Wednesday - 22 April, 2026 4-Dhu al-Qadah-1447

ഒരു യുവനേതാവ്

   ഹജ്ജ് കർമ്മം നിർവഹിച്ചു മദീനയിൽ തിരിച്ചെത്തി. അവിടെ ഭരണകാര്യങ്ങൾ മുറപോലെ നടക്കുന്നു.


 അറേബ്യയുടെ ദക്ഷിണ ഭാഗത്തെക്കുറിച്ചു പ്രവാചകന് (ﷺ) ആശങ്കയൊന്നുമില്ല. ഉത്തര ഭാഗത്തെക്കുറിച്ചു സന്ദേഹം ബാക്കിനിൽക്കുന്നു. റോമാ സാമ്രാജ്യം വളരെ ശക്തമാണ്. അവരുടെ ഭാഗത്തുനിന്ന് ഇനിയും ഒരാക്രമണം ഉണ്ടായിക്കൂടെന്നില്ല.


 ഉത്തരഭാഗത്തുള്ള അതിർത്തി പ്രദേശങ്ങളിലെ കുഴപ്പങ്ങൾ അവസാനിപ്പിക്കാനാണു മുഅ്ത്ത യുദ്ധം നടന്നത്. പക്ഷേ, പ്രശ്നങ്ങൾ അവസാനിച്ചില്ല. അത് രൂക്ഷമാകുകയാണുണ്ടായത്.


 നബിﷺതങ്ങൾ നേരിട്ടു സൈന്യത്തെ നയിച്ചു. തബൂക്കിലേക്ക്. റോമാ സൈന്യം യുദ്ധരംഗത്തു വരാതെ അവർ തന്ത്രപൂർവം പിൻവാങ്ങിക്കളഞ്ഞു.


 നബിﷺതങ്ങൾ അതിർത്തി പ്രദേശത്തെ പല ഗോത്രങ്ങളുമായി സന്ധിയുണ്ടാക്കി. അവിടെ ശാന്തത കൈവന്നു. എന്നാലും അവിടെ പ്രശ്നങ്ങൾ അനിയന്ത്രിതമായിക്കൂടെന്നില്ല.


 സൈന്യത്തെ അയച്ചു സ്ഥിതിഗതികൾ നേരെയാക്കണം. ഒരു സൈന്യത്തെ സജ്ജമാക്കി. ആദ്യകാല സ്വഹാബികൾ പലരും സൈന്യത്തിലുണ്ട്. സൈന്യത്തിന്റെ നേതൃത്വം ഏൽപിച്ചതു സയദ് ബ്നു ഹാരിസയുടെ പുത്രൻ ഉസാമ(റ)വിനെയായിരുന്നു.


 ആരാണ് ഉസാമ(റ)..? കുട്ടികൾ അദ്ദേഹത്തിന്റെ പിതാവിനെ നേരത്തെ പരിചയപ്പെട്ടിട്ടുണ്ട്. റസൂലിന്റെ (ﷺ) വളർത്തുപുത്രൻ സയ്ദ് ബ്നു ഹാരിസ്(റ). - ഹാരിസിന്റെ മകൻ സയ്ദ്.


 സയ്ദ് വളർന്നു വലുതായി. ഇസ്ലാം ദീനിനു മഹത്തായ സേവനങ്ങൾ നൽകി. യുദ്ധങ്ങളിൽ പങ്കെടുത്തു. പ്രവാചകനോടൊപ്പം (ﷺ) ഉറച്ചു നിന്നു.


 സയ്ദ് ബ്നു ഹാരിസ് (റ) മുഅ്ത യുദ്ധത്തിന്റെ നായകനായിരുന്നു. ശത്രുക്കളുടെ അമ്പുകൾ ശരീരത്തിൽ ഇടതടവില്ലാതെ വന്നു തറച്ചുകൊണ്ടിരുന്നു. രക്തം വാർന്നൊഴുകി. ശക്തിക്ഷയിച്ചു. യുദ്ധക്കളത്തിൽ വീണു. വീരരക്തസാക്ഷിയായി...


