബി ﷺ തങ്ങൾ തലമുടി നീക്കി.


 സ്വഹാബികൾ ബലിയർപ്പിക്കപ്പെട്ട ഒട്ടകങ്ങളുടെ മാംസം വേവിച്ചു. അവരോടൊപ്പം പ്രവാചകനും (ﷺ) ആഹാരം കഴിച്ചു. ഹജ്ജിന്റെ കർമ്മങ്ങൾ സ്വഹാബത്തിനെ പഠിപ്പിച്ചു കഴിഞ്ഞു.


 ത്വവാഫുൽ ഇഫാള, ജംറകളെ എറിയൽ, മിനായിലെ താമസം, വിടവാങ്ങൽ ത്വവാഫ്... 

 എല്ലാം അനുയായികൾ പഠിച്ചു. ഹാജരുള്ളവർ ഹാജരില്ലാത്തവരെ പഠിപ്പിച്ചു. ആ തലമുറ പിൻതലമുറയെ പഠിപ്പിച്ചു. ഇന്നും വള്ളിപുള്ളി തെറ്റാതെ നടന്നുവരുന്നു.