 ആ സയ്ദ്(റ)വിന്റെ ഓമന മകനാണ് ഉസാമ(റ). ഇരുപതു വയസ്സുപോലും തികയാത്ത ചെറുപ്പക്കാരൻ. ആ ചെറുപ്പക്കാരനെയാണ് വിദൂര ദിക്കിൽ നടക്കുന്ന യുദ്ധത്തിന്റെ നായകനാക്കിയത്. ഇതു പലർക്കും അതിശയമായി... 


 പ്രഗത്ഭരായ എത്ര സ്വഹാബികളുണ്ട്. അവരിൽ ആരെയെങ്കിലും നേതാവാക്കിക്കൂടേ..?! അടക്കിപ്പിടിച്ച് സംസാരം. അതങ്ങനെ പ്രചരിച്ചുകൊണ്ടിരുന്നു...


 അബൂമുവയ്ഹിബ്(റ). പ്രസിദ്ധനായ സ്വഹാബിവര്യൻ. നബി ﷺ തങ്ങളുമായി അടുത്തു ബന്ധപ്പെടുന്ന പരിചാരകൻ. അദ്ദേഹം ഒരു സംഭവം വിവരിക്കുന്നു. നമുക്കു ശ്രദ്ധിക്കാം:


 തണുപ്പുള്ള രാത്രി. തണുത്ത കാറ്റടിക്കുന്നു. നബിﷺതങ്ങൾ വിരിപ്പിൽ നിന്നെഴുന്നേറ്റു. “അബൂമുവയ്ഹിബ്” - നബി ﷺ വിളിച്ചു. ഇരുവരും കൂടി വീട്ടിൽ നിന്നിറങ്ങി. അബൂമുവയ്ഹിബ് (റ)

നബി ﷺ തങ്ങളോടൊപ്പം നടന്നു.


 മുസ്ലിംകളുടെ ഖബറുകൾ നിറഞ്ഞ ബഖീഇലേക്കാണു യാത്ര. ദീനുൽ ഇസ്ലാമിനുവേണ്ടി കടുത്ത ത്യാഗങ്ങൾ സഹിച്ച നിരവധിപേർ അവിടെ അന്ത്യവിശ്രമം കൊള്ളുന്നു. മഹാന്മാരായ സ്വഹാബാക്കളുടെ ഖബറുകൾ.


 നബിﷺതങ്ങൾ അവിടെയെത്തി. അവിടെ അന്ത്യവിശ്രമം കൊള്ളുന്നവർക്കു സലാം ചൊല്ലി. ഖബറുകൾക്കിടയിലൂടെ നടന്നു.

ഖബറാളികൾക്കു മധ്യേ നിന്നു. എന്നിട്ടവരോടു സംസാരിച്ചു. അവർക്കു ദുആ ചെയ്തു.


 “ഖബറുകളിൽ അന്ത്യവിശ്രമം കൊള്ളുന്നവരേ, നിങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ.., നിങ്ങളുടെ അവസ്ഥ മറ്റുള്ളവരെ അപേക്ഷിച്ച് എത്രയോ അനുഗൃഹീതം. കുഴപ്പങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി വരാൻ പോകുന്നു. പിന്നാലെ വരുന്നത് ആദ്യം വരുന്നതിനെക്കാൾ മാരകമായിരിക്കും...”


 നബിﷺതങ്ങൾ അബൂമുവയ്ഹിബിന്റെ നേരെ തിരിഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു: “അബൂമുവയ്ഹിബ്.., ഭൗതികമായ ഖജനാവുകളുടെ താക്കോലുകൾ എനിക്കു മുമ്പിൽ വയ്ക്കപ്പെട്ടു. എല്ലാ സുഖ സൗകര്യങ്ങളും ആഡംബരങ്ങളും നിറഞ്ഞ ഐഹിക ലോകം. പാരത്രിക ലോകമോ ഐഹിക ലോകമോ ഏതു വേണമെന്നു ചോദിക്കപ്പെട്ടു. ഞാൻ പാരത്രിക ലോകം തിരഞ്ഞെടുത്തു. എന്റെ നാഥനുമായുള്ള കൂടിക്കാഴ്ച. അതു ഞാൻ തിരഞ്ഞെടുത്തു.”


 നബി ﷺ ബഖീഇൽ നിന്നു മടങ്ങി.

അബൂമുവഹിബ് (റ) ഈ സംഭവം ചിലരോടു പറഞ്ഞു...